ഏതു വേഷവും ചെയ്യും: ഇനിയ
ഏതു വേഷവും ചെയ്യും: ഇനിയ
Saturday, April 29, 2017 4:42 AM IST
ബിജുമേനോന്‍റെ സ്വർണക്കടുവയാണ് ഇനിയയെ മലയാളത്തിൽ ശ്രദ്ധേയയാക്കിയത്. അതിനു മുന്പ് ലാൽ നായകനായ അയാളിലെ കഥാപാത്രത്തിലൂടെ നടിയെന്ന നിലയിൽ തന്‍റെ റേഞ്ച് വെളിപ്പെടുത്താൻ ഇനിയയ്ക്കു കഴിഞ്ഞിരുന്നു. മലയാളിയാണെങ്കിലും ഇനിയ ആദ്യമായി അഭിനയിച്ചതും കൂടുതൽ അവസരങ്ങൾ ലഭിച്ചതും തമിഴിലാണ്. തിരുവനന്തപുരം സ്വദേശിയായ ഇനിയയ്ക്ക് ഇപ്പോൾ മാതൃഭാഷയിലും അവസരങ്ങളേറുകയാണ്. പുതിയ റിലീസായ പുത്തൻ പണത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ നടി ജയറാം നായകനാകുന്ന ആകാശ മിഠായി എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ജയറാമിന്‍റെ ഭാര്യവേഷമാണ് ചിത്രത്തിൽ ഈ നടിക്ക്. ആകാശ മിഠായിയുടെ എറണാകുളത്തെ സെറ്റിൽ വച്ചാണ് ഇനിയയെ കണ്ടു മുട്ടിയത്.

സ്വർണക്കടുവയ്ക്കു ശേഷം വീണ്ടും മലയാളത്തിൽ നല്ലൊരു അവസരമാണല്ലോ ഈ സിനിമയിലൂടെ ലഭിച്ചിരിക്കുന്നത്?

സമുദ്രക്കനിയുടെ ശ്രദ്ധേയമായ തമിഴ് ചിത്രം അപ്പായുടെ റീമേക്കാണ് ഈ ചിത്രം. പക്ഷേ മലയാളത്തിന്േ‍റതായ കൂടിച്ചേരലുകളോടെയാണു ചിത്രം റീമേക്ക് ചെയ്തിരിക്കുന്നത്. എന്‍റെ കാരക്ടർ രാധിക. ജയറാമിന്‍റെ ഭാര്യാ കഥാപാത്രം. എന്‍റെ പ്രായത്തിൽ കവിഞ്ഞ കഥാപാത്രമാണിത്. പക്ഷേ നല്ല അഭിനയ സാധ്യതകളുള്ളതിനാലാണ് ഞാനിതു ചെയ്യുന്നത്. പുത്തൻപണമാണ് ഇതിനു മുന്പു ചെയ്ത സിനിമ. അതു റീലീസ് ചെയ്തു കഴിഞ്ഞിട്ട് അടുത്ത പടം എടുത്താൽ മതിയെന്നു കരുതിയിരിക്കുന്പോഴാണ് ഈ സിനിമയ്ക്കു വേണ്ടി വിളിക്കുന്നത്. മൂന്നു വേരിയഷൻസ് ഉണ്ട് ഈ കാരക്ടറിന്. ചെറിയ കുഞ്ഞും ആറു വയസുള്ള മകനും പീന്നീട് 16 വയസുള്ള മകനും ഉള്ള കാരക്ടർ. ന്യൂ ജനറേഷൻ അച്ഛനമ്മമാർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്.

||

ഇനിയയുടെ കരിയർ എടുത്താൽ മലയാളിയായിട്ടും തമിഴിലൂടെ തുടങ്ങി മലയാളത്തിൽ എത്തുകയായിരുന്നല്ലോ. എങ്ങനെയാണ് സിനിമയിൽ എത്തിയത്?

