ഗ്രേറ്റ് ഫാദറിലൂടെ അഭിലാഷ് ഹുസൈൻ
ഗ്രേറ്റ് ഫാദറിലൂടെ അഭിലാഷ് ഹുസൈൻ
Thursday, May 11, 2017 4:31 AM IST
ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ എസ്ഐ ശ്രീകുമാറിനെ പെട്ടെന്നാരും മറക്കില്ല. "മിസ്റ്റർ ഡേവിഡ് കണ്ടിട്ട് സിഗരറ്റ് വലിക്കുന്ന ആളാണെന്നു തോന്നുന്നില്ല.’’ എന്നുള്ള ഈ പോലീസ് ഉദ്യോഗസ്ഥന്‍റെ പരാമർശത്തിനു തൊട്ടുപിന്നാലെ സിഗരറ്റ് പുക ഉൗതിവിട്ടുകൊണ്ട് കൈവീശി പടിയിറങ്ങിവരുന്ന മമ്മൂട്ടിയുടെ ദൃശ്യം ടീസറിലൂടെ ജനം നേരത്തേ ഹൃദയത്തിലേറ്റിയതാണ്. ഗ്രേറ്റ് ഫാദറിലെ കർക്കശക്കാരനായ എസ്ഐ ശ്രീകുമാറിനെ അവതരിപ്പിച്ചിരിക്കുന്നത് യുവനടൻ അഭിലാഷ് ഹുസൈനാണ്. ഐ.ടി മേഖലയിൽ എൻജിനീയറായ അഭിലാഷ് സിനിമ എന്ന തന്‍റെ സ്വപ്നവും ഗ്രേറ്റ് ഫാദർ വിശേഷങ്ങളും രാഷ്ട്രദീപിക സിനിമയുമായി പങ്കുവയ്ക്കുന്നു.

ഗ്രേറ്റ് ഫാദറിൽ സൂപ്പർ താരം മമ്മൂട്ടിക്കൊപ്പം അഭിനയിച്ച നിമിഷങ്ങളെ എങ്ങനെ കാണുന്നു?

മറക്കുവാൻ കഴിയുന്നതല്ല. കുട്ടിക്കാലം മുതൽ മമ്മൂട്ടി, മോഹൻലാൽ എന്നീ അഭിനേതാക്കളെ ആരാധിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ മമ്മൂക്ക നായകാകുന്ന സിനിമയിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള ഒരവസരം ലഭിച്ചത് ദൈവാനുഗ്രഹമായി കരുതുകയാണ്. ന്ധദി ഗ്രേറ്റ് ഫാദറിന്‍റെ സംവിധായകൻ ഹനീഫ് അദേനിയോടും നിർമാതാക്കളായ ഓഗസ്റ്റ് സിനിമ ഉൾപ്പെടുന്ന ഗ്രേറ്റ് ഫാദറിന്‍റെ എല്ലാ ശില്പികളോടും പ്രത്യേക നന്ദിയുണ്ട്.

ചെറുപ്പം മുതൽ ഉള്ളിൽ വച്ചാരാധിച്ച സൂപ്പർ നടനൊപ്പം കാമറയ്ക്കു മുന്നിൽ അഭിനയിക്കേണ്ടിവന്നപ്പോൾ എന്തായിരുന്നു അനുഭവം?

