വിമാനത്താവളത്തിൽ ശുചീകരണത്തിന് ഇനി റോബോർട്ടുകളും
1483513
Sunday, December 1, 2024 5:47 AM IST
വലിയതുറ: ടെർമിനൽ ശുചീകരണത്തിനു ക്ലീനിംഗ് റോബോട്ടുകളെ നിയോഗിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഒരു മണിക്കൂറിൽ 10,000 ചതുരശ്ര അടി വരെ ശുചീകരിക്കാൻ ശേഷിയുള്ള മൂന്നു റോബോട്ടുകളാണ് ഇനി ടെർമിനലിനുള്ളിലെ ശുചിത്വം ഉറപ്പാക്കുക. കേരളത്തിലെ എയർപോർട്ടുകളിൽ ഇത്തരം റോബോട്ടുകൾ ഇതാദ്യമായാണ് ഉപയോഗിക്കുന്നത്.
ഓട്ടമേറ്റഡ് സെൻസറുകൾ ഉപയോഗിച്ച് 360 ഡിഗ്രിയിൽ തടസങ്ങൾ ഒഴിവാക്കി കെട്ടിടത്തിലെ എല്ലാ ഭാഗങ്ങളിലും എത്താനും സ്ക്രബിംഗ്, ഡ്രൈ മോപ്പിംഗ് എന്നിവ വഴി വൃത്തി ഉറപ്പാക്കാനും എസ്ഡി 45 ശ്രേണിയിൽപ്പെട്ട റോബോട്ടുകൾക്ക് കഴിയും. 45 ലിറ്റർ ശുദ്ധജല ടാങ്കും 55 ലിറ്റർ മലിനജല ടാങ്കുമുള്ള ഈ റോബോട്ട് ഒറ്റ ചാർജിൽ എട്ടു മണിക്കൂർ വരെ പ്രവർത്തിക്കും.
സാധാരണ ശുചീകരണത്തെ അപേക്ഷിച്ചു വെള്ളത്തിന്റെ ഉപയോഗം കുറയും. ബ്ലൂടൂത്ത് അല്ലെങ്കിൽ വൈ-ഫൈ ഉപയോഗിച്ച് സ്മാർട്ട്ഫോണുകൾ വഴി റോബോട്ടുകളെ നിയന്ത്രിക്കാനാകും.