വീസ വാഗ്ദാനം നൽകി പണംതട്ടിയയാൾ പിടിയിൽ
1483937
Tuesday, December 3, 2024 3:05 AM IST
ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വദേശിനിയും കോടതി ജീവനക്കാരിയുമായ യുവതിയിൽ നിന്നും യുകെ-യിലേക്ക് ജോലി വാഗ്ദാനം നൽകി 14 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു.
കണ്ണൂർ സ്വദേശിയായ അഭിലാഷ് ഫിലിപ്പ്(38) എന്നയാളാണ് ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായത്. സ്വന്തമായി ഒരു കമ്പനി ആരംഭിച്ചായിരുന്നു പ്രതി പണം തട്ടിയത്. യുകെയിലും വിദേശ രാജ്യങ്ങളിലും ആകർഷകമായ ശമ്പളം ലഭിക്കുമെന്നും, ജോലി തരപ്പെടുത്തി വീസ നൽകാമെന്നും പ്രതി പരാതിക്കാരിയെ വിശ്വസിപ്പിച്ചിരുന്നു. ഇത് വിശ്വസിച്ചായിരുന്നു യുവതി പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു.
ടെലിഗ്രാം, ഇൻസ്റ്റാഗ്രാം, ഫെയ്സ് ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ വളരെ ആകർഷകമായ രീതിയിൽ കമ്പനിയുടെ പ്രൊഫൈൽ നിർമിച്ചായിരുന്നു തട്ടിപ്പ് നടത്തിവന്നിരുന്നത്. ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ച് വ്യാജ സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പ് തരപ്പെടുത്തി പണം കൈപ്പറ്റിയ ശേഷം ഓസ്ട്രേലിയയിലുള്ള കമ്പനിയിലേക്ക് മറ്റൊരു പാർട്ണറുടെ അക്കൌണ്ടിലേക്ക് പണം മാറ്റുകയും ചെയ്തു. നിരവധി ആളുകളിൽ നിന്നും ഏകദേശം 10 കോടിയോളം രൂപ ഇപ്രകാരം തട്ടിയെടുത്തതായി അന്വേഷണത്തിൽ വിവരം ലഭിച്ചതായും പോലീസ് പറയുന്നു.
ആറ്റിങ്ങൽ, കല്ലമ്പലം, വിയ്യൂർ, എറണാകുളം ടൌൺ സൌത്ത്, പുത്തൻവേലിക്കര തുടങ്ങിയ പല പോലീസ് സ്റ്റേഷനുകളിലായി പ്രതിയുടെ പേരിൽ പത്തോളം കേസുകൾ ഉണ്ട്.