ശിവക്കാവിലെത്തുന്ന അനന്തനെ ശിവപൂജയിലൂടെ നിസഹായനാക്കി പരകായ സിദ്ധിയിലൂടെ അവനിൽ പ്രവേശിച്ച് തന്റെ ലക്ഷ്യത്തിലെത്താനും മാടന്പിക്കാരെ നശിപ്പിക്കാനാണു ദിഗംബരന്റെ ശ്രമം. അതിനായി എണ്ണദ്രോണിയിലെ ഒൗഷധ എണ്ണയിൽ തന്റെ ശരീരം ഉപേക്ഷിച്ച് അനന്തനിൽ പ്രവേശിക്കുന്നു. ശിവറാമിന്റെ ഇടപെടലാണ് മുന്നിലുള്ള വെല്ലുവിളി. ആത്മാർത്ഥ സുഹൃത്തെങ്കിലും എതിരെ നിൽക്കുന്ന ശിവറാം തനിക്കിന്നു ശത്രുവാണ്. അനന്തനിലൂടെ ശിവറാമിന്റെ നട്ടെല്ലിലേക്കു കത്തിയാഴ്ത്താനും ഭദ്രയെ മാന്ത്രികപ്പുരയിലേക്കു കൊണ്ടു പോകാനും കഴിഞ്ഞു. എന്നാൽ തന്റെ ജീവിതം നശിപ്പിച്ചവന്റെ നാശം ആഗ്രഹിച്ച ഭാമ ദിഗംബരന്റെ ബ്രഹ്മചര്യം നശിപ്പിക്കുന്നിടത്താണ് നാശം തുടങ്ങുന്നത്. അതോടെ അവന്റെ മാന്ത്രിക ശക്തി യെല്ലാം നശിച്ചു. എങ്കിലും അനന്തനെ ഉപദ്രവിച്ച് ഭദ്രയിലൂടെ നാഗമാണിക്യം സ്വന്തമാക്കാൻ വീണ്ടും ശ്രമിച്ചു. എന്നാൽ ആഭിചാര ശക്തിയാവാഹിച്ച കാലിലെ തള്ളവിരൽ മോതിരം അറുത്തുമാറ്റി ദിഗംബരനെ കാഴ്ച അന്ധമാക്കുന്നു ചെന്പൻ.
മറ്റുള്ളവരുടെ കണ്ണിൽ തെറ്റെങ്കിലും തന്േറതായ ശരികളിലൂടെയാണ് ദിഗംബരൻ സഞ്ചരിച്ചത്. ചുറ്റുപാടുമുള്ള പ്രകൃതിയെ പോലും നിയന്ത്രിക്കാൻ സാധിച്ച ദിഗംബരന്റ വ്രതവും പൂജയുമെല്ലാം സുഭദ്രയെ പുനർജീവിപ്പിക്കാനായിരുന്നു. ഈ ലോകത്തിന്റെ സൗന്ദര്യത്തിനെ അവളിലേക്കാവാഹിച്ച ആ പ്രണയതുരമായ മനസിനെ കാണാൻ ആർക്കും സാധിച്ചില്ല.
മനോജ് കെ. ജയനെ ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിന്റെ അവസാനഘട്ട മത്സരം വരെയെത്തിക്കാൻ ദിഗംബരന്റെ കഥാപാത്രത്തിനു സാധിച്ചു. ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ഈ കഥാപാത്രം അത്രത്തോളം അനുയോജ്യമായിരുന്നു മനോജിന്റെ നാട്യത്തിലും സംഭാഷണ മികവിലും ഭാവ ചലനങ്ങളിലും. അഭിനേതാവ് കഥാപാത്രത്തെ അഴിച്ചുമാറ്റിയെങ്കിലും ശിവപുരത്തെ മാന്ത്രികപ്പുരയിൽ കാഴ്ച നഷ്ടപ്പെട്ടെ ദിഗംബരൻ ഇന്നും തന്റെ സുഭദ്രയെ ഓർത്തു തേങ്ങുകയാവാം...
അനൂപ് ശങ്കർ