ബോളിവുഡിൽ ഇപ്പോൾ സജീവമാണോ?
അവിടെ മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ട്. ഇപ്പോൾ ചെയ്യാൻ പോകുന്നത് സണ്ണി ലിയോണിന്‍റെ ചിത്രമാണ്. അവരുടെ അമ്മയായാണ് അഭിനയിക്കുന്നത്. പോലീസ് ഓഫീസറായാണ് സണ്ണി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. അടുത്ത ഷെഡ്യൂൾ ബാങ്കോക്കിലാണ്. ടെലിവിഷനിലും നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ട്.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചതിനുശേഷമാണല്ലോ സിനിമയിൽ എത്തിയത്. വീട്ടിൽ നിന്നു പ്രോൽസാഹനമുണ്ടായിരുന്നോ?
അഭിനയമായിരുന്നു എന്‍റെ ലക്ഷ്യം. അതിനായാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ ചേർന്നത്. എന്‍റെ അച്ഛൻ സെൻട്രൽ എക്സൈസിൽ ഡപ്യൂട്ടി സൂപ്രണ്ടായിരുന്നു. അച്ഛനും അമ്മയും വളരെ ബ്രോഡ് മൈൻഡഡായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിന് അവർക്ക് വിരോധമില്ലായിരുന്നു. പ്രോൽസാഹിപ്പിച്ചിട്ടേയുള്ളൂ.
ദക്ഷിണേന്ത്യൻ ഭാഷകളിൽ മലയാളത്തിലാണല്ലോ ഏറെ തിളങ്ങാൻ കഴിഞ്ഞത്?
എന്‍റെ ആദ്യത്തെ മലയാളസിനിമ മദനോൽസവം വലിയ ഹിറ്റായിരുന്നു. അപ്പോൾ ഞാൻ ഹിന്ദിയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ മലയാളത്തിൽ നിന്ന് ഒന്നിനു പിറകേ ഒന്നായി അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. എല്ലാം നല്ല വേഷങ്ങൾ. അങ്ങനെയാണ് മലയാളത്തിൽ കൂടുതൽ ശ്രദ്ധിച്ചത്.
മലയാളത്തിലെ അന്നത്തെ നായക·ാരെ ഓർക്കാറുണ്ടോ? പിന്നീടവരെ കണ്ടിട്ടുണ്ടോ?
നെടുമുടിവേണു, പ്രതാപ് പോത്തൻ, ഭരത്ഗോപി, മമ്മൂട്ടി, മോഹൻലാൽ, രതീഷ് തുടങ്ങിയവരൊടൊപ്പം അഭിനയിച്ചിട്ടുണ്ട്. മമ്മൂക്കയെ ഒരിക്കൽ ദുബായിലെ ഒരു ഷോപ്പിംഗ് മാളിൽ യാദൃശ്ചികമായി കണ്ടു. കുറേ നേരം സംസാരിച്ചു. മോഹൻലാലിനെ മുബൈയിൽ സ്റ്റുഡിയോയിൽ വച്ച് കണ്ടിട്ടുണ്ട്. ഞാനൊരു ഹിന്ദി പടത്തിന്‍റെ ഷൂട്ടിംഗിലായിരുന്നു. ലാൽ ഒരു മലയാളസിനിമയുടേയും. രണ്ടു പേർക്കും വലിയ സന്തോഷമായി.
വിശ്വാസപൂർവം മൻസൂറിലെ അനുഭവങ്ങൾ?
ഈ സിനിമയിൽ അഭിനയിക്കുന്നവരെല്ലാം എന്നെ സംബന്ധിച്ച് പുതിയ മുഖങ്ങളാണ്. ഞാനാദ്യമാണ് എല്ലാവരേയും കാണുന്നത് മുംബൈയിൽ നിന്നും മകളോടൊപ്പം നാട്ടിൽ വരുന്ന ഒരമ്മയുടെ കഥാപാത്രമാണ് ചിത്രത്തിൽ.
ഒരു അഭിനേത്രി എന്ന നിലയിൽ സംതൃപ്തയാണോ?
ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എല്ലാവരും ആഗഹിക്കുന്നത് കുറച്ച് അംഗീകാരം, സ്നേഹം ഇതൊക്കെയാണ്. ഇത് എനിക്ക് ആവോളം ലഭിച്ചു. കേരളത്തിൽ എപ്പോൾ വന്നാലും ആൾക്കാർ മദനോൽസവത്തേക്കുറിച്ചും അതിലെ മാടപ്രാവേ വാ.... എന്ന പാട്ടിനെക്കുറിച്ചമൊക്കെ ആവേശത്തോടെ സംസാരിക്കും. ഇതിൽ പരം ഒരു അഭിനേതാവിന് എന്തു സന്തോഷം ലഭിക്കാനാണ്.
കുടുംബ വിശേഷം?
ഭർത്താവ് ആജിത്യ പഞ്ചോളി, രണ്ടു മക്കൾ. ഒരു മകനും മകളും.
ബിജോ ജോ തോമസ്