വാക്കിലൊതുക്കി കടുമ്പുപാറ വിനോദ സഞ്ചാരവികസനം
1483514
Sunday, December 1, 2024 5:47 AM IST
കാട്ടാക്കട : ഒട്ടേറെ സഞ്ചാരികളുടെ ഹരമായ കടുമ്പ് പാറയുടെ വികസനം വാക്കിൽമാത്രമൊ തുങ്ങി. നഗരത്തിൽനിന്നും അകലെയല്ലാതെ കിടക്കുന്ന വിനോദസഞ്ചാരകേന്ദ്രമായ കടുമ്പാപാറയിലെ വാഗ്ദാനമായ റോപ്പ് വേയും കടലാസിൽമാ ത്രം. അനന്ത സാധ്യതകൾ ഒരുക്കി കടുമ്പുപാറ സഞ്ചാരികൾക്ക് തുറന്നു കൊടുക്കുമെന്നു വാഗ്ദാനം നൽകിയിട്ടും വർഷമേറെയായി. പക്ഷേ അത് വാഗ് ദാനമായി തന്നെ തുടരുന്നു.
വിളപ്പിൽ പഞ്ചായത്തിലെ കാരോട് വാർഡിൽ ഉൾപ്പെടുന്ന ഏഴേക്കറോളം വരുന്ന കടുമ്പുപാറയിലാണ് ടൂറിസം വകുപ്പിന്റെ നേതത്വത്തിൽ വിനോദസഞ്ചാരം വികസനത്തിനായി പദ്ധതി തയാറാക്കിയിരുന്നത്. ഇതിനായി ടൂറിസം ഡിപ്പാർട്ടു മെന്റ് പ്രതിനിധികളും റവന്യൂ അധികാരികളും ഇവിടം സന്ദർശിക്കുകയും റിപ്പോർട്ട് തയാറാക്കുകയും ചെയ്തിരുന്നു.
പുനരുദ്ധാരണവുമായി ബന്ധപ്പെട്ടു ജില്ലാപഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞു. ഇതിന്റെ ടെൻഡർ നടപടികളും പൂർത്തീകരിച്ചു. ഡോർമെറ്ററികൾ, ബൈനോക്കുലർ ടവറുകൾ എന്നിവ വരുന്നതോടുകൂടി മികച്ച ഒരു ടൂറിസം സ്പോർട്ടായി കടുമ്പുപാറ മാറുമെന്നാണു പദ്ധതി രേഖ പറയുന്നത്. പക്ഷേ ഇതെല്ലാം രേഖയിൽ മാത്രമൊതുങ്ങി. പദ്ധതിയിലേക്കുള്ള റോഡ് പുനരുദ്ധാരണത്തോടെ നിലച്ചു. സായാഹ്നടൂറിസം എന്ന ഗണത്തിൽപ്പെടുത്താവുന്ന ഇവിടെ വൻ വികസന പദ്ധതികൾ വന്നാൽ സഞ്ചാരികൾ എത്തും.
പേയാടുനിന്നു വിളപ്പിൽശാല, ഊറ്റുകുഴി, ചെറുകോട് വഴി കടുമ്പുപാറയിലെത്താൻ സാധിക്കും. കടുമ്പുപാറയിൽ നിന്നാൽ തിരുവനന്തപുരം നഗരം പൂർണമായും കാണാകാനും എന്നതാണു പ്രത്യേകത. കാറ്റേറ്റും പ്രകൃതിഭംഗി ആസ്വദിച്ചും പുൽത്തകിടിയിലിരിക്കാം. തിരുവനന്തപുരം നഗരത്തിലെ ക്ഷേത്രത്തിൽ എവിടെ ഉത്സവം നടത്തിയാലും അവിടെയുള്ള കമ്പം കടുമ്പുപാറയിൽ നിന്നുകൊണ്ട് കാണാനാകും. മൂക്കുന്നിമല, ശാസ്താംപാറ, അഗസ്ത്യാർകൂടം പ്രദേശങ്ങളും കടുമ്പുപാറയിൽ നിന്നുകൊണ്ടുതന്നെ ആസ്വദിക്കാം.
വിനോദ സഞ്ചാരകേന്ദ്രമായ ശാസ്താംപാറയേയും കടുമ്പുപാറയേയും ബന്ധപ്പെടുത്തി റോപ്പ് വേ പദ്ധതിക്കുംരൂപം നൽകാനുള്ള ചിട്ടവട്ടത്തിൽ ബന്ധപ്പെട്ടവർ നീങ്ങിയെങ്കിലും അതിന്റെ പ്രാരംഭ നടപടികൾ പോലും ആരംഭിക്കാനായിട്ടില്ല.