എസ്എടി കാന്റീൻ ഭക്ഷണത്തില്‍ ഇരയെ കണ്ടതായി ആരോപണം; നിഷേധിച്ച് സൂപ്രണ്ട്
1483872
Monday, December 2, 2024 7:02 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്നു വിതരണം ചെയ്ത പൊതിച്ചോറില്‍ ജീവനുള്ള ഇരയെ കണ്ടെത്തിയതായി ആരോപണം. ഇന്നലെ ഉച്ചയ്ക്ക് കാന്റീനില്‍നിന്നു വിതരണം ചെയ്ത ഭക്ഷണത്തിലാണ് ഇരയെ കണ്ടെത്തിയതെന്ന് ആരോപണമുയര്‍ന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച് ആരും സൂപ്രണ്ടിനോ പോലീസിനോ പരാതി നല്‍കിയിട്ടുമില്ല. ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകര്‍ന്ന ഈ വാര്‍ത്ത പിന്നീട് മാധ്യമങ്ങള്‍ ഏറ്റുപിടിച്ചുവെങ്കിലും വാസ് തവമാണെന്നു തെളിയിക്കാന്‍ സാധിച്ചില്ല. ഒരു രോഗിയുടെ കൂട്ടിരിപ്പുകാരന് കാന്റീനില്‍ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ആഹാരത്തില്‍ ഇരയെ കണ്ടെത്തിയതെന്നാണ് പറയുന്നത്.
എന്നാല്‍ ഇയാള്‍ രംഗത്തുവരുകയോ പരാതിപ്പെടുകയോ ചെയ്തിട്ടില്ല. കൂട്ടിരിപ്പുകാരന് ഭക്ഷണം വാങ്ങിപ്പോയശേഷം അരമണിക്കൂര്‍ കഴിഞ്ഞു തിരികെയെത്തിയാണ് ആരോപണം ഉന്നയിച്ചതെന്നാണ് കാന്റീ നില് ഭക്ഷണം കഴിക്കാനെത്തിയവരില്‍ ചിലര്‍ പറയുന്നത്. അതേസമയം കാന്റീനെക്കുറിച്ച് മനപ്പൂര്‍വ്വം ആരോപണം ഉന്നയിക്കുന്നതിന് ആശുപത്രിയെ കരിവാരിത്തേക്കാനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇതുസംബന്ധിച്ച് എസ്എടി ആശുപത്രി സൂപ്രണ്ട് മെഡിക്കല്‍കോളജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഭക്ഷണത്തില്‍ ഇരയെ കണ്ടുവെന്ന ആരോപണം സംബന്ധിച്ച് ആരും പരാതി നല്കിയിട്ടില്ലാത്തതിനാല് സംഭവം വാസ്തവവിരുദ്ധമാണോയെന്നു സംശയിക്കുന്നതായി മെഡിക്കല്‍കോളജ് പോലീസും അറിയിച്ചു.