തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ വികസനം: മാസ്റ്റർ പ്ലാൻ പൂർണമായും നടപ്പാക്കണമെന്ന് ശശി തരൂർ എംപി
1466646
Tuesday, November 5, 2024 2:31 AM IST
തിരുവനന്തപുരം: തിരുവനന്തപുരം സൗത്ത്, സെൻട്രൽ, നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റർ പ്ലാൻ വെട്ടി ചുരുക്കാനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം തിരുത്തണമെന്നും മാസ്റ്റർപ്ലാൻ പൂർണമായും നടപ്പിലാക്കണമെന്നും ഡോ. ശശി തരൂർ എംപി ആവശ്യപ്പെട്ടു.
സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾക്കു മുകളിൽ നിർമിക്കുന്ന വിശ്രമമുറികളുടെയും മറ്റും വിസ്തൃതി വെട്ടികുറയ്ക്കുവാനുള്ള തീരുമാനം പുനഃപരിശോധിക്കണം. തിരുവനന്തപുരം സൗത്ത് സ്റ്റേഷനിലെ പിറ്റ്ലൈനുകളുടെ എണ്ണം അഞ്ചിൽ നിന്നു മൂന്നായി കുറയ്ക്കുന്നതിനുള്ള തീരുമാനവും പുനഃപരിശോധിക്കണം.
കഴിഞ്ഞ വർഷം 281 കോടി രൂപ വരുമാനമുണ്ടാക്കിയതും 1.31 കോടി യാത്രക്കാർ ഉപയോഗിച്ചതുമായ തിരുവനന്തപുരം റെയിൽവെ സ്റ്റേഷനോടുള്ള അവഗണന ഒരിക്കലും നീതീകരിക്കാൻ കഴിയില്ല. ഇത്രയും വരുമാനമുണ്ടാക്കുന്ന ഒരു സ്റ്റേഷന്റെ വികസനം ഉറപ്പുവരുത്തേണ്ടതു റെയിൽവേയുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തു നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ റെയിൽവെ വികസനം ഉറപ്പുവരുത്തുമെന്നു ഡോ. ശശി തരൂർ അറിയിച്ചു.