വെള്ളായണി കായൽ പുനരുദ്ധാരണം: ആദ്യഘട്ടപ്രവൃത്തികൾക്ക് 64 കോടിയുടെ അനുമതി
1484043
Tuesday, December 3, 2024 6:15 AM IST
തിരുവനന്തപുരം: വെള്ളായണി കായൽ സംരക്ഷണത്തിന്റെ ഭാഗമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ആദ്യഘട്ടമായി 64 കോടി രൂപയുടെ സാങ്കേതികാനുമതി.
വെള്ളായണിക്കായലിന്റെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച് "ഇനി ഞാനൊഴുകട്ടെ' മൂന്നാംഘട്ട ക്യാന്പയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് തുടക്കമാകുമെന്നു മന്ത്രി എം.ബി. രാജേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ആദ്യഘട്ട പ്രവർത്തനത്തിനായി 64 കോടി രൂപയ്ക്ക് സാങ്കേതികാനുമതി നൽകി. ഹരിതകേരളം മിഷന്റെ ഭാഗമായി ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ഇപ്പോൾ പദ്ധതി ആരംഭിക്കുകയാണ്.
കായൽ തുടങ്ങുന്നതുമുതൽ കാക്കാമൂല വരെയുള്ള ഭാഗത്താണ് പുനരുദ്ധാരണപ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിൽ 1,52, 000 ക്യുബിക് മീറ്റർ ചെളി നീക്കം ചെയ്യും. കരിങ്കൽ സംരക്ഷണ ഭിത്തിയുടെ നിർമാണവും നടത്തും. കായലിലേക്കു വന്നുചേരുന്ന പള്ളിച്ചൽ തോട്, പറക്കോട് തോട്, ശാസ്താംകോവിൽ തോട് എന്നിവയുടെ സംരക്ഷണഭിത്തിയുടെ നിർമാണവും ഏറ്റെടുക്കും. പ്രാരംഭ പ്രവർത്തനമായ "ഹൈഡ്രോഗ്രാഫിക് സർവേ' സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം പൂർത്തീകരിച്ച് റിപ്പോർട്ട് തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നീർച്ചാലുകൾക്കു വേനൽക്കാല ജലലഭ്യത ഉറപ്പാക്കുന്നതിനായി ജലം ഒഴുകി വരുന്ന മുഴുവൻ കൈവഴികളും മാലിന്യ മുക്തമാക്കി വാഹകശേഷി കൂട്ടി പുനരുജ്ജീവിപ്പിക്കും.
അതോടൊപ്പം പ്രധാന നീർച്ചാലിന്റേയും സ്വാഭാവികമായുള്ള ആഴവും വീതിയുമൊക്കെ വീണ്ടെടുക്കുകയും സാധ്യമായ ഇടങ്ങളിൽ ജലസംഭരണത്തിന് സഹായകരമായ നിർമിതികൾ ഉറപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.