പ്രശസ്തിയുടെയും കുപ്രശസ്തിയുടെയും കൊടുമുടി കയറിയ ജലപാത
1466649
Tuesday, November 5, 2024 2:31 AM IST
വിഴിഞ്ഞം: എവിഎം കനാൽ, പ്രശസ്തിയുടെയും കുപ്രസക്തിയുടെയും കൊടുമുടി കയറിയ ജലപാത. രാജഭരണ കാലത്തു തിരുവിതാംകൂറുകാർക്കായി കന്യാകുമാരിയിൽ നിന്ന് ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള ഉല്പന്നങ്ങൾ കടത്തുവള്ളങ്ങളിലും മറ്റും എത്തിക്കാൻ വഴിയൊരുക്കി ചരിത്രത്തിൽ ഇടം നേടിയ കനാൽ. പക്ഷെ കുളച്ചൽ, കൊട്ടിൽപ്പാട്, മണ്ടയ്ക്കാട് മേഖലയിലെ തീരദേശ വാസികളുടെ പേടിസ്വപ്നമാണ് താനും.
2004-ൽ ലോകത്തെ പിടിച്ച് കുലുക്കി സംഹാര താണ്ഡവമാടിയ സുനാമിത്തിരകൾ നിഷ്കളങ്കരായ നിരവധി ആൾക്കാർക്ക് കൂട്ടക്കുഴിമാടമൊരുക്കിയ പേരിൽ ചരിത്രത്തിന്റെ ഏടുകളിൽ കറുത്ത അധ്യായമെഴുതാൻ വിധിക്കപ്പെട്ട ജലപാതയാണിത്. ഒരു കാലത്ത് ജനങ്ങളുടെ ആശ്രയവും ആവേശവുമായിരുന്ന കനാൽ ഇന്നു ശപിക്കപ്പെട്ടൊരു വസ്തു പോലെ നാശത്തിന്റെ വക്കിലായി. മാലിന്യങ്ങളും കുളവാഴകളും നിറഞ്ഞു കൈയേറ്റവും കഴിഞ്ഞ് ഒഴുക്കില്ലാത്ത ഒരു അരുവി പോലായി. തിരുവിതാംകൂർ മഹാരാജാവ് ഉത്രംതിരുനാൾ മാർത്താണ്ഡവർമ യുടെ മനസിലുദിച്ച ആശയത്തിന് 1860-ൽ തുടക്കമായപ്പോൾ അതൊരു ചരിത്ര സംഭവമായി.
അനന്ത പത്മനാഭന്റെയും ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയുടെയും മാർത്താണ്ഡവർമയുടെയും പേരുകൾ ചേർത്ത് പൂർണമായി മനുഷ്യനിർമിതമായ വാണിജ്യവ്യാപാര ജലപാതയെ എവിഎം എന്നു നാമകരണം ചെയ്തു.
ഇന്നത്തെ കേരളത്തിന്റെ അതിർത്തിയായ പൂവാർ, പൊഴിയൂർ എന്നിവയും തമിഴ്നാടിന്റെ ഭാഗമായ കൊല്ലംകോട്, തേങ്ങാപ്പട്ടണം, കുളച്ചൽ, മണ്ടക്കാട്, പുത്തൂർ വഴി കന്യാകുമാരിയിൽ സംഗമിക്കുന്ന കിലോമീറ്ററുകൾ താണ്ടുന്നതരത്തിലാണ് നിർമാണം. തൂത്തുക്കുടിയിൽനിന്ന് ഉപ്പും നാഞ്ചിനാട്ടിൽനിന്നു പച്ചക്കറി ഉൾപ്പെടെ മറ്റു ധാന്യങ്ങളും തിരുവിതാംകൂറിൽ എത്തിച്ചിരുന്ന കാലവും ഇന്നു വിസ്മൃതിയിലായി.
ഒരു കാലത്ത് ജനത്തെ തീറ്റിപ്പോറ്റാൻ കാരണമായ കനാൽ സുനാമി ദിനത്തിൽ അന്നം നൽകി വളർത്തിയവരെ ഏറെ കണ്ണീർ കുടിപ്പിച്ചു. കുളച്ചൽ, കൊട്ടിൽപ്പാട്, മണ്ടയ്ക്കാട് ഉൾപ്പെടെയുള്ള മേഖലയിലെ നിരവധി പേരെ മണ്ണിട്ടുമൂടി വകവരുത്തി. സംഹാര താണ്ഡവമാടി ആർത്തലച്ചു വന്ന സുനാമിത്തിരകളുൾ നിരപരാതികളായ നിരവധി പേരെ കനാലിൽ തള്ളിയിട്ടു മണൽകൊണ്ടുമൂടി.
തീരദേശത്തെ കരയുമായി ബന്ധിപ്പിച്ച് അങ്ങിങ്ങ് നിർമിച്ചിരുന്ന പാലങ്ങളും ജനത്തിനു തുണയായില്ല. ഒന്ന് ഉച്ചത്തിൽ നിലവിളിക്കാനോ രക്ഷയ്ക്കായി യാചിക്കാനോ ആർക്കും അവസരം നൽകിയതുമില്ല. രക്ഷപ്പെടാൻ ശ്രമിച്ചവരെ കരകയറി വന്ന രാക്ഷസത്തിരമാലകൾ കടലിലേക്ക് വലിച്ച് കൊണ്ടുപോയി. തിരകളൊന്നടങ്ങിയശേഷം എവിഎം കനാലിൽ കണ്ട ദൃശ്യങ്ങൾ രക്ഷാപ്രവർത്തകരെയും ഞെട്ടിച്ചു.
മണ്ണിൽ പുതഞ്ഞ ചേതനയറ്റ ശരീരങ്ങൾ പുറത്തെടുക്കാൻ ഒടുവിൽ മണ്ണു മാന്തി യന്ത്രം വേണ്ടിവന്നു. അന്നത്തെ മനം മടുപ്പിക്കുന്ന ഭീകരക്കാഴ്ച കണ്ട നാട്ടുകാർ കനാലി നെയും ശപിച്ചു. കാലങ്ങൾ കഴിഞ്ഞ് റോഡ് ഗതാഗതവും വ്യാപാര മേഖലയിൽ മാറ്റവും വന്നതോടെ പഴയ കാല പ്രൗഡി നഷ്ടമായ കനാൽ ഇന്ന് അധികൃതരുടെ കനിവ് കാത്ത് കഴിയുകയാണ്. ബന്ധപ്പെട്ടവർ മനസുവച്ചാൽ ടൂറിസം മേഖലയുടെ വളർച്ചക്ക് കനാൽ ഒരു മുതൽക്കൂട്ടാകും.
എസ്. രാജേന്ദ്രകുമാർ