മലയാള സിനിമയ്ക്ക് വേറിട്ട പാത തുറന്ന അതുല്യപ്രതിഭ ബാലചന്ദ്രമേനോൻ സംവിധായകനായി തുടക്കം കുറിച്ച ഉത്രാടരാത്രി എന്ന ചിത്രത്തിനു കാമറ ചലിപ്പിച്ചത് ഹേമചന്ദ്രനാണ്. മധു, സുകുമാരൻ, രവി മേനോൻ, ശോഭ, കനകദുർഗ തുടങ്ങിയ താരങ്ങളോടൊപ്പം ബാലചന്ദ്രമേനോനും വേഷമിട്ടു. ഈ ചിത്രത്തിൽ വേഷമിട്ട നടി കനകദുർഗ പിന്നീട് ഹേമചന്ദ്രന്‍റെ ജീവിതസഖിയായി മാറി. ഇവരുടെ മകൾ മാനസ പിൽക്കാലത്ത് ഏതാനും മലയാള ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിരുന്നു.
സുകുമാരൻ, ശുഭ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാലി കെ.പി. കുമാരൻ സംവിധാനം ചെയ്ത ആദിപാപം, സുകുമാരൻ, ശോഭ ജോഡികളെ അണിനിരത്തി മോഹൻ സംവിധാനംചെയ്ത സൂര്യദാഹം എന്നീ ചിത്രങ്ങൾക്കും ഹേമചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചത്. പടിയൻ സംവിധാനംചെയ്ത ത്രാസം, ഹരികുമാറിന്‍റെ ആന്പൽപ്പൂവ്, സ്നേഹപൂർവം മീര, ആഹ്വാൻ സെബാസ്റ്റ്യൻ ഒരുക്കിയ കലോപാസന തുടങ്ങിയ ചിത്രങ്ങൾക്കൊക്കെ മനോഹരമായ ദൃശ്യാവിഷ്കാരം നൽകാൻ ഹേമചന്ദ്രനു സാധിച്ചു. വെളിയം ചന്ദ്രന്‍റെ ഇതും ഒരു ജീവിതം ഹേമചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ച മറ്റൊരു ചിത്രമാണ്. കല്പനയും സായ്കുമാറും കൗമാരപ്രായക്കാരായി വേഷമിട്ട ചിത്രമാണിത്.
പ്രേം നസീറിനെ നായകനാക്കി പി.എ. ബക്കർ ഒരുക്കിയ ചാരം ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമാണ്. ബക്കർ തന്‍റെ പതിവു ശൈലിയിൽനിന്നു വഴിമാറി സൃഷ്ടിച്ച ചിത്രമാണിത്. സ്നേഹപൂർവം അന്ന എന്ന ചിത്രത്തിലൂടെ പ്രശസ്ത സംവിധായകനായ സംഗീത് ശിവനൊപ്പവും പ്രവർത്തിക്കാൻ ഹേമചന്ദ്രനു സാധിച്ചു.
സംവിധായകൻ എന്ന നിലയിലും ഇദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. രവീന്ദ്രൻ, മേനക എന്നിവരെ ജോഡികളാക്കി ഒരുക്കിയ കാലം എന്ന ചിത്രമാണ് ഇദ്ദേഹം സംവിധാനം ചെയ്തത്. 2011-ൽ ഇദ്ദേഹം അന്തരിച്ചു.
തയാറാക്കിയത്:
സാലു ആന്‍റണി