രക്ഷാധികാരി ബിജു മേനോൻ
രക്ഷാധികാരി ബിജു മേനോൻ
സൂപ്പർതാര പദവിയുടെ ഘനവും വിഷ്വൽ ഇംപാക്ടിന്‍റെ മാന്ത്രികതയും ചടുലതാളവുമില്ലാതെ വേറിട്ടൊരു പാതയിലാണ് ബിജു മേനോൻ ചിത്രങ്ങളോരോന്നും. വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റിനു ശേഷം യാഥാർഥ്യവും ന·യും ഇടകലർത്തി നാട്ടിൻപുറത്തിന്‍റെയും ന·യുടെയും കഥകളാണ് ബിജു മേനോൻ ചിത്രങ്ങളോരോന്നും പറയുന്നത്. ഇപ്പോൾ തിയറ്ററിലെത്തിയ രക്ഷാധികാരി ബൈജു (ഒപ്പ്)വിൽ ഒരു നാട്ടിൻ പുറത്തിന്‍റെ രക്ഷാധികാരിയായ ബൈജു എന്ന സർക്കാരുദ്യോഗസ്ഥന്‍റെ ജീവിതമാണ് പറയുന്നത്. വില്ലനായും സ്വഭാവ നടനായും നായകനായും പലവിധ വേഷങ്ങൾ അഭ്രപാളിയിൽ ആടിത്തീർത്ത ബിജു മേനോന്‍റെ ലാളിത്യമാർന്ന അഭിനയ ശൈലിയുടെ പുത്തൻ പരിവേഷമാണ് രക്ഷാധികാരിയിൽ എത്തി നിൽക്കുന്നത്. ഇതു ബിജു മേനോന്‍റെ വിജയമാണ്.

രക്ഷാധികാരി ബൈജു

പ്രശസ്ത തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ് തിരക്കഥയും സംവിധാനവും ഒരുക്കി തിയറ്ററിൽ മികച്ച പ്രതികരണം നേടുന്ന ചിത്രമാണ് രക്ഷാധികാരി. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് ബിജു മേനോനാണ്. നമ്മൾ മറന്നു തുടങ്ങിയ നാട്ടിൻ പുറത്തിന്‍റെ ഓർമ്മകളും അനുഭവങ്ങളും കലർപ്പില്ലാതെ പറഞ്ഞിരിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ വിജയം. കുന്പളം എന്ന ഗ്രാമത്തിന്‍റെയും അവിടെയുള്ള ഒരു മൈതാനത്തിന്‍റെയും കഥയാണു വികസിക്കുന്നത്. അവിടെ ക്രിക്കറ്റുകലിയുണ്ട്. കുട്ടികൾ കളിച്ചു വളരാനുള്ള സൗകര്യവും അവർക്കു നിർദ്ദേശങ്ങൾ തരുവാൻ ബൈജുവുമുണ്ട്. ആധുനിക ലോകത്തിൽ മറന്നു പോകുന്ന ബാല്യത്തിന്‍റെ അനുഭവങ്ങളെ പുതിയ തലമുറയിൽ പകരാൻ ശ്രമിക്കുന്ന നാഗരികത വേരാഴ്ത്താത്ത നാട്ടിൻ പുറത്തിന്‍റെ ജീവിതങ്ങളുണ്ട്.

