ശിവപുരത്തെ ദിഗംബരൻ (സൂപ്പർ ക്യാരക്ടർ)
ശിവപുരത്തെ ദിഗംബരൻ (സൂപ്പർ ക്യാരക്ടർ)
Saturday, May 6, 2017 4:13 AM IST
ദിക്കുകളെ അംബരമാക്കുന്നവനാണ് ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പിച്ചിട്ടുള്ളത്. അതിൽ നിന്നെല്ലാം മാറി മാന്ത്രികവിദ്യയുടേയും മന്ത്രവാദത്തിന്േ‍റയും മായാപ്രപഞ്ചത്തിൽ വിരാചിക്കുന്നവനാണ് ശിവപുരത്തെ ദിഗംബരൻ. കൂർത്ത നഖങ്ങളും തെയ്യത്തിനെ ഓർമ്മപ്പെടുത്തുന്നതുപോലെ ചോരയുടേയും ഇരുട്ടിന്േ‍റയും നിറങ്ങളെ മുഖച്ചായവും വസ്ത്രവുമാക്കിയവൻ. കാലങ്ങളായുള്ള ആഭിചാര കർമ്മങ്ങളിലൂടെ നേടിയ പരകായ സിദ്ധിയിലൂടെ ലോകത്തെ ജയിക്കാൻ ഒരുങ്ങുകയാണ് ദിഗംബരൻ. അവനു വേണ്ടത് പ്രകൃതിയെ നിയന്ത്രിക്കുന്ന നാഗമാണിക്യവും താളിയോലകളുമാണ്.

ഹരിഹരന്‍റെ സർഗത്തിൽ കുട്ടൻ തന്പുരാനായി പ്രേക്ഷകരെ വിസ്മയിപ്പിച്ച മനോജ് കെ ജയന്‍റെ ശക്തമായ മറ്റൊരു കഥാപാത്രമായിരുന്നു 2005-ൽ റിലീസായ അനന്ദഭദ്രത്തിലെ ദിഗംബരൻ. സുനിൽ പരമേശ്വരന്‍റെ തിരക്കഥയിൽ കാമറമാനും സംവിധായകനുമായ സന്തോഷ് ശിവൻ ഒരുക്കിയ അനന്ദഭദ്രത്തിലെ വില്ലൻ വേഷമായിരുന്നു ദിഗംബരൻ. വില്ലൻ വേഷത്തിന്‍റെ ചട്ടക്കൂടിനപ്പുറത്ത് അഭ്രപാളിയിൽ നാട്യ മികവിന്‍റെ അസുലഭ നിമിഷം പകരാൻ മനോജ് കെ ജയനു കഴിഞ്ഞു. മന്ത്രവാദ ആവരണത്തിനെ നിർത്തുന്പോഴും പ്രണയവും പ്രതികാരവും നിസഹായതയും ആയോധന മെയ്വഴക്കവുമായി ചിത്രത്തിൽ നായകനേക്കാൾ മുന്നിലെത്താൻ ഈ അഭിനേതാവിനു കഴിഞ്ഞു. ന്ധതിര നുരയും ചുരുൾ മുടിയിൽ’ എന്ന ഗാനത്തിൽ പ്രണയാതുരനായ ദിഗംബരനായുള്ള മനോജ് കെ ജയന്‍റെ പകർന്നാട്ടം അതു കാണിച്ചു തരുന്നു.

തന്‍റെ മുത്തച്ഛനെ നശിപ്പിച്ച മാടന്പിക്കാരോടുള്ള പകയാണ് ദിഗംബരന്‍റെയുള്ളിൽ. അപ്പോഴും മാടന്പിയിലെ സുഭദ്രയോടുള്ള പ്രണയം മനസിലുണ്ടായിരുന്നു. എന്നാൽ ഒരു നിമിഷത്തിന്‍റെ ആവേശത്തിലുള്ള തന്‍റെ ചെയ്തികളാൽ അവളുടെ ജീവൻ പൊലിഞ്ഞപ്പോൾ അതിനായി കണ്ടെത്തിയ പുതിയ മാർഗമായിരുന്നു താൻ അന്ധനാക്കിയ കളരിക്കൽ ചെന്പന്‍റെ സഹോദരി ഭാമ. ആഭിചാര കർമ്മങ്ങളിലൂടെ തനിക്ക് അടിമയായ ഭാമയുടെ ജീവനെ സുഭദ്രയിലേക്ക് ആവാഹിക്കണം. അതിനായി സുഭദ്രയുടെ ജഡം ഇപ്പോഴും മാന്ത്രിക എണ്ണത്തോണിയിൽ സൂക്ഷിക്കുകയാണ്. എന്നാൽ അമാവാസിയിൽ ആയില്യം നാളിൽ ജനിച്ച അനന്തനും ചെന്പനും ശിവറാമും മുന്നിലുണ്ട്. ഇതനുമപ്പുറം നാഗമാണിക്യത്തിനു കാവൽ നിൽക്കുന്ന കുഞ്ഞൂട്ടനെന്ന സർപ്പത്തെയും മറികടക്കണമെങ്കിൽ മാടന്പി മനയിലെ ഇളയ തലമുറക്കാരിയുടെ ചെറുവിരൽ സ്പർശവും ഒപ്പം വേണം.


