അന്തർ സംസ്ഥാന കള്ളനോട്ട് കേസ് പ്രതി പിടിയിൽ
1466512
Monday, November 4, 2024 7:01 AM IST
തിരുവനന്തപുരം: അന്തർസംസ്ഥാന കള്ളനോട്ട് കേസിലെ പ്രതിയായ തിരുനെൽവേലി സ്വദേശി സഞ്ജയ് വർമയെ തമ്പാനൂർ പോലീസ് പിടികൂടി. ഇന്നലെ രാവിലെ കന്യാകുമാരിയിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
സമാനമായ കേസിൽ ഇയാളെ 2022-ൽ തലശേരി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഈ രീതിയിൽ ഇയാൾ തമ്പാനൂരും കഴക്കൂട്ടത്തും എറണാകുളത്തെ പലയിടങ്ങളിലും ആളുകളെ കബളിപ്പിച്ചിട്ടുണ്ട്. ടാക്സി ഡ്രൈവർമാരാണ് ഇയാളുടെ പ്രധാന ഇരകൾ. ചെന്നൈ - തിരുനെൽവേലി കേന്ദ്രീകരിച്ചാണ് ഇയാളുടെ കള്ളനോട്ടുകളുടെ ഉറവിടം.
ഹോമിയോ ഡോക്ടർ എന്ന വ്യാജേന വിവിധ പേരുകളിൽ പല സംസ്ഥാനങ്ങളിലേയും വലിയ ഹോട്ടലുകളിൽ താമസിച്ച് യാത്രയ്ക്കായി ഓൺലൈൻ ടാക്സികളും മറ്റും വിളിച്ചു ആ ടാക്സി ഡ്രൈവർമാരുടെ ഗൂഗിൾപേ അക്കൗണ്ടുകളിൽനിന്നും പണം ട്രാൻസ്ഫർ ചെയ്യിക്കുകയും പകരം അവർക്കു കള്ളനോട്ടുകൾ നൽകുകയുമാണ് പതിവ്.
തമ്പാനൂർ സിഐ വി.എം. ശ്രീകുമാർ, എസ്ഐ വിനോദ്, എഎസ്ഐ നാസർ, സിപിഒമാരായ വിഷ്ണു, സാം ജോസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് ഇയാളെ കോടതിയിൽ ഹാജരാക്കും.