പതിവു സിനിമയുടെ പാതയൽ നിന്നും മാറിയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. ഹീറോയിസത്തിന്‍റെ മേലാ പ്പോ സംഘർഷ ഭരിതമായ നിമിഷങ്ങളോ ചടുലമായി പറയുന്ന കഥാഗതിയോ ഇല്ല. പകരം ഓർമ്മകൾക്കു താരാട്ടുപാടുന്ന ഒരു കഥപോലെയാണു ചിത്രം പോകുന്നത്. ഇടവേളയും ക്ലൈമാക്സുമൊക്കെ ചിത്രത്തിന്‍റെ ഒഴുക്കിനൊപ്പം വന്നു ചേരുകയാണ്. അവിടെയാണ് രക്ഷാധികാരി ബൈജുവിന്‍റെ പുതുമയും വ്യത്യസ്തതയും. നാട്ടിൻ പുറത്തിന്‍റെ കഥ പറയുന്നതുകൊണ്ടു തന്നെ വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. അജു വർഗീസ്, ദീപക്, ഹരീഷ് കണാരൻ, വിജയരാഘവൻ, ജനാർദ്ദനൻ, ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, ഹന്ന റെജി, ചേതൻ ലാൽ തുടങ്ങിയവരാണ് താരനിരയിൽ. ഇവരെല്ലാം ചെന്നെത്തി നിൽക്കുന്നത് ബൈജുവിലാണ്. കാരണം ബൈജുവെന്ന രക്ഷാധികാരിയില്ലെങ്കിൽ കുന്പളത്തിനു കഥയില്ല.

ബിജുവിൽ നിന്നും ബൈജുവിലേക്ക്

നമുക്കു പരിചിതമായ കുറച്ചേറെ ജീവിതങ്ങളെ വെള്ളിത്തിരയിൽ കാണുന്നിടത്താണ് രക്ഷാധികാരി ബൈജു വിജയം നേടുന്നത്. ബിജു മേനോനിൽ നിന്നും രക്ഷാധികാരി ബൈജുവിലേക്കെത്തുന്പോൾ നാട്ടിൻ പുറത്തിന്‍റെ ന·യുള്ളൊരു ജീവിതമാണ് പ്രേക്ഷകർക്കു മുന്നിൽ വരച്ചിടുന്നത്. അച്ഛനായും മകനായും ഭർത്താവായും സുഹൃത്തായും കുന്പളമെന്ന നാടിന്‍റെ സ്പന്ദനമാണ് ബൈജു. തേൽവിയിൽ നിന്നും പാഠങ്ങൾ പഠിക്കണമെന്നു പറയുന്ന ബൈജുവിനു തന്‍റെ എട്ടാം വയസുമുതലുള്ള ആത്മ ബന്ധമാണ് കുന്പളം ബ്രദേഴ്സിന്‍റെ മൈതാനവുമായുള്ളത്. മുപ്പത്താറു വർഷമായി ആ മൈതാനത്തു കളിക്കുന്പോഴും ഒരുപക്ഷേ കുടുംബത്തേക്കാൾ ബൈജുവിന്‍റെ മനസ് കണ്ടിച്ചുള്ളത് മൈതാനമാണ്. തന്നെപ്പോലെ തന്നെ നാട്ടുകാരെ സ്നേഹിക്കുന്ന ബൈജുവിന്‍റെ സുഹൃത്തുക്കളാണ് ആ ഗ്രൗണ്ടിൽ കളിക്കാൻ വരുന്ന കൊച്ചു കുട്ടി മുതൽ എല്ലാവരും. അവർക്കു വേണ്ടി സംസാരിക്കുന്നതുപോലും ബൈജുവാണ്. ബിജു മേനോന്‍റെ നായക കിരീടത്തിലെ ഒളി മങ്ങാത്ത മറ്റൊരു പൊൻതൂവലാണ് കുന്പളം ഗ്രാമത്തിന്‍റെ രക്ഷാധികാരി ബൈജു.

