നെയ്യാർ ഡാമിനടുത്ത് വൈദ്യുതി കാർ മറിഞ്ഞു
1484041
Tuesday, December 3, 2024 6:15 AM IST
കാട്ടാക്കട : അലക്ഷ്യമായി ഓടിച്ച വൈദ്യുത കാർ നെയ്യാർ ഡാം ചീങ്കണ്ണി പാർക്കിനു സമീപം കുഴിയിലേക്കു മറിഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം.
സ്ഥലത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. വാഹനത്തിന്റെ വരവു കണ്ട് ഓടി മാറിയതിനാൽ അപകടത്തിൽപെടാതെ രക്ഷപെടുകയായിരുന്നു.ഇവർ ഓടി മാറിയ അതേ സമയം തന്നെ കാർ കുഴിയിലേക്കു പതിക്കുകയും മരത്തിൽ ഇടിച്ചു നിൽക്കുകയും ചെയ്തു. ഇതു സംഭവിച്ചില്ലായിരുന്നുവെങ്കിൽ കാർ നെയ്യാറിലേക്ക് പതിക്കുകയായിരുന്നു. തൊഴിലാളികൾ വിളിച്ചറിയിച്ചതനുസരിച്ചാണ് നാട്ടുകാരെത്തി അപകടത്തിൽപ്പെട്ട ആളെ കാറിൽ നിന്നും പുറത്തെടു ത്തത്. കള്ളിക്കാട് സ്വദേശിയായ കാർ ഓടിച്ചിരുന്നയാൾ കോട്ടൂരിൽ നിന്നും കള്ളിക്കാട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു. പോലീസും ഇത് സ്ഥരീകരിച്ചു.
അപകടത്തിൽപ്പെട്ട ആൾക്കു പരിക്കുകൾ ഇല്ല. നെയ്യാർ ഡാം അഗ്നിരക്ഷ സേന എത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. കുറ്റിച്ചലിൽ നിന്നും ക്രെയിൻ എത്തിച്ച് കാറിനെ കുഴിയിൽനിന്നും റോഡിലേക്ക് കരകയറ്റി.
വൈദ്യുത വാഹനം ആയതിനാൽ അര മണിക്കൂറിലേറെ സമയം എടുത്താണ് വാഹനം ഓഫ് ചെയ്യാനായത്. നെയ്യാർ ഡാം അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശശികുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീജിത്ത്, രാജീവ്, വിഷ്ണു, ഡ്രൈവർമാരായ അഗസ്റ്റിൻ, വിനീത്, ഹോം ഗാർഡുമാരായ സെൽവദാസ്, പ്രദീപ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. കഴിഞ്ഞ രണ്ടു ദിവസം മുന്പാണു തടി കയറ്റിയ ലോറി ഈ ഭാഗത്ത് വച്ച് കുഴിയിലേക്കു മറിഞ്ഞത്.