ആറ്റിങ്ങലിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കും അതിക്രമങ്ങളും
1483517
Sunday, December 1, 2024 5:47 AM IST
ആറ്റിങ്ങൽ: നഗരത്തെ വീർപ്പുമുട്ടിച്ച് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കും അതിക്രമങ്ങളും. വലഞ്ഞ് നാട്ടുകാരും യാത്ര ക്കാരും.
സ്വകാര്യ ബസുകളുടെ അപകടകരമായ യാത്രയ്ക്കെതിരെ യും പാലസ് റോഡിൽ അപകടം സൃഷ്ടിക്കുന്നതിനെതിരെയും ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഇന്നലെ രാവിലെ സമരം നടന്നിരുന്നു. ഇതിനെ തുടർന്നാണ് സ്വകാര്യ ബസ് ജീവനക്കാർ അതിക്രമങ്ങൾക്ക് തുടക്കമിട്ടത്. ഇതേ തുടർന്നു ബസുകൾ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പാലസ് റോഡ് ഉൾപ്പെടെ നഗരത്തിലെ ഇടറോഡുകളിൽ നിർത്തിയിട്ട് ഗതാഗതം പൂർണമായും തടസപ്പെടുത്തി.
രാവിലെ നഗരത്തിൽനിന്നും ബസിൽ കയറിയ യാത്രക്കാർക്ക് ടിക്കറ്റ് നൽകിയശേഷം ഇറക്കിവിട്ടു. ഇതിനെക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവർത്തകരെ കൈയേറ്റവും ചെയ്തു. പാലസ് റോഡിലും സമര സ്ഥലത്തുമെത്തിയ ചാനൽ കാമറാമാൻമാരെയും റിപ്പോർട്ടർമാരെയും സ്വകാര്യബസ് ജീവനക്കാർ കൈയേറ്റം ചെയ്തതും സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്നു ഡിവൈഎഫ്ഐ പ്രവർത്തകരും ബസ് ജീവനക്കാരും തമ്മിലും നിരവധി തവണ സംഘർഷം ഉണ്ടായി.
നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലും സമീപ വിദ്യാലയങ്ങളിലും പരീക്ഷ എഴുതുന്നതിനെത്തിയ പിഎസ്സി ഉദ്യോഗാർഥികൾ സ്കൂളുകളിൽ പോകാനോ പരീക്ഷാ സ്ഥലത്തെത്താനോ കഴിയാതെ കണ്ണീരോടെ മടങ്ങി. സമരത്തിൽ യഥാസമയം ഇടപെടുന്നതിനും നടപടി സ്വീകരിക്കുന്നതിനും മോട്ടോർ വാഹന വകുപ്പു പരാജയപ്പെട്ടു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യൂണിയൻ നേതാക്കളുമായി ചർച്ച നടത്തിയെന്നല്ലാതെ പരീക്ഷാസമയം കഴിയുന്നവരെയും ഒത്തുതീർപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് പരീക്ഷ ഹാളിൽ എത്താനാകാതെ മടങ്ങിയത്.
വിവിധ ആവശ്യങ്ങൾക്ക് ആറ്റിങ്ങൽ നഗരത്തിൽ എത്തിയവരും ഉച്ചവരെ ഈ പ്രതിസന്ധിയിൽപെട്ടു. പിഎസ്സി പരീക്ഷ കണക്കിലെടുത്ത് ഡിവൈഎഫ് ഐ പ്രവർത്തകർ സമരം നേരത്തെ അവസാനിപ്പിച്ചിരുന്നു. ബസുകളുടെ പെർമിറ്റ് റദ്ദാക്കും എന്നുള്ള അറിയിപ്പ് വന്നതിനെത്തുടർന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമാണ് സ്വകാര്യ ബസുകൾ വീണ്ടും സർവീസ് പുനരാരംഭിച്ചത്.
