കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിട്ടും കോവളത്ത് സഞ്ചാരികളുടെ തിരക്ക്
1483885
Monday, December 2, 2024 7:15 AM IST
വിഴിഞ്ഞം : കാലാവസ്ഥ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും കോവളം ബീച്ചിൽ കഴിഞ്ഞദിവസങ്ങളിൽ സഞ്ചാരികളുടെ തിരക്ക്. കാറ്റും കടൽക്ഷോഭവും വർധിച്ചതോടെ ആരെയും കടലിൽ ഇറക്കിയില്ല.
ലൈഫ് ഗാർഡുമാരുടെ കരുണയിൽകടൽ വെള്ളത്തിൽ കാൽ നനച്ച് സഞ്ചാരികൾക്ക് തൃപ്തരായി മടങ്ങേണ്ടി വന്നു . കഴിഞ്ഞ ദിവസം തമിഴ്നാട്ടിലും പുതുച്ചേരിയിലും വീശിയടിച്ച ചുഴലിക്കാറ്റിന്റെ പ്രതിഫലനം കേരളത്തിൽ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ ഭാഗമായി കോവളം ബീച്ചിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ഞായറാഴ്ചത്തെ അവധി ദിവസം കണക്കിലെടുത്ത് നൂറ് കണക്കിന് സഞ്ചാരികൾ ബീച്ചിൽ എത്തി. സഞ്ചാരികൾ കടലിൽ ഇറങ്ങാതിരിക്കാൻ പ്രധാന ബീച്ചുകളിൽ ചുവന്ന കൊടിനാട്ടി മുന്നറിയിപ്പ് നൽകി.
രാവിലെ പത്ത് മുതൽ തുടങ്ങിയ കടൽക്ഷോഭവും കാറ്റും ഉച്ചയോടെ ശക്തമായി. അതോടെ നിയന്ത്രണങ്ങളും കൂടുതൽ കടിപ്പിച്ചു. ഉല്ലാസ ബോട്ട് സർവീസും വിനോദങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ സഞ്ചരികൾ കരയിൽ നിന്ന് തീരം കണ്ടു മടങ്ങി.