പ്രേക്ഷകരുടെ പ്രതികരണം അറിഞ്ഞപ്പോൾ എന്തു തോന്നി?
ഒരു മാളിലാണ് ഞാൻ ഫാമിലിയായിട്ട് സിനിമ കാണാൻ പോയത്. പിന്നീട് മാളിൽ പോയപ്പോൾ സിനിമ കണ്ടവർ എന്ന തിരിച്ചറിഞ്ഞു. അവർ എന്നെ അതിഥി എന്നതിനു പകരം അലമാര എന്നും അരുണേട്ടാ എന്നൊക്കെയാണ് വിളിച്ചത്. കൂടുതലും അലമാര എന്നാണ് വിളിച്ചത്. അലമാരയല്ല, അതിഥിയാണു ഞാനെന്നു പറഞ്ഞുകൊടുക്കേണ്ടി വന്നു. സത്യത്തിൽ അതു മനസിന് ഏറെ സന്തോഷമാണ് നൽകിയത്. നമ്മളെ പ്രേക്ഷകർ ഓർത്തിരിക്കുന്നു എന്നതാണല്ലോ അതു സൂചിപ്പിക്കുന്നത്.
സിനിമ പ്രതീക്ഷിച്ച വിജയം നേടാനാവാത്തതിന്‍റെ നിരാശയുണ്ടോ?
നിരാശയൊന്നുമില്ല. കാരണം ഒരു സിനിമ വിജയിക്കുക, പരാജയപ്പെടുക എന്നത് നമ്മുടെ കൈയിലുള്ള കാര്യമല്ല. എന്‍റെ ആഗ്രഹം ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളെ മികച്ചതാക്കണമെന്നാണ്. പിന്നെ സിനിമയുടെ വിജയം അതു ഭാഗ്യവും സമയവുമൊക്കെ ആശ്രയിച്ചിരിക്കുന്നതാണ്. എത്രയോ നല്ല സിനിമകൾ തിയറ്ററിൽ പരാജയപ്പെടുകയും മോശം സിനിമകൾ വിജയക്കുകയും ചെയ്യുന്നതാണ് നമ്മുടെ നാട്ടിൽ. അപ്പോൾ ചെയ്യുന്ന കഥാപാത്രങ്ങളെ പ്രേക്ഷകർ ഓർത്തിരിക്കും വിധം മെച്ചമാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. പിന്നെ അങ്ങനെ നിരാശപ്പെടാൻ തുടങ്ങിയാൽ നമുക്കു മുന്നോട്ടു പോകാനാവില്ല. ഒന്നു പോയാൽ അടുത്തത് നോക്കാം, പോസിറ്റീവായിട്ട് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഫാമിലി സപ്പോർട്ട് എത്രത്തോളമുണ്ടായിരുന്നു?
ഫാമിലിയുടെ സപ്പോർട്ടുള്ളതുകൊണ്ടാണ് മുന്നോട്ടു പോകുന്നത് തന്നെ. ഞങ്ങൾ ഇപ്പോൾ സെറ്റിൽ ചെയ്തിരിക്കുന്നത് കൊച്ചിയിലാണ്. അച്ഛനും അമ്മയും ഒരു സിസ്റ്ററും ബ്രദറുമാണ് എനിക്കുള്ളത്. സഹോദരങ്ങൾ എന്നേക്കാൾ മൂത്തതാണ്. ഇവരുടെ പിന്തുണ വളരെ വലുതാണ്. സിസ്റ്ററിന്‍റെ കുട്ടികൾ പോലും വരെ ക്രിട്ടിക്കായിട്ടാണു കാര്യങ്ങൾ പറയുന്നത്. ഒന്നു നമ്മൾ ഡൗണായാൽ, കുഴപ്പമില്ല നമുക്ക് അടുത്തതിൽ പിടിക്കാമെന്നു പറയുന്നവരാണ് എന്‍റെ ഫാമിലി.
സിനിമയുടെ കാമറയ്ക്കു മുന്നിൽ ആദ്യമെത്തിയപ്പോൾ?
