രാമനായി കുഞ്ചാക്കോ ബോബനും മാലിനിയായി അനു സിത്താരയും എൽവിസായി ജോജു ജോർജുമാണ് ചിത്രത്തിലെത്തുന്നത്. സമീപ കാലങ്ങളിൽ മിതത്വത്തോടെ കഥാപാത്രങ്ങളിൽ സൗന്ദര്യം പകരുന്ന ചാക്കോച്ചന്‍റെ അഭിനയ മികവും ജോജുവിന്‍റെ എൽവിസായുള്ള പകർന്നാട്ടവും ചിത്രത്തിൽ ശ്രദ്ധേയമാണ്. പുതു നിരയിലെങ്കിലും മാലിനി എന്ന കഥാപാത്രത്തിലൂടെ ചിത്രത്തിനെ കൊണ്ടു പോകുന്നത് അനു സിതാരയാണ്. സമീപകാലത്തു മലയാള സിനിമയിലെ മികച്ച അഭിനയ പ്രതിഭകളിൽ ഒരാളാണ് അനു സിതാരയെന്നു ചിത്രം കാണിച്ചു തരുന്നുണ്ട്. ഇവർക്കൊപ്പം രമേഷ് പിഷാരടി, അജു വർഗീസ്, ശ്രീജിത് രവി, മുത്തുമണി എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.
വാഗമണ്ണിലെ കാടിന്‍റെ മനോഹാരിതയെ കഥയ്ക്കനുയോജ്യമായി ഒപ്പിയെടുക്കുന്ന മധു നീലകണ്ഠന്‍റെ കാമറക്കാഴ്ചകളാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. കഥയ്ക്കനുയോജ്യമായി മാത്രം കാമറയും സഞ്ചരിക്കുന്നു എന്നത് ചിത്രത്തിന്‍റെ ഓരോ ഫ്രെയ്മിനേയും മനോഹരമാക്കുന്നുണ്ട്. ഒപ്പം ബിജിബാലിന്‍റെ ഈണങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്‍റെ മൂഡിനെ വളരെ വേഗത്തിൽ പ്രേക്ഷകരിലെത്തിക്കുന്നുണ്ട്. ചിത്രത്തിലെ മൂന്നു പാട്ടുകളും കാതിനിന്പവും കഥയിൽ മർമ്മവുമായി മാറുകയാണ്.
നൃത്തച്ചുവടുകളിലെ മുദ്രകൾ പോലെ മാലിനിയുടെ ജീവിതം പ്രേക്ഷകരെ ചില ചിന്തകളിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ആണ്‍-പെണ്‍ ബന്ധത്തിന്‍റെ കപടതകളും സത്യസന്ധതയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഏദൻതോട്ടം സമൂഹത്തിനോട് ജിവിതത്തിന്‍റെ ഒരു രേഖയിൽ കലഹിക്കേണ്ടി വരുന്ന ജീവിതങ്ങളെ കാണിച്ചു തരുന്നു. ഇവിടെ അതിന്‍റെ പ്രതീകമാണ് മാലിനി. ഒൗദാര്യത്തേക്കാൾ ആത്മാഭിമാനമാണ് ജീവിതത്തെ സുന്ദരമാക്കുന്നതെന്ന് ഏദൻതോട്ടത്തിലെ മാലിനി പ്രേക്ഷകനെ ചിന്തിപ്പിച്ച് കടന്നു പോകുന്നു. അപ്പോഴേക്കും ഓരോ പ്രേക്ഷകനും ആ ഏദൻ തോട്ടത്തിൽ ഹൃദയം കൂടുകൂട്ടിയിരിക്കും.
സ്റ്റാഫ് പ്രതിനിധി