ജീപ്പ് ഇലക്ട്രിക് പോസ്റ്റ് തകർത്തു; വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു
1483445
Sunday, December 1, 2024 1:18 AM IST
പേരൂർക്കട: വെള്ളയമ്പലം ജംഗ്ഷനിൽ നിയന്ത്രണംവിട്ട ജീപ്പ് ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു. അപകടത്തിൽ വാഹനത്തിന്റെ മുൻവശത്തെ ടയർ വൻ ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയും അപകടമുണ്ടായ സ്ഥലത്തുനിന്ന് 200 മീറ്ററോളം മാറി നിയന്ത്രണം വിട്ടു ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയും ചെയ്തു.
ഇന്നലെ പുലർച്ചെ നാലുമണിയോടെയായിരുന്നു വെള്ളയമ്പലം-കവടിയാർ റോഡിൽ അപകടം ഉണ്ടായത്. കിഴക്കേകോട്ട ഭാഗത്തുനിന്നു കവടിയാർ ഭാഗത്തേക്കു വരികയായിരുന്ന മഹീന്ദ്ര ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിനുള്ളിൽ ഡ്രൈവറും മറ്റു രണ്ടുപേരും ഉണ്ടായിരുന്നുവെന്നാണ് സൂചന. ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിനു കാരണമെന്നു കരുതുന്നു. അതേസമയം വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവോയെന്ന് അന്വേഷിച്ചു വരുന്നതായി പോലീസ് പറഞ്ഞു.
വെള്ളയമ്പലം സ്ക്വയറിലെ വളവു തിരിഞ്ഞു വരുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് പോസ്റ്റ് ഇടിച്ചു തകർക്കുകയായിരു ന്നു. തുടർന്നു ടയർ പഞ്ചറായ വാഹനം ഇടതുവശത്തെ ഫുട് പാത്തിൽ കയറി നിൽക്കുകയും ചെയ്തു. ടയർ പഞ്ചറായതിനാൽ പെട്ടെന്നു വാഹനം നിർത്താനായതുകൊണ്ട് ഡ്രൈവർക്ക് കാര്യമായി അപകടം ഉണ്ടായില്ല.
പുലർച്ചെ ആയതിനാൽ വാഹനങ്ങൾ വളരെ കുറവായതുകൊണ്ടാണു മറ്റുള്ള വാഹനങ്ങളിൽ ഇടിക്കാതിരുന്നത്. മ്യൂസിയം പോലീസ് സ്ഥലത്തെത്തിക്കുകയും റോഡിനു കുറുകെ കിടന്നിരുന്ന ഇലക്ട്രിക് പോസ്റ്റ് ഫുട്പാത്തിന്റെ വശത്തേക്ക് നീക്കുകയും ചെയ്തു.
അപകടത്തിൽപ്പെട്ട വാഹനം ശനിയാഴ്ച വളരെ വൈകിയാണ് സ്ഥലത്തുനിന്നു നീക്കം ചെയ്യാൻ സാധിച്ചത്. അതേസമയം വാഹനത്തിൽ ഉണ്ടായിരുന്നവർ സ്ഥലത്തുനിന്നു മുങ്ങിയതായാണ് വിവരം. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വച്ച് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.