ഹീറോയിസത്തിന്‍റെ ഭാരമില്ലാതെ കഥാപാത്രത്തെ മികച്ച രീതിയിൽ ജനഹൃദയങ്ങളിൽ എത്തിക്കുന്നതിൽ സമകാലികരായ പല താരങ്ങളേക്കാളും ഒരുപിടി മുന്നിൽ നിൽക്കുകയാണ് ഇന്നു ബിജു മേനോൻ. ആരാധക വൃന്ദത്തിനപ്പുറം മലയാളികളേവരും കാത്തിരിക്കുന്ന രീതിയിലേക്കു തന്‍റെ ചിത്രങ്ങളെ കൊണ്ടെത്തിക്കാൻ ഈ താരത്തിനു കഴിഞ്ഞിരിക്കുന്നു. തന്‍റെ പ്രായത്തിന് അനുസൃതമായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിലും അതിനെ മികച്ച രീതിയിൽ പ്രതിഫലിപ്പക്കുന്നതിലും ഈ കലാകാരൻ അസാമാന്യ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കവി ഉദ്ദേശിച്ചതിലെ മിന്നൽ സൈമണും സ്വർണക്കടുവയിലെ റിനിയും അനുരാഗ കരിക്കിൻ വെള്ളത്തിലെ രഘുവും ലീലയിലെ കുട്ടിയപ്പനും അനാർക്കലിയിലെ സക്കറിയമൊക്കെയായി തന്‍റെ വേഷപ്പർച്ചയെ അതുല്യമാക്കുന്നിടത്താണ് ബിജു മേനോനെ പ്രതിഭയായി മാറ്റി നിർത്തുന്നത്.


തോളിലേറ്റി നിർത്തുന്ന താരം

ഒരു ചിത്രത്തിന്‍റെ ഭാരം തോളിലേറ്റി കഥാപാത്രമായി ആടിത്തീർക്കുക എന്ന വെല്ലുവിളിയാണ് ബിജു മേനോൻ തന്‍റെ ചിത്രങ്ങളിൽ ഇപ്പോൾ ചെയ്യുന്നത്. സഹനടനിൽ നിന്നും നായകനിലേക്കുള്ള മാറ്റത്തിൽ റിയലിസ്റ്റിക്കായി കഥ പറയുന്ന ചിത്രങ്ങളുടെ ഭാഗമായതോടെയാണ് ഈ വെല്ലുവിളി കൂടുതലാകുന്നത്. തന്‍റെ കഥാപാത്രത്തെ താഴെപ്പോകാതെ കൊണ്ടുപോകുന്പോഴും ചുറ്റുപാടുമുള്ളവർക്ക് അവസരം കിട്ടുന്നു എന്നതാണ് ബിജു മേനോൻ ചിത്രങ്ങളുടെ പ്രത്യേകത. താരാധിപത്യം കൂടുന്പോൾ നായകനിൽ മാത്രം കഥ ചുറ്റപ്പെടും. താരാധിപത്യത്തിന്‍റെ ഭാരങ്ങളൊട്ടുമില്ലാത്തുകൊണ്ടു തന്നെ ഇവിടെ തന്‍റെ സിനിമയിലെ ഉപതാരങ്ങളുടെ ജീവിതങ്ങളെ വരച്ചിടുന്നതിൽ ബിജു മേനോൻ ചിത്രങ്ങൾ ഒരുപടി മുന്നിൽ നിൽക്കുന്നു. അതുകൊണ്ടു തന്നെയാണ് തന്‍റെ ചുറ്റുപാടുള്ള ജീവിതത്തിൽ ബിജു മേനോൻ കഥാപാത്രങ്ങളോരോന്നും പരിചിതമായി പ്രേക്ഷകന് അനുഭവപ്പെടുന്നതും.

രക്ഷാധികാരിയിലേക്കെത്തുന്പോൾ അജു വർഗീസും ദീപക്കും ദിലീഷ് പോത്തനും ഹരീഷ് കണാരനും അലൻസിയാറും തുടങ്ങി ചിത്രത്തിലെ കൊച്ചു കുട്ടികളുടെ വരെ ഉപകഥകളെ താങ്ങി നിർത്തിയിരിക്കുന്നത് രക്ഷാധികാരി ബൈജുവാണ്. മുന്നിൽ വരുന്ന യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുന്പോഴും പുതിയ ലോകത്തിന്‍റെ പലായനത്തിൽ നഷ്ട പ്പെടുന്ന ഗ്രാമത്തിന്‍റെ ന·യെ ഓർത്തും യാന്ത്രികമായി പോകുന്ന ബാല്യകാലത്തെ നോക്കി നെടുവിർപ്പിടാനും ബൈജുവിനു മനസുണ്ടാകുന്നു. ബിജു മേനോൻ തന്‍റെ പാത്രാവിഷ്കരണത്തിൽ തെളിയിക്കുന്ന വൈഭവം ഇവിടെ ചിത്രത്തിനു മുതൽക്കൂട്ടാകുന്നു.

