ശുചീകരണമില്ല; ഉപയോഗശൂന്യമായി അമ്പലനഗർ ബസ് വെയിറ്റിംഗ് ഷെഡ്
1483435
Sunday, December 1, 2024 1:18 AM IST
പേരൂര്‍ക്കട: ശുചീകരണമില്ലാത്തതിനാല്‍ കരിയിലകളും വൃക്ഷങ്ങളുടെ പൂക്കളും മറ്റും കയറിയ നിലയില്‍ കുറവന്‍കോണം അമ്പലനഗറിലെ ബസ് വെയിറ്റിംഗ് ഷെഡ്. ഏകദേശം എട്ടു വര്‍ഷത്തിനു മുമ്പാണ് വെയിറ്റിംഗ് ഷെഡ് പണിതതത്.
പ്രത്യേക ഇരിപ്പിടങ്ങളൊന്നും സ്ഥാപിച്ചിട്ടില്ലെങ്കിലും കെട്ടി ഉയര്‍ത്തിയ സിമന്റു ബ്ലോക്കുകളില്‍ ടൈലുകള്‍ ഭംഗിയായി അടുക്കിവച്ചതിന്മേലാണ് ജനങ്ങള്‍ ബസ് കാത്തിരിക്കുന്നത്. മേല്‍ക്കൂര പണിതിട്ടുള്ളതിനാല്‍ മഴയും വെയിലുമേല്‍ക്കാതെ നില്ക്കാന് സാധിക്കുമായിരുന്നു. ഇപ്പോള്‍ മരങ്ങളില്‍നിന്നുള്ള ഇലകളും പൂക്കളും ഇരിപ്പിടത്തിലാകെ ചിതറിക്കിടക്കുന്നുണ്ട്. മാത്രമല്ല, വെയിറ്റിംഗ് ഷെഡിന്റെ സമീപത്താകെ കരിയിലകള്‍ മൂടിക്കിടക്കുന്നു.
ചില അവസരങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ വെയിറ്റിംഗ് ഷെഡ്ഡിനു മുന്നില്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ജനങ്ങള്‍ക്ക് അതു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മാസങ്ങളായി കരിയിലകള്‍ ഷെഡിനുള്ളില്‍ കൂടിക്കിടക്കുന്നതിനാല്‍ വെയിറ്റിംഗ് ഷെഡിന്റെ ഉപയോഗവും കുറഞ്ഞുവരുന്നുണ്ട്. അപൂര്‍വമായിട്ടാണെങ്കിലും അമ്പലമുക്കില്നിന്നു കുറവന്കോണത്തേക്കും തിരികെയും വരുന്ന ബസുകള്‍ക്കായി ജനങ്ങള്‍ കാത്തിരിക്കാന്‍ ഈ ഷെഡ്ഡിനെയാണ് ആശ്രയിക്കുന്നത്. കുറവന്കോണത്തുനിന്നും അമ്പലമുക്കിലേക്ക് പോകുന്ന ഭാഗത്ത് പ്രത്യേക വെയിറ്റിംഗ് ഷെഡ് പണിതിട്ടുമില്ല. വെയിറ്റിംഗ് ഷെഡ് ശുചീകരിച്ചിരുന്നുവെങ്കില് അതു പൊതുജനങ്ങള്‍ക്കു വലിയൊരു പ്രയോജനമാകുമായിരുന്നു.