പാർട്ടിയോട് ഗുഡ്ബൈ പറഞ്ഞ് മംഗലപുരം മുൻ ഏരിയ സെക്രട്ടറി
1483869
Monday, December 2, 2024 7:02 AM IST
പ്രതിരോധത്തിലായി സിപിഎം ജില്ലാ നേതൃത്വം
തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ സിപിഎം ഏരിയ സമ്മേളനങ്ങളിലുണ്ടായ പൊട്ടിത്തെറി തിരുവനന്തപുരം ജില്ലയിലും. മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശേരി ഏരിയ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയി.
കഴിഞ്ഞ രണ്ടു തവണയായി മധുവാണ് മംഗലപുരം ഏരിയ സെക്രട്ടറി. സിപിഎം രീതി അനുസരിച്ച് ഒരു തവണ കൂടി മധുവിന് സെക്രട്ടറിയായി തുടരാമായിരുന്നു. എന്നാൽ പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ട് മധുവിനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. ഇതിൽ പ്രകോപിതനായാണ് അദ്ദേഹം സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
മധുവിനു പകരം സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയുടെ അടുപ്പക്കാരനായ എം. ജലീലിനെ ഏരിയ സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുത്തു. മധു മുല്ലശേരിക്കെതിരേ സാന്പത്തിക ആരോപണം അടക്കമുള്ള പരാതികൾ സിപിഎം സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും നേരത്തേ ലഭിച്ചിരുന്നു.
പാർട്ടി മംഗലപുരം ഏരിയയിലെ ലോക്കൽ സമ്മേളനങ്ങൾ നടക്കുന്പോൾ നേതാക്കളെ ചേരി തിരിപ്പിച്ച് വിഭാഗീയ പ്രവർത്തനം നടത്താൻ മധു മുല്ലശേരി പ്രവർത്തിച്ചു എന്നാണ് മറ്റൊരു പരാതി. തനിക്ക് ഇഷ്ടമില്ലാത്തവരെ ലോക്കൽ കമ്മിറ്റികളിൽ നിന്നും ഒഴിവാക്കിയ ഏരിയ സെക്രട്ടറിയുടെ നടപടി വലിയ വിവാദമായിരുന്നു. മധു ഒരിക്കൽ കൂടി ഏരിയ സെക്രട്ടറി ആകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
ഇന്നലെ സെക്രട്ടറിയെ തീരുമാനിക്കുന്നതിനായി കൂടിയ ഏരിയ കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറി ജോയിയും മറ്റു നേതാക്കളും പങ്കെടുത്തു. മധുവിനെ മാറ്റണമെന്നു കമ്മിറ്റിയിൽ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.
എന്നാൽ നേരത്തേ ഉറപ്പിച്ചതു പോലെ ജില്ലാ സെക്രട്ടറി വി. ജോയി ഇടപെട്ട് ജലീലിന്റെ പേര് ഒരംഗത്തെക്കൊണ്ട് നിർദേശിപ്പിച്ചു. ഇതിനു പിന്നാലെ മറ്റൊരു ഏരിയ കമ്മിറ്റി അംഗം നിർദേശത്തെ പിന്താങ്ങി. തുടർന്നു ജലീലിനെ സെക്രട്ടറിയായി തീരുമാനിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ മധു ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരേ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു.
വളരെ മികച്ച രീതിയിൽ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിരുന്ന ജില്ലയിലെ പാർട്ടിയെ ചില നേതാക്കളുടെ ആശീർവാദത്തോടെ പാർട്ടി ജില്ലാ സെക്രട്ടറിയായിയിരുന്നുകൊണ്ട് സിപിഎമ്മിനെ ഹൈജാക്ക് ചെയ്യുകയാണ് ജോയിയെന്നും കാപട്യം നിറഞ്ഞ മനസുമായി നടക്കുന്ന ഇങ്ങനെയൊരു ജില്ലാ സെക്രട്ടറിക്കൊപ്പം പ്രവർത്തിക്കാൻ കഴിയില്ലെന്നും പറഞ്ഞ മധു "ഗുഡ് ബൈ സഖാക്കളേ’ എന്നു പറഞ്ഞ് സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
അതേസമയം പാർട്ടി ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിലെടുത്ത തീരുമാനം ഏരിയ സമ്മേളനം അംഗീകരിച്ചു. മധു മുല്ലശേരിക്കെതിരേ സിപിഎം അച്ചടക്ക നടപടി സ്വീകരിക്കും. മധു ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കാനും സാധ്യതയുണ്ട്.
പാളയം ഏരിയ സമ്മേളനത്തോടുകൂടി തിരുവനന്തപുരം ജില്ലയിലെ ഏരിയ സമ്മേളനങ്ങൾ അവസാനിക്കുകയാണ്. ലോക്കൽ സമ്മേളനങ്ങളിലുണ്ടായ ചില ചെറിയ തർക്കങ്ങൾ ഒഴിച്ചുനിർത്തിയാൽ പൊതുവെ ജില്ലയിലെ സംഘടനാ സമ്മേളനങ്ങൾ വിവാദങ്ങളില്ലാതെയാണ് പൂർത്തിയായത്. എന്നാൽ ഇന്നലെ മംഗലപുരം ഏരിയ സമ്മേളനത്തിൽ ഉണ്ടായ സംഭവം സിപിഎം ജില്ലാ നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇന്നലെ ഏരിയ സെക്രട്ടറിയെ തീരുമാനിക്കുന്നതിൽ തർക്കമുണ്ടാകുമെന്നു ജില്ലയിലെ മുതിർന്ന നേതാക്കൾക്ക് നേരത്തേ അറിയാമായിരുന്നു. പക്ഷേ ഈ നേതാക്കളാരും പ്രശ്നപരിഹാരത്തിനു മുന്നോട്ടു വരാത്തതിനെതിരെയും പ്രതിനിധികൾ ആക്ഷേപം ഉന്നയിച്ചു. ഈ മാസം 20 മുതൽ 25 വരെ കോവളത്താണ് സിപിഎം ജില്ലാ സമ്മേളനം ചേരുന്നത്.
നിലവിൽ ജില്ലാ സെക്രട്ടറിയായ വി. ജോയി തുടരാനാണ് സാധ്യതയെങ്കിലും കടകംപള്ളി സുരേന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ജോയിയെ മാറ്റണമെന്ന അഭിപ്രായക്കാരാണ്. കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിൽ വി. ജോയി സമ്മേളന പ്രതിനിധി പോലും ആയിരുന്നില്ല.
എന്നാൽ ജോയിയെ പാർട്ടി സംസ്ഥാന നേതൃത്വം സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി എന്നു മാത്രമല്ല ആനാവൂർ നാഗപ്പൻ ഒഴിഞ്ഞ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ജോയിയെ തീരുമാനിക്കുകയും ചെയ്തു. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ഈ നടപടിക്കെതിരേ ജില്ലയിലെ പാർട്ടിയിൽ അസ്വാരസ്യങ്ങൾ നിലനിൽക്കവേയാണ് സിപിഎം ജില്ലാ സമ്മേളനം ചേരുന്നത്.