ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും കൂടിച്ചേരലുകളുടേയും പറുദീസയായിരുന്നു ആദ്യ പ്രേമമിഥുനങ്ങളായ ആദാമിന്‍റേയും ഹവ്വയുടേയും ഏദൻതോട്ടം. സ്വാതന്ത്ര്യത്തിന്‍റെ വിളംബരത്തിൽ അവർ ഏദനിൽ നിന്നും പുറത്താക്കപ്പെടുന്പോൾ പുതിയ കാലത്തിന്‍റെ ഏദൻതോട്ടത്തിലെ മാലിനി തന്‍റെ അസ്വാതന്ത്ര്യങ്ങളേയും പുരുഷാധിപത്യത്തിന്‍റെ അധീനത്വത്തെയുമാണ് പൊട്ടിച്ചെറിയുന്നത്. വാക്കുകളാൽ നിർവചിക്കാനാവാത്ത ആത്മബന്ധമാണ് മാലിനിയേയും ഏദൻ തോട്ടത്തിലെ രാമനിലേക്കെത്തിച്ചത്. രാമന്‍റെ ആ ഏദൻ തോട്ടത്തിൽ ഋതുഭേദങ്ങൾക്കായി കാത്തിരുന്നു വിരിയുന്ന വിശിഷ്ട പുഷ്പമായിരുന്നു മാലിനി.

പതിവു സിനിമാ രൂപത്തിന്‍റെ ചട്ടക്കൂടിൽ നിന്നും മാറിയാണ് രഞ്ജിത് ശങ്കർ തന്‍റെ പുതിയ ചിത്രവുമായി ഇത്തവണ എത്തിയത്. പ്രേക്ഷകരെ ആകർഷിക്കുന്ന പേരും ഗാനങ്ങളും ചിത്രത്തിനോടുള്ള പ്രതീക്ഷ വർധിപ്പിച്ചിരുന്നു. എന്നാൽ കാഴ്ചയിൽ വിസ്മയം ജനിപ്പിക്കുന്ന പതിവു ദൃശ്യ കോലാഹലങ്ങളിലേക്കു സഞ്ചരിക്കാതെ കാലു നനച്ചു പതിയെ ഒഴുകുന്ന ഒരു കാട്ടരുവി പോലയാണ് ചിത്രം സഞ്ചരിക്കുന്നത്. കാടിനു നടുവിൽ ഏദൻ തോട്ടം സൃഷ്ടിച്ച രാമനും ദാന്പത്യത്തിന്‍റെ പൊള്ളത്തരങ്ങൾക്കു മുന്നിൽ ആരുമല്ലാതായിപ്പോകുന്ന മാലിനിയും ജീവിതത്തിലെ പരാജയ ദൈന്യതയെ ധാർഷ്ട്യം കൊണ്ടു മുതലാക്കുന്ന എൽവിസും പ്രേക്ഷകർക്കു മുന്നിൽ വരച്ചിടുന്നത് അനുഭവങ്ങളെയാണ്. തന്‍റെ ചുറ്റുമുള്ള ജീവിതത്തിൽ നിന്നും സിനിമയെ കണ്ടെത്തുന്ന സംവിധായകൻ ഇത്തവണ പറയുന്നതും കാലോചിതമായ വിഷയം തന്നെ. അതു പറയുന്നതാകട്ടെ കാഴ്ചയ്ക്കനുരാഗം പകരുന്ന പുതിയ പശ്ചാത്തലത്തിലും.

