കഴിഞ്ഞ വർഷം ടാർചെയ്ത റോഡ് കുളമായി
1466519
Monday, November 4, 2024 7:14 AM IST
പേരൂർക്കട: ടാറിംഗ് പൂർത്തിയാക്കിയ റോഡ് ഒരു വർഷത്തിനുള്ളിൽ തകർന്നു. തിരുവനന്തപുരം നഗരസഭയുടെ പാതിരിപ്പള്ളി വാർഡിൽ ഉൾപ്പെടുന്ന പണിക്കരുവിളാകം റോഡിന്റേതാണ് ഈ അവസ്ഥ. നഗരസഭാ ഫണ്ട് വിനിയോഗിച്ച് ഒരു വർഷത്തിനു മുമ്പാണ് രണ്ടര കിലോമീറ്റർ വരുന്ന റോഡ് പൂർണമായും ടാർ ചെയ്തത്.
ടാറിംഗിന്റെ തുടക്കത്തിൽ തന്നെ പൊതുജനങ്ങൾക്ക് നിർമാണരീതിയിൽ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. പൈപ്പ് പൊട്ടി തകർന്ന റോഡിൽ പൈപ്പിന്റെ അറ്റകുറ്റപ്പണി പരിഹരിക്കുന്നതിനു മുമ്പ് തന്നെ ടാറിംഗ് തുടങ്ങിയതാണ് പ്രതിഷേധത്തിന് കാരണമായിരുന്നത്.
മുക്കോലയ്ക്കൽ ഭാഗത്ത് നിന്ന് പാതിരിപ്പള്ളിയിലേക്ക് വന്നുചേരുന്ന ഭാഗത്താണ് പേരാപ്പൂര് പണിക്കരുവിളാകം ഇടറോഡ് സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിന് വാഹനങ്ങൾ വന്നുപോകുന്ന റോഡിൽ ഓരോ നൂറു മീറ്റർ പിന്നിടുമ്പോഴും അപകടാവസ്ഥയിലെ കുഴികൾ കാണാൻ സാധിക്കും.
കുഴികളിൽ മഴവെള്ളം കെട്ടിക്കിടന്ന് കൂടുതൽ ഗർത്തമായി മാറിയിരിക്കുകയാണ്. കാൽനട യാത്രക്കാർക്ക് പോലും ഇതുവഴി സഞ്ചരിക്കുക പ്രയാസമാണെന്ന് നാട്ടുകാർ പറയുന്നു. പ്രശ്നം നിരവധി തവണ വാർഡ് കൗൺസിലറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. അശാസ്ത്രീയമായ ടാറിംഗ് ആണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.