മലയാളിയായിരുന്നിട്ടും കൂടുതൽ അവസരങ്ങളും അംഗീകാരവും കിട്ടിയത് തമിഴിലാണ്. തമിഴിൽ ആറോളം സിനിമകൾ ചെയ്തതിനുശേഷമാണ് മലയാളത്തിലേക്കു വന്നത്. ബേസിക്കലി ഡാൻസറായിരുന്നു. ബാലതാരമായി അച്ഛന്‍റെ സുഹൃത്തിന്‍റെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് തുടക്കം. നാലാംക്ലാസിൽ പഠിക്കുന്പോഴായിരുന്നു അത്. അതിനുശേഷം റിസബാവ അങ്കിളിന്‍റെ മകളായി രാജേഷ് ടച്ച് റിവർ സംവിധാനം ചെയ്ത സേക്രട്ട് ഫേസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. എട്ടാം ക്ലാസിലൊക്കെ ആയപ്പോഴേയ്ക്കും മോഡലിംഗിന് ഓഫർ വരാൻ തുടങ്ങി. തിരുവനന്തപുരം അമൃത വിദ്യാലയം സ്കൂളിലാണ് പഠിച്ചത്. അവിടെ ഡാൻസിലും സ്പോർട്സ് ആക്ടിവിറ്റീസിലുമൊക്കെ സജീവമായിരുന്നു. 2005-ൽ മിസ് ട്രിവാൻഡ്രമായും തെരഞ്ഞെടുക്കപ്പെട്ടു. 2010-ൽ മിനിസ്ക്രീൻ മഹാറാണി പട്ടവും കിട്ടി. അതോടെ എന്‍റെ പടങ്ങളും ഇന്‍റർവ്യൂവുമൊക്കെ വെബ്സൈറ്റിലും പത്രങ്ങളിലുമൊക്കെ വന്നു. അതു കണ്ടിട്ടാണ് തമിഴിലേക്ക് ഓഫർ വന്നത്. തമിഴിലും തെലുങ്കിലും കന്നടത്തിലും മലയാളത്തിലുമായി 17 സിനിമകൾ ഇതുവരെ ചെയ്തു.


മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ അധികം ലഭിച്ചില്ലല്ലോ?

സുരേഷ് ഉണ്ണിത്താൻ സാർ സംവിധാനം ചെയ്ത അയാളിൽ നല്ല വേഷമായിരുന്നു. പടം സാന്പത്തികമായി നേട്ടമുണ്ടാക്കിയില്ലെങ്കിലും ഫെസ്റ്റിവലുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. മുണ്ടും ബ്ലൗസുമൊക്കെ ധരിച്ച പഴയ രീതിയിലുള്ള കഥാപാത്രമായിരുന്നു. അതിനുവേണ്ടി കുറച്ചു വണ്ണം വയ്ക്കേണ്ടി വന്നു. പിന്നീട് തമിഴിൽ അഭിനയിക്കാൻ ചെന്നപ്പോൾ മെലിയേണ്ടി വന്നു. എന്നെ സംബന്ധിച്ച് ബോഡി ഫ്ളെക്സിബിളാണ്. കഥാപാത്രത്തിനനുസരിച്ച് മെലിയാനും വണ്ണം വയ്ക്കാനും സാധിക്കും. പുതിയ ചിത്രമായ പുത്തൻ പണത്തിൽ ഫ്ളാഷ് ബാക്കിൽ അൽപം മെലിഞ്ഞും പിന്നീട് കാണുന്നത് കുറച്ചു കൂടി വണ്ണം വച്ചുമാണ്. കഥാപാത്രത്തിനു വേണ്ടി ഞാൻ അങ്ങനെ ചെയ്തതാണ്.

||

എങ്ങനെയുള്ള കഥാപാത്രങ്ങളോടാണിഷ്ടം?