ശിവക്കാവിലെത്തുന്ന അനന്തനെ ശിവപൂജയിലൂടെ നിസഹായനാക്കി പരകായ സിദ്ധിയിലൂടെ അവനിൽ പ്രവേശിച്ച് തന്‍റെ ലക്ഷ്യത്തിലെത്താനും മാടന്പിക്കാരെ നശിപ്പിക്കാനാണു ദിഗംബരന്‍റെ ശ്രമം. അതിനായി എണ്ണദ്രോണിയിലെ ഒൗഷധ എണ്ണയിൽ തന്‍റെ ശരീരം ഉപേക്ഷിച്ച് അനന്തനിൽ പ്രവേശിക്കുന്നു. ശിവറാമിന്‍റെ ഇടപെടലാണ് മുന്നിലുള്ള വെല്ലുവിളി. ആത്മാർത്ഥ സുഹൃത്തെങ്കിലും എതിരെ നിൽക്കുന്ന ശിവറാം തനിക്കിന്നു ശത്രുവാണ്. അനന്തനിലൂടെ ശിവറാമിന്‍റെ നട്ടെല്ലിലേക്കു കത്തിയാഴ്ത്താനും ഭദ്രയെ മാന്ത്രികപ്പുരയിലേക്കു കൊണ്ടു പോകാനും കഴിഞ്ഞു. എന്നാൽ തന്‍റെ ജീവിതം നശിപ്പിച്ചവന്‍റെ നാശം ആഗ്രഹിച്ച ഭാമ ദിഗംബരന്‍റെ ബ്രഹ്മചര്യം നശിപ്പിക്കുന്നിടത്താണ് നാശം തുടങ്ങുന്നത്. അതോടെ അവന്‍റെ മാന്ത്രിക ശക്തി യെല്ലാം നശിച്ചു. എങ്കിലും അനന്തനെ ഉപദ്രവിച്ച് ഭദ്രയിലൂടെ നാഗമാണിക്യം സ്വന്തമാക്കാൻ വീണ്ടും ശ്രമിച്ചു. എന്നാൽ ആഭിചാര ശക്തിയാവാഹിച്ച കാലിലെ തള്ളവിരൽ മോതിരം അറുത്തുമാറ്റി ദിഗംബരനെ കാഴ്ച അന്ധമാക്കുന്നു ചെന്പൻ.

മറ്റുള്ളവരുടെ കണ്ണിൽ തെറ്റെങ്കിലും തന്േ‍റതായ ശരികളിലൂടെയാണ് ദിഗംബരൻ സഞ്ചരിച്ചത്. ചുറ്റുപാടുമുള്ള പ്രകൃതിയെ പോലും നിയന്ത്രിക്കാൻ സാധിച്ച ദിഗംബരന്‍റ വ്രതവും പൂജയുമെല്ലാം സുഭദ്രയെ പുനർജീവിപ്പിക്കാനായിരുന്നു. ഈ ലോകത്തിന്‍റെ സൗന്ദര്യത്തിനെ അവളിലേക്കാവാഹിച്ച ആ പ്രണയതുരമായ മനസിനെ കാണാൻ ആർക്കും സാധിച്ചില്ല.

മനോജ് കെ. ജയനെ ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിന്‍റെ അവസാനഘട്ട മത്സരം വരെയെത്തിക്കാൻ ദിഗംബരന്‍റെ കഥാപാത്രത്തിനു സാധിച്ചു. ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ഈ കഥാപാത്രം അത്രത്തോളം അനുയോജ്യമായിരുന്നു മനോജിന്‍റെ നാട്യത്തിലും സംഭാഷണ മികവിലും ഭാവ ചലനങ്ങളിലും. അഭിനേതാവ് കഥാപാത്രത്തെ അഴിച്ചുമാറ്റിയെങ്കിലും ശിവപുരത്തെ മാന്ത്രികപ്പുരയിൽ കാഴ്ച നഷ്ടപ്പെട്ടെ ദിഗംബരൻ ഇന്നും തന്‍റെ സുഭദ്രയെ ഓർത്തു തേങ്ങുകയാവാം...

അനൂപ് ശങ്കർ