‘പാഴ്വസ്തുക്കളിൽ വിരിഞ്ഞ പൂക്കൾ’
1466525
Monday, November 4, 2024 7:14 AM IST
നേമം: പാഴ് വസ്തുക്കളെല്ലാം വീട്ടുകാര്‍ക്ക് ഭാരമാകുമ്പോള്‍ നേമം കാരയ്ക്കാമണ്ഡപം ആതിരയില്‍ മഹേശ്വരിക്ക് ഇവ പ്രിയങ്കരങ്ങളാണ്. പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് മഹേശ്വരി തയാറാക്കുന്ന സുന്ദര രൂപങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും.
മഹേശ്വരിയുടെ വീട്ടിലെത്തിയാല്‍ സ്വീകരണമുറിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഒരു ചെറിയ പൂന്തോട്ടമെന്ന് തോന്നി പോകും. മഹേശ്വരി പാഴ് വസ്തുക്കളില്‍ നിര്‍മിച്ച പൂക്കളുടെ ശേഖരം കണ്ടാല്‍. പ്ലാസ്റ്റിക്ക് കവര്‍ മുതല്‍ മുട്ടതോട് വരെ മഹേശ്വരിയുടെ കരവിരുതില്‍ വിവിധ തരത്തിലുള്ള രൂപങ്ങളായിട്ടുണ്ട്.
ഒരു കലയും പഠിച്ചിട്ടില്ലാത്ത വീട്ടമ്മയായ മഹേശ്വരി ഒരു വര്‍ഷം മുമ്പാണ് പാഴ്വസ്തുക്കളില് പല രൂപങ്ങൾ നിര്‍മിച്ച് തുടങ്ങിയത്. വീട്ടുജോലി കഴിഞ്ഞ് വെറുതെയിരിക്കുമ്പോള്‍ എന്തെങ്കിലും ചെയ്തുനോക്കാമെന്ന് കരുതി തുടങ്ങിയതാണെന്നും. പിന്നീട് ഒന്ന് നിര്‍മിച്ച് കഴിയുമ്പോള്‍ അടുത്ത രൂപം മനസിലെത്തുമെന്നും മഹേശ്വരി പറഞ്ഞു.
വീട്ടിലെ പാഴ് വസ്തുക്കളായി പുറംതള്ളുന്ന പലതും മഹേശ്വരി മനോഹര രൂപങ്ങളാക്കി മാറ്റും. ചാക്കിലെ ഫൈബര്‍ നൂലുകള്‍, പ്ലാസ്റ്റിക്ക് കവര്‍, നേര്‍ത്ത കമ്പികള്‍, ബിരിയാണി പൊതിഞ്ഞു വരുന്ന സില്‍വര്‍ കോട്ടിംഗ് പേപ്പര്‍, മുട്ടതോട്, സവാള തോട്, പ്ലാസ്റ്റിക്ക് കുപ്പികള്‍, അലുമിനിയം ടിന്നുകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് പല തരത്തിലുള്ള പൂക്കള്‍ നിര്‍മിച്ചിരിക്കുന്നത്.
ടിഷ്യു പേപ്പറില്‍ മുല്ലമൊട്ട്, ചിരട്ടകള്‍ കൊണ്ട് ഗ്ലാസ്, മത്സ്യം തീപ്പെട്ടി കോലുകൊണ്ട് നിര്‍മിച്ച രൂപം എന്നിങ്ങനെ നീളുന്നതാണ് മഹേശ്വരിയുടെ കരവിരുതിന്റെ അടയാളങ്ങള്‍. ഇതിനോടകം നൂറിലധികം രൂപങ്ങള്‍ മഹേശ്വരി നിര്‍മിച്ചു കഴിഞ്ഞു.
വീട്ടിലെത്തുന്ന അതിഥികള്‍ക്ക് കൗതുകമാണ് വീട് നിറയെയുള്ള രൂപങ്ങള്‍. പൂക്കള്‍ നിര്‍മിക്കുമ്പോള്‍ ഇലകള്‍ക്ക് വേണ്ടി മാത്രം ചിലപ്പോള്‍ കളര്‍ പേപ്പറും നിറം നല്കാന് ചായവും വാങ്ങേണ്ടി വരുന്നതല്ലാതെ മറ്റെല്ലാം വീട്ടിലെ പാഴ് വസ്തുക്കള്‍ തന്നെ.