അണിനിരന്നത് ആയിരങ്ങൾ : മനുഷ്യ സൗഹാര്‍ദം ഉദ്ഘോഷിച്ച് "മാനവസഞ്ചാരം' സമാപിച്ചു
1483870
Monday, December 2, 2024 7:02 AM IST
തിരുവനന്തപുരം: പ്രായോഗികമായ അനേകം ആശയങ്ങള്‍ മലയാളിക്ക് സമ്മാനിച്ച് മാനവ സഞ്ചാരത്തിന് അനന്തപുരിയില്‍ ഉജ്വല സമാപനം. സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നയിച്ച പരിപാടിയായ മാനവ സഞ്ചാരമാണ് ഇന്നലെ തിരുവനന്തപുരത്തു സമാപിച്ചത്. സ്വീകരണ സമ്മേളനത്തിന്റെ ഭാഗമായി മത, സാംസ്കാരിക, രാഷ്ട്രീയ പ്രമുഖര്‍ അണിനിരന്ന സൗഹൃദ നടത്തം നഗരത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു.
പാളയം പള്ളി പരിസരത്തുനിന്ന് ആരംഭിച്ച ആയിരങ്ങള്‍ അണിനിരന്ന നടത്തം തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്ക് മുന്നിലൂടെ സഞ്ചരിച്ച് കനകക്കുന്നില്‍ സമാപിച്ചു. എംപിമാരായ ഡോ. ശശി തരൂര്‍, എ.എ. റഹീം, എംഎല്‍എമാരായ രമേശ് ചെന്നിത്തല, കടകംപള്ളി സുരേന്ദ്രന് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ നടത്തത്തില്‍ കൈകോര്‍ത്തു. പിന്നീട് നിശാഗന്ധിയില്‍ നടന്ന മാനവ സംഗമം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ യുവജന രാഷ്ട്രീയ നേതാക്കളെയും സംരംഭകരെയും മാധ്യമ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി വിവിധ ചര്‍ച്ചകളും മാനവസംഗമത്തിന്റെ ഭാഗമായി നടന്നു.
രാവിലെ തിരുവനന്തപുരം വര്‍ക്കലയില്‍ പ്രഭാത നടത്തത്തിന് മാനവസഞ്ചാരം നായകനും എസ്വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്കി. ശേഷം ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ച എസ്വൈഎസ് നേതാക്കള്‍ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുമായി ആശയവിനിമയം നടത്തി. മാനവ സഞ്ചാരത്തില്‍ ഉയര്‍ന്നു വന്ന ആശയങ്ങളും ചര്‍ച്ചകളും സംഗ്രഹിച്ച് തയാറാക്കിയ നിവേദനം ഡോ. അസ്ഹരി മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു.
ഉത്തരവാദിത്തം മനുഷ്യപറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ 27, 28, 29 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു മുന്നോടിയായാണ് സംസ്ഥാനത്ത് ഉടനീളം മാനവസഞ്ചാരം സംഘടിപ്പിച്ചത്. കഴിഞ്ഞ 16ന് കാസര്‍കോടുനിന്നു പ്രയാണമാരംഭിച്ച യാത്രയാണ് ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ചത്.