ആഡ് ഫിലിമിൽ കൂടി വന്നതുകൊണ്ട് ടെൻഷൻ ഉണ്ടായിരുന്നില്ല. കാമറയ്ക്കു മുന്നിൽ എങ്ങനെ നിൽക്കണമെന്നുള്ള ഐഡിയ ഉണ്ടായിരുന്നു. പിന്നെ അഭിനയത്തിനൊപ്പം ടെക്നിക്കലിയുള്ള കാര്യങ്ങളും ഞാൻ ശ്രദ്ധിക്കാറുണ്ട്. കാമറയ്ക്കു മുന്നിൽ എങ്ങനെയാകണം എന്നതിനു ചിത്രത്തിന്‍റെ കാമറമാൻ സതീഷേട്ടൻ വളരെ ഹെൽപ്ഫുള്ളായിരുന്നു. ഒരു ആർട്ടിസ്റ്റ് വെറുതെ നിന്നഭിനയിച്ചാൽ മാത്രം പോരാ, എന്തൊക്കെ ശ്രദ്ധിക്കണം എന്നതിന്‍റെയൊക്കെ പാഠങ്ങൾ അലമാരയുടെ സെറ്റിൽ നിന്നുമാണ് കിട്ടുന്നത്. വളരെ ഗുണകരമായ പാഠങ്ങളാണ് അലമാര എനിക്കു നൽകിയത്.
കഥാപാത്രത്തിനുള്ള തയ്യാറെടുപ്പുകൾ?
അങ്ങനെ തയ്യാറെടുപ്പൊന്നുമില്ല. പിന്നെ സ്ക്രിപ്ട് വായിച്ചുകൊണ്ടിരിക്കും. ഇപ്പോഴും ഞാൻ ഒരു ചിത്രത്തിന്‍റെ സ്ക്രിപ്ട് വായിക്കുകയാണ്. എന്തും ഒരുപാട് തവണ വായിച്ചാൽ അതു നമ്മുടെ മനസിൽ പതിയുമെന്നാണല്ലൊ. അപ്പോൾ കഥാപാത്രം നമ്മുടെയുള്ളിൽ എത്തിക്കഴിഞ്ഞാൽ ഷൂട്ടിംഗ് സമയത്ത് ഏതു സീൻ അഭിനയിക്കേണ്ടി വന്നാലും അതു പെട്ടെന്നു കണക്ട് ചെയ്യാൻ സാധിക്കും.
ആഡ് ഫിലിം ഇപ്പോഴും തുടരുന്നുണ്ടോ?
സിനിമയ്ക്കൊപ്പം തന്നെ ആഡ് ഫിലിമും കൊണ്ടു പോകുന്നുണ്ട്. സിനിമയിലെത്തുന്നതിനു മുന്നേ അതെന്‍റെ ഒപ്പം ഉണ്ടായിരുന്നതാണ്. ഇപ്പോഴും അത്ര തിരക്കോ മറ്റോ വന്നാൽ മാത്രമാണ് ആഡ് ഫിലിം ഒഴിവാക്കുകയുള്ളു. അല്ലാതെ ആഡ് ഫിലിം ഒരിക്കലും മാറ്റി നിർത്താനാവില്ല എനിക്ക്.
പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ് ?
ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്നത് ടിക് ടോക് എന്ന ചിത്രമാണ്. അതിൽ ടോവിനോയാണ് നായകൻ. വിവേക് അനിരുദ്ധൻ എന്ന പുതിയ സംവിധായകന്‍റെ ചിത്രമാണ്. ഈ വർഷാവസാനമോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന്‍റെ പ്രമോസോംഗിന്‍റെ ഷൂട്ടിംഗ് ഉടനുണ്ട്. ടോവിനോയുടെ ഡേറ്റിന് അനുസരിച്ചായിരിക്കും പിന്നീടുള്ളത്. ഒന്നു രണ്ടു ചിത്രത്തിന്‍റെ കഥകൾ കേട്ടു. ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല.
സ്റ്റാഫ് പ്രതിനിധി