കഴിഞ്ഞദിവസം സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ മൂന്നു വിദ്യാർഥികൾക്കു പരിക്കു പറ്റിയിരുന്നു. പാലസ് റോഡില്‍ സ്വകാര്യബസ് തട്ടി മൂന്നു വിദ്യാര്ഖികള്ക്ക് പരിക്കേറ്റു. ചിറയിന്കീഴില്നിന്നു പാലസ് റോഡുവഴി ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേയ്ക്കു പോയ ബസാണ് കുട്ടികളെ ഇടിച്ചിട്ടത്. ബസ് നിര്‍ത്താതെ കടന്നുപോയി.
ആറ്റിങ്ങല്‍ ഗവ. മോഡല്‍ ബിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥികളായ ആറ്റിങ്ങല്‍ കടുവയില്‍ ആയില്യം വീട്ടില്‍ എ.ആര്. അഭിനവ് (15), ആല്‍ത്തറമൂട് ദര്‍ശനാവട്ടം ആര്.ബി. ഭവനില്‍ ജെ.ദേവനാരായണ് (15), ആറ്റിങ്ങല്‍ കൊട്ടിയോട് ശ്രീനന്ദനത്തില്‍ എസ്. ശിവജിത്ത് (15) എന്നിവരെയാണ് ബസിടിച്ചത്. രാവിലെ ട്യൂഷന് കഴിഞ്ഞു സ്കൂളിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. പാലസ് റോഡിന്റെ ഇടതു വശത്തുകൂടി കിഴക്കേ നാലുമുക്കിലേയ്ക്ക് നടന്നുപോയ കുട്ടികളെ ഗവ. ജിഎച്ച്എസ്എസ് ജംഗ്ഷനില്‍നിന്നും ഇതേ ദിശയില്‍ വന്ന ബസാണ് മുട്ടിയത്.
യാത്രാ പ്രശ്നം പരിഹരിക്കാ ൻ ആറ്റിങ്ങൽ സിഐ പാലസ് റോഡ് വഴിയുള്ള സ്വകാര്യ ബസുകളുടെ യാത്ര നിർത്തുവാനും പകരം കച്ചേരി നടവഴി പോകുവാൻ നിർദേശം ഉയർന്നു വന്നിരുന്നു. എന്നാൽ എംഎൽഎയുടെയും നഗരസഭ അധ്യക്ഷയുടെയും സാന്നിധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥ യോഗത്തിൽ പഴയതു പോലെ പാലസ് റോഡ് വഴി തന്നെ വാഹനങ്ങൾ പോകുവാൻ തീരുമാനിച്ചു. ഇതോടെയാണു ശനിയാഴ്ച പാലസ് വഴി വീണ്ടും സ്വകാര്യ ബസുകൾ സർവീസ് നടത്തിയത്.
എ ന്നാൽ ഇതനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സമരരംഗത്തിലങ്ങുകയും ചെയ്തു. പാലസ് റോഡിൽ സ്വകാര്യ ബസുകളുടെ അമിതവേഗത നിരന്തര അപകട ഭീഷണി ഉയർത്തുന്നുണ്ട്. മൂന്നു പ്രധാന പൊതുവിദ്യാലയങ്ങളിൽ നിന്നായി 3000 ത്തോളം വിദ്യാർഥികൾ പ്രതിദിനം കടന്നുപോകുന്ന പാതയാണ് പാലസ് റോഡ്. നേരത്തെ സ്വകാര്യ ബസുകൾ ഈറോഡ് വഴി കടന്നുപോകില്ലായിരുന്നു. അതിനാൽ പാത സ്കൂൾ കുട്ടികൾക്കു സുരക്ഷിതമായിരുന്നു.
കഴിഞ്ഞ രണ്ടു വർഷക്കാലത്തിനിടയ്ക്കാണ് സ്വകാര്യ ബസുകൾ ഈ പാത ഉപയോഗിക്കാൻ തുടങ്ങിയത്. ഇതിന് ശേഷമാണ് അപകടം വർധിച്ചത്. സ്വകാര്യ ബസുകളുടെ ഗുണ്ടായിസം അനുവദിക്കില്ലെന്നും പാലസ് റോഡിലൂടെയുള്ള ബസ് ഗതാഗതം നിയന്ത്രിക്കണമെന്നും വരും ദിവസങ്ങൾ ഈ വിഷയത്തിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചിട്ടുണ്ട്.