വാഗമണ്ണിലെ കാടിനു നടുവിലെ റിസോർട്ടാണ് രാമന്‍റെ ഏദൻതോട്ടം. മനസ് നിറയെ സങ്കടവുമായി ഏദനിലെത്തുന്നവൻ മനസിൽ ആനന്ദം നിറച്ചാണ് തിരികെ പോകുന്നതെന്ന് ചിത്രത്തിൽ പറയുന്നുണ്ട്. ചിത്രം കാണുന്ന പ്രേക്ഷകന്‍റെയും മനസിൽ തന്‍റെ കുടുംബത്തെപ്പറ്റിയുള്ള സുന്ദരമായ ഒരു തലോടലായി മാറുന്നിടത്താണ് ഈ ഏദൻതോട്ടത്തിന്‍റെ വിജയം. കാടും മലയും പുഴയും മഞ്ഞും കിളിനാദവുമായി പുതിയൊരു ജീവിതവ്യവസ്ഥയിലേക്കാണ് രാമന്‍റെ ഏദൻ തോട്ടം എത്തുന്നത്. അപ്പോഴും കാടിന്‍റെ ദൃശ്യതയെ വെറുതെ കാണിച്ചു പോകാതെ കഥാംശവുമായി ഇഴചേർത്താണ് സിനിമ നീങ്ങുന്നത്. പരാജയ സിനിമകളുടെ നിർമ്മാതാവായ എൽവിസും ഭാര്യ മാലിനിയും മകളും ചേരുന്ന കുടുംബം ഇന്നു നമുക്കു ചുറ്റുമുള്ള ലോകത്തിന്‍റെ പ്രതീകങ്ങളാണ്. നൃത്തവും സംഗീതവും സ്വപ്നങ്ങളുമെല്ലാം വിവാഹത്തോടെ മറവിയിലുപേക്ഷിച്ച് യാന്ത്രികമായിത്തീരുന്ന സ്ത്രീ ജീവിതങ്ങളുടെ പുതിയ രൂപമാണ് മാലിനി. റിസോർട്ടിൽ കുടുംബമായി എത്തുന്ന മാലിനി ഒരു നോക്കു കാഴ്ചകൊണ്ടു തന്നെ വിഭാര്യനായ രാമന്‍റെ ഉള്ളിലെവിടെയോ പതിഞ്ഞു. പ്രണയമോ സൗഹൃദമോ എന്തെന്നു തിരിച്ചറിയാനാവാത്ത വിധമുള്ള അവരുടെ ആത്മ ബന്ധം ലോകത്തിന്‍റെ കണ്ണിൽ നിർവചിക്കാനാവാത്തതാണ്. അതു തന്നെയായിരുന്നു മാലിനിയുടെ ഉയിർത്തെഴുന്നേൽപിനു കാരണമായതും.

കുടുംബത്തിൽ പിറന്നതെന്നും അച്ചടക്കമുള്ളവളെന്നും പട്ടം നൽകി സ്വപ്നങ്ങളെ തളച്ചിട്ടവളുടെ കാലിൽ വീണ്ടും ചിലങ്കയണിയുന്പോൾ ആ ചിലന്പൊലി നാദം അവളുടെ തന്നെ സ്വാതന്ത്ര്യത്തിന്‍റെ അലയൊലികളായി മാറുകയാണ് ഇവിടെ. അതിനു കാരണമാകുന്നാകട്ടെ രാമന്‍റെ പ്രചോദനവും. ഒരു ലക്ഷം മരങ്ങളെ നടുന്ന, പട്ടണങ്ങളിൽ കാടിനെ വളർത്താൻ ശ്രമിക്കുന്ന രാമൻ മാലിനിയറിയാതെ അവളിലെ സ്ത്രീത്വത്തെ വളർത്തുകയായിരുന്നു. അതാകട്ടെ അരുതാത്തതിനോട് അരുതെന്നു പറയാനും ജീവിതത്തിനെ തനിച്ച് മുന്നോട്ടു കൊണ്ടുപോകാനുമുള്ള ധൈര്യം അവൾക്കു പകർന്നു. ഡൈവോഴ്സ് നോട്ടീസ് കൈപ്പറ്റുന്പോൾ തെറ്റു ക്ഷമിച്ചു കൂടെക്കൂട്ടാമെന്നു പറയുന്ന ഭർത്താവിനോട് എന്തു തെറ്റാണെന്നു തിരിച്ചു ചോദിക്കാനുള്ള ആർജവം അവൾക്കുണ്ടാകുന്നത് അനുഭവങ്ങളിൽ നിന്നുമാണ്. ഒരു കൂരയിൽ വെറുതെ ജീവിച്ചു തീർക്കുന്നതിനേക്കാൾ മനോഹരവും വ്യത്യസ്തവുമായ രണ്ടു ജീവിതം മകൾക്കായി സൃഷ്ടിക്കാമെന്നു പറഞ്ഞു പുഞ്ചിരിച്ചു നടക്കുന്ന മാലിനി ഇനിയുമേറെ ചർച്ചയ്ക്കും വായനയ്ക്കും ഇടം സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല. അതു വർത്തമാന കാലത്തിൽ ബന്ധങ്ങളുടെ പുതിയ തലങ്ങളെയാണ് കാണിച്ചു അതു തരുന്നത്.


