ഹൗ ഓൾഡ് ആർ യു മുത ൽ സൈറാബാനു വരെ മഞ്ജു അഭിനയിച്ച ചിത്രങ്ങളെല്ലാം നായികാ കേന്ദ്രീകൃതമായിരുന്നു. വൻ വിജയങ്ങളാകാൻ എല്ലാ ചിത്രങ്ങൾക്കും കഴിഞ്ഞില്ലെങ്കിലും പുരുഷതാര സിനിമകൾക്കിടയിൽ ശ്രദ്ധനേടാൻ പല മഞ്ജു ചിത്രങ്ങൾക്കും കഴിഞ്ഞു. ഇപ്പോൾ മഞ്ജു മറ്റൊരു ഗംഭീര പ്രോജക്ടിനൊപ്പമാണ്. മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ആമി എന്ന ചിത്രത്തിലെ ടൈറ്റിൽറോളിൽ മഞ്ജു എത്തുന്പോൾ സിനിമാലോകം ഒന്നാകെ വൻ പ്രതീക്ഷയിലാണ്. കമൽ ഒരുക്കുന്ന ചിത്രം ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ പ്രോജക്ടായി കഴിഞ്ഞു.
പാർവതിയാണ് പെണ്‍സിനിമകളുടെ മറ്റൊരു ശ്രദ്ധാകേന്ദ്രം. എന്നു നിന്‍റെ മെയ്തീനും ടേക്ക് ഓഫുമൊക്കെ പാർവതിയുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു. വെറുതെ വന്നുപോകുന്ന നായികയ്ക്കപ്പുറം വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ മാത്രം സ്വീകരിക്കുന്ന പാർവതിയുടെ നയം അവർ ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. പാർവതിയെപ്പോലുള്ള ആർട്ടിസ്റ്റുകളുടെ സാന്നിധ്യം ഇവിടെ നായികാപ്രാധാന്യമുള്ള സിനിമകളുടെ ചിന്തകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
അണിയറിയിൽ സ്ത്രീപ്രാധാന്യമുള്ള ഒരുപിടി സിനിമകൾ ഒരുങ്ങുന്നുണ്ട്. സുഗതകുമാരിയുടെ കഥ പറയുന്ന പവിഴമല്ലിയിൽ ആശാശരത് പ്രധാന കഥാപാത്രമാകുന്നു. സിന്ധുരാജ് ഒരുക്കുന്ന അടുത്ത തിരക്കഥ സ്ത്രീ കഥാപാത്രത്തിന് പ്രധാന്യമേറിയതാണ്. ഒപ്പം വനിതാ സംവിധായകരുടെ സാന്നിധ്യവും എടുത്തു പറയേണ്ടതാണ്. അഞ്ജലിമേനോന്‍റെ സാന്നിധ്യം ഈ വർഷം ഉണ്ടായേക്കും. പൃഥ്വിരാജ് നായകനാകുന്ന ഒരു സിനിമയുടെ രചനയിലാണ് അഞ്ജലി ഇപ്പോൾ. ഒപ്പം ഗീതുമോഹൻദാസ് നിവിൻപോളിയെ നായകനാക്കി ഒരുക്കുന്ന മൂത്തവൻ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു.
തമിഴിലേയ്ക്കു വന്നാൽ നയൻതാര നടത്തുന്ന മുന്നേറ്റത്തെ ചെറുതായി കാണാനാവില്ല. ആദ്യകാലത്ത് ഗ്ലാമറിന്‍റെ പിൻബലത്തിൽ ശ്രദ്ധനേടിയ ഒരു നടി ഇപ്പോൾ അഭിനയപ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നേടുന്ന വിജയം എടുത്തു പറയേണ്ടതു തന്നെ. ഡോറ, അറം, കൊലൈയുതിർകാലം തുടങ്ങിയ നയൻതാര ചിത്രങ്ങളിൽ പേരിനാണ് നായകൻ. ഹാസ്യനടൻ സൂരിക്കൊപ്പം പോലും നയൻതാര അഭിനയിക്കുന്നു. തന്‍റെ ചിത്രം കച്ചവടം ചെയ്യാൻ പേരെടുത്ത നായകർ വേണ്ട എന്ന സൂചനയാണ് ഇതുവഴി നയൻതാര നൽകുന്നത്. അരഡസനോളം ചിത്രങ്ങളിൽ അഭിനയിച്ചു വരുന്ന തൃഷയും നയൻതാരയുടെ പാതയിൽ തന്നെ. മഞ്ജുവാര്യരെപ്പോലെ വിവാഹത്തിന് വർഷങ്ങൾക്കുശേഷവും താരമൂല്യം നിലനിറുത്താൻ ജ്യോതികയ്ക്ക് കഴിയുന്നു. ജ്യോതിക കേന്ദ്രകഥാപാത്രമാകുന്ന മകളീർമട്ടും എന്ന ചിത്രത്തിൽ പേരിനുപോലും നായകനില്ല.
തെലുങ്കിലും പെണ്‍സിനിമകൾ വിജയ കഥ പറയുന്നു. അനുഷ്കയും തമന്നയും നായക·ാരുടെ പിന്തുണയില്ലാതെ വിജയങ്ങൾ നൽകുന്ന നായികമാരാണ്. ബാഹുബലി പ്രഭാസിനെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നതെങ്കിലും രമ്യാകൃഷ്ണനും അനുഷ്കയും ചിത്രത്തിന് നൽകുന്ന കരുത്ത് ചെറുതല്ല.
പുരുഷകേന്ദ്രീകൃതമായ ഒരു ഇൻഡസ്ട്രിയിൽ വനിതകൾ നേടുന്ന മുന്നേറ്റം വരുംകാലങ്ങളിൽ ശക്തമാകുമെന്നു തന്നെ കരുതാം. സ്ത്രീ കേന്ദ്രീകൃത സിനിമകൾക്കൊപ്പം വനിതാസംവിധായകരുടെ സാന്നിധ്യം കൂടുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം. കൂടുതൽ വനിതകൾ സംവിധാന രംഗത്തേയ്ക്ക് എത്തുന്നതോടെ കാമറയിലും എഡിറ്റിംഗിലുമടക്കം വനിതാപ്രാതിനിധ്യം കൂടുതലുണ്ടാകും. എന്തായാലും ഇന്ത്യൻ സിനിമയിൽ എല്ലാ അർത്ഥത്തിലും സ്ത്രീസാന്നിധ്യം ഏറുകയാണ്. അത് സിനിമയ്ക്ക് ഗുണമല്ലാതെ ദോഷമൊന്നും ചെയ്യുകയില്ല എന്നതും എടുത്തു പറയേണ്ടതു തന്നെ.
ബിജോ ജോ തോമസ്