പ്രഖ്യാപിക്കുന്നത് കോടികൾ; വികസനം കാണാതെ അന്തർദേശീയ ടൂറിസം കേന്ദ്രമായ കോവളംതീരം
1483446
Sunday, December 1, 2024 1:18 AM IST
വിഴിഞ്ഞം: അധികൃതർ പ്രഖ്യാപനം നടത്തിയ കോടികളുടെ പ്രവൃത്തികൾ ഇക്കൊല്ലത്തെ സീസണിലും വെളിച്ചം കണ്ടില്ല. അന്തർ ദേശീയ ടൂറിസം കേന്ദ്രമായ കോവളം തീരത്തിന്റെ അടിസ്ഥാന വികസനവും നവീകരണവും എങ്ങുമെത്തിയില്ലെന്ന് ആക്ഷേപം.
നാട്ടുകാർക്കും സഞ്ചാരികൾക്കും പറയാൻ പരാധീനതകൾ മാത്രം. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 150 കോടിയോളം രൂപയുടെ വികസന പ്രഖ്യാപനമുണ്ടായി. എന്നാ ൽ തട്ടിക്കൂട്ടി നടത്തിയ പ്രഖ്യാപനമല്ലാതെ കാര്യമായ ഒന്നും നടന്നില്ല. നേരത്തെ കോടികൾ മുടിച്ച് തുടങ്ങിയ പല പദ്ധതികളും പാതിവഴിയിൽ ഉപേക്ഷിച്ച മട്ടിലുമായി.
പുതിയതായി പ്രഖ്യാപിച്ച കോടികളുപയോഗിച്ചു ദൈവത്തിന്റെ സ്വന്തം നാടുകാണാനെത്തുന്ന സഞ്ചാരികൾക്കായി ഒരു മൂത്രപ്പുര നിർമിക്കാൻ പോലുംഅധികൃതർക്കായില്ലെന്ന ആക്ഷേപംവരെ ഉയർന്നു. ഒരു കാലത്ത് സഞ്ചാരികളുടെ, പ്രത്യേകിച്ച് വിദേശവിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്നു കോവളം. ഇന്നും വിദേശികൾ വരുന്നുണ്ടെങ്കിലും വൻകിട ഹോട്ടലുകളിൽ തങ്ങിയ ശേഷം ബീച്ചുകൾ ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങുന്നതായും പറയ പ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടുന്ന തീരത്തു മൂക്ക്പൊത്താതെ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
മേഖലയിൽനി ന്നു ശേഖരിക്കുന്ന മാലിന്യം ചാക്കുകളിൽ കെട്ടി അട്ടിയിട്ടു തീരത്തു തന്നെ സൂക്ഷിച്ചിരിക്കുന്നതാണു ഇവിടം ദുർഗന്ധപൂരിതമാകാൻ ഒരു കാരണം. കൂടാതെ ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഓടയിലൂടെ തീരത്തേക്ക് ഒഴുക്കി വിടുന്നതും സഞ്ചാരികളെ വലയ്ക്കുന്നുണ്ട്.
എസ്. രാജേന്ദ്രകുമാർ