നേമം സഹകരണബാങ്കിലെ നിക്ഷേപ തട്ടിപ്പ്: കുറ്റക്കാർക്കെതിരെ നടപടിക്കു നിർദേശം നൽകി മുഖ്യമന്ത്രി
1483443
Sunday, December 1, 2024 1:18 AM IST
നേമം: നിക്ഷേപ തട്ടിപ്പ് നടന്ന നേമം സഹകരണബാങ്കില്‍ കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഓണ്‍ലൈന്‍ യോഗത്തിൽ സഹകരണ വകുപ്പിന് നിര്‍ദേശം നല്കി. ബാങ്കിലെ വീഴ്ചകള്‍ക്കു കൂട്ടുനിന്ന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും നടത്തും.
സഹകരണ വകുപ്പിന്റെ റൂള്‍ 65 പ്രകാരമുള്ള അന്വേഷണം നീണ്ടുപോകുന്നത് കാരണം ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുന്ന തീരുമാനവും നീളുകയാണ്. നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതിനെ സംബന്ധിച്ച് വിശദമായ പദ്ധതി തയാറാക്കാനും രജിസ്ട്രാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോലീസ് കേസെടുത്തതിന്റെ ഭാഗമായുള്ള നടപടികളുമായി മുന്നോട്ടുപോകാനും നിര്‍ദേശമുണ്ട്.
മന്ത്രി വി.എന്‍. വാസവന്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, സഹകരണ രജിസ്ട്രാര്‍ സജിത് ബാബു, സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അന്വേഷണം നീളുകയും ഭരണസമിതിയില്‍ സ്വാധീനമുള്ളവര്‍ പണം വാങ്ങി പോവുകയും ചെയ്യുന്നത് സാധാരണക്കാരായ നിക്ഷേപകരെ കഷ്ടത്തിലാക്കുന്നുണ്ട്.
നടപടി കര്‍ശനമാക്കുന്നതോടെ തട്ടിപ്പിനു കൂട്ടുനിന്ന ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടിവരും. മുഖ്യമന്ത്രിയുടെ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകാത്തതിനാല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്നു സമര സമിതി നേതാക്കളായ രക്ഷാധികാരി മുജീബ് റഹ്മാനും കൈമനം സുരേഷും പറഞ്ഞു.