മിൻമിനി: അമല പോളിനു വിഷ്ണു വിശാൽ നായകൻ മലയാളത്തിലും തമിഴകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് അമല പോൾ. അമല പോളിന്‍റെ പുതിയ ചിത്രത്തിൽ വിഷ്ണു വിശാൽ നായകനാകുന്നു. മുണ്ടാസുപട്ടി ഫെയിം രാംകുമാറാണ് ആദ്യമായി ഈ കൂട്ടുകെട്ടിലുള്ള ചിത്രം ഒരുക്കുന്നത്. മിൻമിനി എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധായകന്‍റെ രണ്ടാമത്തെ പ്രോജക്ടാണ്. ഗജനി ജോർജ്, സഞ്ജെയ്, കാളി വെങ്കട്ട്, രാംദോസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജിബ്രാൻ സംഗീതം ഒരുക്കുന്നു. ധനുഷിനു നായികയായി അമല പോളെത്തുന്ന വാടാ ചെന്നൈ, അരവിന്ദ് സ്വാമിയും അമല പോളും ഒന്നിക്കുന്ന ഭാസ്കർ ഒരു റാസ്കൽ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗും പുരോഗമിക്കുകയാണ്.
ശരത് കുമാർ തിരിച്ചെത്തുന്നു രണ്ടാവതു ആട്ടം ആക്ഷൻ സൂപ്പർസ്റ്റാർ ശരത് കുമാർ ചെറിയൊരു ഇടവേളയ്ക്കു ശേഷം കോളിവുഡിൽ കാമറയ്ക്കു മുന്നിൽ സജീവമാകുന്നു. പൃഥ്വി ആദിത്യ സംവിധാനം ചെയ്യുന്ന രണ്ടാവതു ആട്ടം എന്നു പേരിട്ടിരിക്കുന്ന ക്രൈം ത്രില്ലറിൽ പോലീസ് വേഷത്തിലെത്താൻ ഒരുങ്ങുകയാണ് ശരത് കുമാർ. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണു ചിത്രം പറയുന്നത്. ഈ ചിത്രത്തിനു ശേഷം ശരത് കുമാർ നായകനാകുന്ന മറ്റൊരു ചിത്രമാണ് ചെന്നൈയിൽ ഒരു നാൾ 2. നവാഗതനായ ജെപിആർ സംവിധാനം ചെയ്യുന്ന ചിത്രം പ്രശസ്ത തമിഴ് നോവലിസ്റ്റ് രാജേഷ് കുമാറിന്‍റെ ഒരു നോവലിനെ അവലംബിച്ചാണ് ഒരുക്കുന്നത്. ഈ ചിത്രത്തിൽ ഒരു സ്പൈ ഏജന്‍റായിട്ടാണ് ശരത് കുമാർ അഭിനയിക്കുന്നത്. തന്‍റെ തിരിച്ചു വരവ് കോളിവുഡിൽ ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് ശരത് കുമാർ.