രാമനായി കുഞ്ചാക്കോ ബോബനും മാലിനിയായി അനു സിത്താരയും എൽവിസായി ജോജു ജോർജുമാണ് ചിത്രത്തിലെത്തുന്നത്. സമീപ കാലങ്ങളിൽ മിതത്വത്തോടെ കഥാപാത്രങ്ങളിൽ സൗന്ദര്യം പകരുന്ന ചാക്കോച്ചന്‍റെ അഭിനയ മികവും ജോജുവിന്‍റെ എൽവിസായുള്ള പകർന്നാട്ടവും ചിത്രത്തിൽ ശ്രദ്ധേയമാണ്. പുതു നിരയിലെങ്കിലും മാലിനി എന്ന കഥാപാത്രത്തിലൂടെ ചിത്രത്തിനെ കൊണ്ടു പോകുന്നത് അനു സിതാരയാണ്. സമീപകാലത്തു മലയാള സിനിമയിലെ മികച്ച അഭിനയ പ്രതിഭകളിൽ ഒരാളാണ് അനു സിതാരയെന്നു ചിത്രം കാണിച്ചു തരുന്നുണ്ട്. ഇവർക്കൊപ്പം രമേഷ് പിഷാരടി, അജു വർഗീസ്, ശ്രീജിത് രവി, മുത്തുമണി എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

വാഗമണ്ണിലെ കാടിന്‍റെ മനോഹാരിതയെ കഥയ്ക്കനുയോജ്യമായി ഒപ്പിയെടുക്കുന്ന മധു നീലകണ്ഠന്‍റെ കാമറക്കാഴ്ചകളാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. കഥയ്ക്കനുയോജ്യമായി മാത്രം കാമറയും സഞ്ചരിക്കുന്നു എന്നത് ചിത്രത്തിന്‍റെ ഓരോ ഫ്രെയ്മിനേയും മനോഹരമാക്കുന്നുണ്ട്. ഒപ്പം ബിജിബാലിന്‍റെ ഈണങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്‍റെ മൂഡിനെ വളരെ വേഗത്തിൽ പ്രേക്ഷകരിലെത്തിക്കുന്നുണ്ട്. ചിത്രത്തിലെ മൂന്നു പാട്ടുകളും കാതിനിന്പവും കഥയിൽ മർമ്മവുമായി മാറുകയാണ്.
നൃത്തച്ചുവടുകളിലെ മുദ്രകൾ പോലെ മാലിനിയുടെ ജീവിതം പ്രേക്ഷകരെ ചില ചിന്തകളിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ആണ്‍-പെണ്‍ ബന്ധത്തിന്‍റെ കപടതകളും സത്യസന്ധതയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഏദൻതോട്ടം സമൂഹത്തിനോട് ജിവിതത്തിന്‍റെ ഒരു രേഖയിൽ കലഹിക്കേണ്ടി വരുന്ന ജീവിതങ്ങളെ കാണിച്ചു തരുന്നു. ഇവിടെ അതിന്‍റെ പ്രതീകമാണ് മാലിനി. ഒൗദാര്യത്തേക്കാൾ ആത്മാഭിമാനമാണ് ജീവിതത്തെ സുന്ദരമാക്കുന്നതെന്ന് ഏദൻതോട്ടത്തിലെ മാലിനി പ്രേക്ഷകനെ ചിന്തിപ്പിച്ച് കടന്നു പോകുന്നു. അപ്പോഴേക്കും ഓരോ പ്രേക്ഷകനും ആ ഏദൻ തോട്ടത്തിൽ ഹൃദയം കൂടുകൂട്ടിയിരിക്കും.

സ്റ്റാഫ് പ്രതിനിധി