ഏതു തരം കഥാപാത്രങ്ങളും ചെയ്യും. അങ്ങനെ ഒരു പ്രത്യേകതകളുമില്ല. നാടൻ കഥാപാത്രങ്ങളാണ് കൂടുതലും ലഭിക്കുന്നതെങ്കിലും മോഡേണ്‍ വേഷങ്ങളും എനിക്കിഷ്ടമാണ്. മോഡേണ്‍ വേഷം ധരിക്കാനോ ഗ്ലാമർ ചെയ്യാനോ എനിക്കു മടിയില്ല. പക്ഷേ തമിഴിലൊന്നും ഇതുവരെ ഗ്ലാമർ വേഷങ്ങൾ ചെയ്തിട്ടില്ല. അവസാനം ഞാൻ ചെയ്തത് ഭരത് നായകനാകുന്ന പൊട്ടു എന്ന ചിത്രമാണ്. ഹൊറർ ഫിലിമാണ്. റിലീസിനു തയാറെടുക്കുകയാണ് ചിത്രം. തമിഴിൽ നിന്ന് ഒട്ടേറെ ഓഫറുകൾ വരുന്നുണ്ട്. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗിന് എത്തിയതു തന്നെ ഒരു തമിഴ് ചിത്രം നീട്ടിവച്ചിട്ടാണ്. അതിന്‍റെ ഷൂട്ടിനായി കൊടൈക്കനാലിലേക്കു പോകാൻ തുടങ്ങുന്നതിന്‍റെ തലേദിവസമാണ് ഇതിലേക്കു വിളിക്കുന്നത്. ഞാനവരോടു പത്തു ദിവസത്തെ സമയം ചോദിച്ചാണ് ഇതിലെത്തിയത്. മലയാളത്തിൽ എനിക്കു കിട്ടുന്നത് കുറച്ച് സീരിയസായ വേഷങ്ങളാണ്. സ്വർണക്കടുവയിലും പുത്തൻ പണത്തിലും ഇപ്പോൾ ആകാശ മിഠായിലുമെല്ലാം അത്തരം കഥാപാത്രങ്ങളാണ്.

കരിയർ സംബന്ധിച്ച് തീരുമാനമെടുക്കുന്നതും സിനിമകൾ സെലക്ടു ചെയ്യുന്നതുമെല്ലാം ആരാണ്?

അമ്മയാണ് അതെല്ലാം തീരുമാനിക്കുന്നത്. ലൊക്കേഷനുകളിൽ അച്ഛൻ കൂടെ വരും. എന്‍റെ സുഹൃത്തും വഴികാട്ടിയുമെല്ലാം അമ്മയാണ്. എനിക്കൊരു ചേച്ചിയുണ്ട്. സീരിയൽ ആക്ടറാണ്. അനിയൻ എം.ബി.എ ക്കു പഠിക്കുന്നു.

സിനിമയല്ലാതെ താൽപര്യമുള്ള മേഖല?

സിനിമയല്ലാതെ എനിക്കിഷ്ടമുള്ള മേഖല ബാഡ്മിന്‍റണാണ്. സെലിബ്രറ്റി ബാഡ്മിന്‍റണ്‍ ടീമിൽ തമിഴിനുവേണ്ടി കളിച്ചു. ഡ്രൈവിംഗാണ് മറ്റൊരിഷ്ടം. ഒട്ടേറെ യാത്രകൾ ചെയ്യും.

പുതിയ പ്രോജക്ടുകൾ?

മലയാളത്തിൽ പല പ്രോജക്ടുകളും ചർച്ച നടക്കുന്നു. ഒന്നും തീരുമാനമായിട്ടില്ല. തമിഴിൽ ഒരു വലിയ പ്രോജക്ടിന്‍റെ ഭാഗമാകാൻ കഴിഞ്ഞേക്കും. പക്ഷേ അതും പുറത്തു പറയാറായിട്ടില്ല.

സ്റ്റാഫ് പ്രതിനിധി