എന്‍റെ ഐഡിയൽ ഹീറോയായ മമ്മുക്കയെ ആദ്യം അടുത്തു കാണുന്നത് കാമറയ്ക്കു മുന്പിൽവച്ചാകുന്പോൾ ഉള്ളിൽ ഉണ്ടാകുന്ന ഒരു എക്സൈറ്റ്മെന്‍റ് എന്തായിരുന്നു എന്ന് ഉൗഹിക്കാമല്ലോ. വല്ലാത്ത ഒരു യാദൃച്ഛികതയും കൗതുകവുമൊക്കെ ഇതിനു പിന്നിലുണ്ട്. ഗ്രേറ്റ് ഫാദറിൽ മമ്മുക്കയുമൊന്നിച്ചുള്ള രംഗം ചിത്രീകരിച്ചത് തൃശൂരിലെ ഒരു ഫ്ളാറ്റിൽവച്ചായിരുന്നു. ആദ്യം റിഹേഴ്സൽ എടുത്തു. മമ്മുക്കയ്ക്കു പകരം മറ്റൊരു ആർട്ടിസ്റ്റായിരുന്നു റിഹേഴ്സൽ സമയത്ത്. ഫ്ളാറ്റിന്‍റെ മുൻവാതിൽ തുറക്കുന്നു. വാതിലിനുള്ളിൽ നിൽക്കുന്ന കഥാപാത്രത്തോട് ഞാൻ ഡയലോഗ് പറയുന്നു. ഇതാണ് രംഗം. റിഹേഴ്സൽ കഴിഞ്ഞ് വാതിൽ തറന്നതും കണ്ടത് തൊട്ടുമുന്നിൽ മമ്മുക്ക നിൽക്കുന്നതാണ്. വാക്കുകൾകൊണ്ട് പറയുവാൻ കഴിയുന്നതല്ല അപ്പോൾ ഹൃദയത്തിൽ ഉണ്ടായ വികാരം. കഥാപാത്രമായിത്തന്നെ ഞാൻ അകത്ത് പ്രവേശിച്ചു. സംഭാഷണം ആദ്യം എടുത്തപ്പോൾ ഒന്നു തെറ്റി. സംഭാഷണം കാണാതെ പഠിച്ചുപറയുന്ന രീതിയാണ് എനിക്കു പൊതുവേ യോജിച്ചത്. പ്രോംപ്റ്റിംഗ് വേണോ എന്നുള്ള ഒരു ആലോചനയുണ്ടായപ്പോൾ പെട്ടെന്നു മമ്മുക്ക പറഞ്ഞു. ന്ധഅയാൾ കാണാതെതന്നെ പറയട്ടെ. ആൾക്ക് അതിനു കഴിയും’ ആ ഒരു സപ്പോർട്ട് എന്‍റെ ആത്മവിശ്വാസം വളരെ വർധിപ്പിച്ചു. ഡയലോഗ് നന്നായി പറയാൻ എനിക്കു സാധിച്ചു.


സിനിമയുടെ ടീസറിലും എസ്ഐ ശ്രീകുമാറിന്‍റെ ഉജ്വലപ്രകടനംതന്നെയാണല്ലോ വന്നതും?

അതും ഇരട്ടി മധുരമായി തോന്നുകയാണ്. അങ്ങനെ പറയുവാൻ മറ്റൊരു കാരണം കൂടിയുണ്ട്. ടീസറിന്‍റെ കാര്യം മമ്മുക്ക തന്നെ അടുത്തയിടെ സൂചിപ്പിച്ചു. സിനിമയിൽ ഞങ്ങളുടെ കോന്പിനേഷൻ സീൻ ഉണ്ടായിരുന്നെങ്കിലും മമ്മുക്കയെ കാണുവാനോ സംസാരിക്കാനോ എനിക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ ആഴ്ച മമ്മുക്കയുടെ പുതിയ സിനിമയുടെ ഷൂട്ടിംഗ് സെറ്റിലെത്തി നേരിട്ട് കാണുവാൻ കഴിഞ്ഞു. കണ്ടയുടനെ അദ്ദേഹം ടീസറിൽ എന്നെ കണ്ടതിനെക്കുറിച്ച് പുഞ്ചിരിയോടെ പറഞ്ഞു.

പോലീസ് വേഷം അഭിലാഷ് ഹുസൈന്‍റെ ഭാഗ്യവേഷമായി മാറുകയാണോ?

സിനിമാ ലോകത്ത് ഒരു എൻട്രി നൽകിയത് പോലീസ് വേഷംതന്നെയാണ്. എന്നാൽ, ഇനിയും പോലീസ് വേഷംതന്നെ തുടരണമെന്നില്ല. അഭിനയസാധ്യത ഉള്ള നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കണമെന്നാണ് എന്‍റെ ആഗ്രഹം.

എസ്. മഞ്ജുളാദേവി