ഈഴക്കുളം നവീകരണത്തിന് തുടക്കമായി
1484034
Tuesday, December 3, 2024 6:05 AM IST
നെയ്യാറ്റിന്‍കര: നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി 65 ലക്ഷം രൂപ അനുവദിച്ച ഈഴക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
നെയ്യാറ്റിന്‍കര നഗരത്തിലെ മാലിന്യക്കുളമായി സ്ഥിതി ചെയ്യുന്ന ആലുംമൂട് ഈഴക്കുളത്തിന്റെ ദുരവസ്ഥയ്ക്ക് ഈ പദ്ധതിയോടെ പരിഹാരമാകുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ മഞ്ചന്തല സുരേഷ് പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ നഗര സഞ്ചയപദ്ധതിയിൽ ഉൾപ്പെടുത്തിയ നവീകരണ പദ്ധതി നഗരസഭ വഴിയാണ് യാഥാര്‍ഥ്യമാക്കുക. നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ മാലിന്യങ്ങൾ വന്നടിഞ്ഞ് പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധി പടരുമോയെന്ന ഭീഷണിയിലാണ് നാട്ടുകാർ. ഒരു കാലത്ത് നൂറു കണക്കിന് പേര് ഉപയോഗിച്ചിരുന്ന കുളത്തിന്റെ മാലിന്യപൂരിതമായ അവസ്ഥയ്ക്ക് ശാശ്വത പരിഹാരം എന്നത് നിരവധി വര്‍ഷങ്ങളായി നാട്ടുകാരുടെ ആവശ്യമായിരുന്നു.
കുളത്തിന്റെ വൃത്തിഹീനമായ സാഹചര്യത്തെക്കുറിച്ച് ദീപിക റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈഴക്കുളത്തിന്റെ കരയിൽ കൗൺസിലർ മഞ്ചത്തല സുരേഷിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയർമാൻ പി.കെ രാജമോഹനന് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്, മുനിസിപ്പൽ എൻജിനിയർ ദിവ്യാനായർ, പ്രീതി, എസ്.കെ ജയകുമാർ, മണലൂർ ശിവപ്രസാദ്, സംഗീത സുനിൽ, ഉഷാകുമാരി, രാമമൂർത്തിപോറ്റി രാമചന്ദ്രൻനായർ എന്നിവര്‍ സംബന്ധിച്ചു.