പ്രഫ. പാറശാല ബി. പൊന്നമ്മാളിന്റേത് അലൗകിക നാദം: അശ്വതി തിരുനാൾ രാമവർമ
1483511
Sunday, December 1, 2024 5:47 AM IST
തിരുവനന്തപുരം: ശാന്തവും അതേസമയം ശക്തവും ആഴമേറിയതുമായ നാദമായിരുന്നു പ്രഫ. പാറശാല ബി. പൊന്നമ്മാളിന്റേ തെന്നു കർണാടക സംഗീതജ്ഞനും തിരുവിതാംകൂർ രാജകുടുംബാംഗവുമായ അശ്വതി തിരുനാൾ രാമവർമ. കർണാടക സംഗീതജ്ഞ പാറശാല ബി. പൊന്നമ്മാളിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വീണസംഗീത സംഘവും ചാല ഗ്രാമ ബ്രാഹ്മണ സമുദായവും ചേർന്ന് സംഘടിപ്പിച്ച ആഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വലിയശാല ശ്രീമഹാ ഗണപതി ഭജന മഠത്തിലായിരുന്നു രണ്ടുദിവസം നീണ്ടു നില്ക്കുന്ന ചടങ്ങ്. പുരുഷന്മാരായ സംഗീതജ്ഞന്മാർ മാത്രം കച്ചേരി നടത്തിയിരുന്ന നവരാത്രി മണ്ഡപത്തിൽ ആദ്യമായി പാറശാല പൊന്നമ്മാൾ ടീച്ചറിന്റെ കർണാടക സംഗീത കച്ചേരി നടത്തുവാൻ താൻ മുൻകൈ എടുത്ത മുഹൂർത്തങ്ങൾ അശ്വതി തിരുനാൾ പങ്കുവച്ചു.
2006-ൽ നവരാത്രി മണ്ഡപത്തിലേക്കു ക്ഷണിക്കുവാൻ താൻ ടീച്ചറിന്റെ വീട്ടിൽ എത്തിയപ്പോൾ, അടുത്തവർഷം താൻ ജീവിച്ചിരിക്കുമോ എന്നുപോലും അറിയില്ലെന്നാ ണു പൊന്നമ്മാൾ ടീച്ചർ പറഞ്ഞത്. എന്നാൽ പിന്നീട് എല്ലാവർഷവും സരസ്വതി ദേവിക്കു മുന്നിൽ നാദാർച്ചനയുമായി പ്രഫ. പാറശാല പൊന്നമ്മാൾ ഉണ്ടായിരുന്നു. മാത്രമല്ല കേരളത്തിനകത്തും പുറത്തും വിദേശത്തും നിരവധി കച്ചേരികൾ അവതരിപ്പിക്കുവാനുള്ള ഉൗർജവും ടീച്ചറിനു ലഭിച്ചിരുന്നു.
മഹാജ്ഞാനിയായ ഒരു പ്രഗത്ഭ സംഗീതജ്ഞയുടെ യാതൊരു പരിവേഷങ്ങളുമില്ലാതെ നമ്മുടെ കുടുംബത്തിലെ മുത്തശ്ശിയുടെ സ്നേഹവാത്സല്യത്തോടെ പെരുമാറിയിരുന്ന പ്രഫ. പാറശാല പൊന്നമ്മാളിനേയും അശ്വതി തിരുനാൾ ഓർമിച്ചു. ചടങ്ങിൽ എസ്ബിഐ സാന്പത്തിക ഉപദേഷ്ടാവ് എസ്. ആദികേശവൻ, എസ്. ജനാർദനൻ എന്നിവർ ആശംസ നേർന്നു പ്രസംഗിച്ചു. എസ്. മഹാദേവൻ സ്വാഗതവും കമല കൃഷ് ണൻ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് അമൃത വെങ്കിടേഷിന്റെ കർണാടക സംഗീത കച്ചേരി നടന്നു. രാവിലെ നടന്ന ആഘോഷചടങ്ങ് കർണാടക സംഗീതജ്ഞൻ പ്രഫ. കുമാരകേരള വർമ ഉദ്ഘാടനം ചെയ്തു.
ചാല ഗ്രാമ ബ്രാഹ്മണ സമുദായം പ്രസിഡന്റ് പി. യജ്ഞനാരായണൻ അധ്യക്ഷത വഹിച്ചു. ഭാമ കൃഷ്ണൻ, വലിയശാല കൗണ്സിലർ എസ്. കൃഷ്ണകുമാർ, സംഗീതജ്ഞൻ പാർവതിപുരം പദ്മനാഭ അയ്യർ, ഡോ. എം. പദ്മനാഭൻ എന്നിവർ ആശംസ നേർന്ന് പ്രസംഗിച്ചു. വീണ സംഘ് സെക്രട്ടറി ടി.എൻ. ശ്രീകുമാരൻ തന്പി സ്വാഗതം ആശംസിച്ചു.
പൂവരണി കെവിപി നന്പൂതിരി കൃതജ്ഞത പറഞ്ഞു. തുടർന്ന് എസ്. മഹാദേവന്റെ കർണാടക സംഗീത കച്ചേരി നടന്നു. പൊന്നമ്മാളിന്റെ ചെറുമ ക്കളായ എം. ലളിത, എം. ലക്ഷ്മി എന്നിവരുടെ പ്രാർഥ നയോ ടെയാണ് ആഘോഷ ചടങ്ങുകൾ ആരംഭിച്ചത്.
സ്വന്തം ലേഖിക