പ്രേക്ഷക പിന്തുണയോടെ

കുന്പളം ബ്രദേഴ്സ് ടീമിന്‍റെ കാപ്റ്റനാണ് ബൈജു. എന്നാൽ കളിയിൽ സിക്സറിട്ടു ജയിപ്പിക്കുന്ന അതികായനല്ല അയാൾ. ജയിച്ചാൽ ആനന്ദിക്കാനും തോൽവികളിൽ മടുക്കാതെ പാഠം ഉൾക്കൊള്ളാനും തന്‍റെ കൂട്ടത്തെ അയാൾ പഠിപ്പിച്ചു. നർമ്മവും നൊന്പരവും പ്രണയവും പ്രണയ നൈരാശ്യവും ഓർമ്മകളാക്കി ജീവിതത്തെ പ്രയോജനകരമാക്കിയാണ് ബൈജു പ്രേക്ഷക മനസിലിടം നേടിയത്. ഇവിടെ ബിജുവിന്‍റെ ബൈജു വെള്ളിമൂങ്ങയിലെ മാമച്ചനെ പോലെ ജനഹൃദയം സ്വന്തമാക്കി മുന്നേറുകയാണ്. നല്ല സിനിമകളെ എന്നും സ്വീകരിക്കുന്ന പ്രേക്ഷകരുടെ പിന്തുണയാണ് ഇവിടെ നിർണായകമാകുന്നത്. വന്പൻ മുതൽ മുടക്കിലെത്തി വിഷ്വൽ പരിഭ്രാന്തി പരത്തുന്ന ചിത്രങ്ങളോടാണ് ഇത്തരം സിനിമകൾക്ക് ഏറ്റുമുട്ടേണ്ടി വരുന്നത്. ബിജു മേനോന്‍റെ രക്ഷാധികാരി ഇതിനിടയിലും പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടുന്നത് അതു പകരുന്ന ന·കൊണ്ടാണ്...

ബൈജുവിനെ അഴിച്ചുവയ്ക്കുന്പോൾ

രക്ഷാധികാരിയായി രണ്ടര മണിക്കൂറിലധികം പ്രേക്ഷകന്‍റെ മുന്പിൽ ആടിത്തിമിർക്കുന്ന ബിജു മേനോന് ഇനിയുമേറെ കാലം മുന്നോട്ടു പോകാനുള്ള പിന്തുണയാണ് മലയാളികൾ നൽകുന്നത്. ഇപ്പോൾ തിയറ്ററിലെത്തുന്ന ലക്ഷ്യത്തിൽ ഇന്ദ്രജിത്തിനൊപ്പമാണ് ഈ കലാകാരനെത്തുന്നത്. ഒരു ത്രില്ലർ സ്വഭാവത്തോടെ എത്തുന്ന ഈ ചിത്രത്തിലെ മുസ്തഫയും പ്രേക്ഷകർ സ്വീകരിക്കുമെന്നതിൽ തർക്കമില്ല. പിന്നാലെ ലവകുശയും ഒരായിരം കിനാക്കളും എത്താൻ തയാറാവുകയാണ്. ഹിറ്റ് സംവിധായകൻ ഷാഫിയും ബിജു മേനോനൊപ്പം ചേരുന്നതോടെ പ്രേക്ഷകരുടെ പ്രതീക്ഷ ഉയരുകയാണ്. പ്രേക്ഷകരും പറയുന്നു മലയാള സിനിമയിലെ രക്ഷാധികാരി ബിജു മേനോൻ തന്നെ...

സ്റ്റാഫ് പ്രതിനിധി