ബാഡ്മിന്റണ്‍ പരിശീലകന് ബാലഗോപാലന് തമ്പിക്ക് അന്ത്യാഞ്ജലി
1484180
Tuesday, December 3, 2024 10:31 PM IST
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച കേരളത്തിലെ ആദ്യകാല ഷട്ടില്‍ ബാഡ്മിന്റണ്‍ പരിശീലകനായ ബാലഗോപാലന് തമ്പി (90) ക്ക് തലസ്ഥാനം അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഇന്നലെ രാവിലെ ബാലഗോപാലന് തമ്പിയുടെ മൃതദേഹം സഹോദരിയുടെ വീടായ ഊളമ്പാറ റോസ് മൗണ്ടില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു. കായിക മേഖലയില്‍ നിന്നുള്ള താരങ്ങളും പരിശീലകരും ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ഇവിടെയെത്തി അദ്ദേഹത്തിന് അന്തായഞ്ജലി അര്‍പ്പിച്ചു.
അരുമന അമ്മവീട് അംഗമായ ബാലഗോപാലന് തമ്പിയുടെ ശിക്ഷണത്തില്‍ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികവു തെളിയിച്ച ഒട്ടേറെ താരങ്ങളുണ്ട്. ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ വിമല്‍ കുമാര്‍, അര്‍ജുന അവാര്‍ഡ് ജേതാവ് ജോര്‍ജ് തോമസ് എന്നിവര്‍ ആ പട്ടികയിലെ പ്രമുഖരാണ്.
കേരളാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ദീര്‍ഘകാലം പരിശീലകനായിരുന്ന അദ്ദേഹം അവിടെ നിന്നു വിരമിച്ച ശേഷം റീജ്യണല്‍ സ്പോര്‍ട്സ് സെന്ററിന്റെ ഭാഗമായി. പൊതുദര്‍ശനത്തിനു ശേഷം രാവിലെ 11.45 ഓടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്കാരം നടത്തി. സഹോദരീ പുത്രന് വേണുഗോപാല്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു.