വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: മൂന്നുപേര്‍ പിടിയില്‍
1466509
Monday, November 4, 2024 7:01 AM IST
നെയ്യാറ്റിന്‍കര: വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശികളായ രഞ്ജിത്ത് (34), സാം (29), സുബിന് (32) എന്നിവരെയാണ് നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തത്.
വിഷ്ണുപുരത്തിനു സമീപം ഇക്കഴിഞ്ഞ 28ന് രാത്രി രാജന് എന്ന വ്യാപാരിയെ ആക്രമിച്ചുവെന്നാണ് കേസ്. പെരുന്പഴുതൂരില് കട നടത്തുന്ന വ്യാപാരിയാണ് രാജന്. കരിപ്രക്കോണത്തെ വീട്ടിലേയ്ക്ക് സ്കൂട്ടറില്‍ പോവുകയായിരുന്ന രാജനെ കാറില്‍ പിന്തുടര്‍ന്ന സംഘം ആദ്യം വാഹനമിടിച്ച് വീഴ്ത്തി.
ആളൊഴിഞ്ഞ നിരത്തില്‍ വീണുകിടന്ന രാജനെ അടിച്ചും വെട്ടിയും ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ഇതിനിടയില്‍ അതുവഴി വന്ന യാത്രക്കാരന് ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ അയാളെയും ഭീഷണിപ്പെടുത്തി ഓടിച്ചു.
തുടര്‍ന്ന് രാജനെ ഉപേക്ഷിച്ച് അക്രമിസംഘം സ്ഥലംവിട്ടു. വിവരമറിഞ്ഞ് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസിനു തുടക്കത്തില്‍ സംഭവത്തിനു പിന്നിലുള്ളവരെ സംബന്ധിച്ച് വ്യക്തമായ യാതൊരു തെളിവും ലഭിച്ചില്ല. സംഭവസ്ഥലത്തെയും പരിസരത്തെയും നൂറോളം സിസിടിവി കാമറകള്‍ പരിശോധിച്ചതോടെയാണ് ഫലപ്രദമായ അന്വേഷണത്തിന് സഹായകമായ സൂചനകള്‍ ലഭ്യമായത്.
രാജന്റെ വ്യാപാര സ്ഥാപനത്തിലെത്തിയ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് അക്രമി സംഘത്തിനെ ഏല്‍പ്പിച്ച ക്വട്ടേഷനാണിതെന്നാണു നിലവില്‍ കണ്ടെത്തല്‍. ഒരാഴ്ചമുന്‍പുതന്നെ സ്ഥലത്തെത്തിയ അക്രമി സംഘം കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും ക്വട്ടേഷന്‍ നല്‍കിയവരെ പറ്റിയുമൊക്കെ പോലീസ് ഊര്‍ജ്ജിതമായി അന്വേഷിക്കുന്നു.