വെങ്ങാനൂർ പഞ്ചായത്തിൽ ഭിന്നശേഷി സൗഹൃദഗ്രാമം പരിപാടിക്ക് തുടക്കം
1484045
Tuesday, December 3, 2024 6:15 AM IST
വിഴിഞ്ഞം: കേരളത്തിൽ ആദ്യമായി ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ബഡ്സ് സ്കൂൾ ആരംഭിച്ച് മാതൃകയായ വെങ്ങാനൂർ പഞ്ചായത്തിൽ ഭിന്നശേഷി സൗഹൃദഗ്രാമം പരിപാടിക്ക് തുടക്കം.
പഞ്ചായത്ത് പരിധിയിലെ താമസക്കാരായ അറുന്നോളം ഭിന്നശേഷിക്കാരായ ആളുകളെ ഉൾപ്പെടുത്തി പത്തു മുതൽ ഇരുപത് വരെയുള്ള പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിച്ചു സംഘടനാസംവിധാനത്തിന് കീഴിലായി പ്രവർത്തനം ആരംഭിക്കുകയാണ് നിലവിലെ ലക്ഷ്യം.
ഇത്തരത്തിലുള്ള 25 അയൽക്കൂട്ടങ്ങളാണ് രൂപീകരിച്ചിട്ടുള്ളത്. ഇതോടൊപ്പം വീടുകളും സ്ഥാപനങ്ങളും പൊതുഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കും. ഇവരുടെ കലാകായിക സർഗവാസനങ്ങളെ കണ്ടെത്തി പരിപോഷിപ്പിക്കും.
പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനവും തൊഴിൽ ശാലയും വിപണന സംവിധാനവും ആരംഭിക്കും. 2025- 26 ലെ ബഡ്ജറ്റ് ഭിന്നശേഷി സൗഹൃദ ബഡ്ജറ്റ് ആയിരിക്കും. ഇന്നലെ നടന്ന "വിസ്മയം" ഭിന്നശേഷി സൗഹൃദ പരിപാടിയുടെ ഉദ് ഘാടനം ജില്ലാ പ്രിൻസിപ്പൽ സെക്ഷൻ മുൻ ജഡ്ജും ഭിന്നശേഷി മുൻ കമ്മീഷണറുമായ ജസ്റ്റീസ് എസ്.എച്ച്. പഞ്ചാപകേശ ൻ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഭിന്നശേഷി ദിന സന്ദേശവും കലാകായിക മത്സരങ്ങളുടെ ഉദ്ഘാടനവും ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയാഡാളി നിർവഹിച്ചു. മതമൈത്രീ സംഗീതജ്ഞനും സംഗീത സംവിധായകനുമായ ഡോ. വാഴമുട്ടം ചന്ദ്രബാബു, പാഡ്സ് ജയകുമാർ, അതിയന്നൂർ സിഡിപിഒ ശിവപ്രിയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി, ജില്ലാ പഞ്ചായത്തം ഭഗത് റൂഫസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയ നളിനാക്ഷൻ, കെ.എസ്. രാജൻ, ജയകുമാരി, പഞ്ചായത്ത് അംഗങ്ങളായ ചിത്ര ലേഖ, രമപ്രിയ, അഷ്ടപാലൻ, ഗീതാ മുരുകൻ, അജിതാ ശശിധരൻ, സുഗന്ധി മോഹൻ, പ്രമീള, മിനി വേണുഗോപാൽ, മനോജ്, സുനിതാ ബിനു, രാധാകൃഷ്ണൻ, കുടുംബശ്രീ ചെയർപേഴ്സൺ അനിത, ഐസിഡിഎസ് സൂപ്പർവൈസർ കവിത, ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ധന്യ തുടങ്ങിയവർ സംസാരിച്ചു.
വൈകുന്നേരം നാലുമണിക്ക് സമ്മാനദാനത്തോടുകൂടി പരിപാടികൾ സമാപിച്ചു. വെങ്ങാനൂരിൽ ബഡ്സ് സ്കൂൾ ആരംഭിച്ച ആഗസ്റ്റ് 16 സംസ്ഥാന ബഡ്സ് ദിനമായി പ്രഖ്യാപിച്ചും സർക്കാർ ആദരിച്ചു.