രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
Thursday, May 25, 2017 4:23 AM IST
പുത്തൻ സിനിമാരുചിക്കൂട്ടുകൾക്കിടയിൽ മറഞ്ഞുപോയ ചില കാഴ്ചകൾക്കു ഗൃഹാതുരത്വം തുളുന്പുന്ന ഓർമകൾ സമ്മാനിച്ച ചിത്രമാണ് രക്ഷാധികാരി ബൈജു. അതിൽ മലയാളിത്തമുള്ള അസലൊരു വീട്ടമ്മയായിരുന്നു രക്ഷാധികാരി ബൈജുവിന്‍റെ ഭാര്യ അജിത. അമ്മയായി, ഭാര്യയായി, മരുമകളായി, സഹോദരിയായി ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന അജിത എന്ന കഥാപാത്രമായി എത്തിയത് സിനിമയിൽ തുടക്കക്കാരിയായ ഹന്ന റെജി കോശിയാണ്. നോട്ടത്തിലും ഭാവത്തിലും അഭിനയത്തിലും യൗവ്വനത്തിന്‍റെ പടികടന്ന അജിതയായി പ്രേക്ഷ കഹൃദയം നേടിയ ഈ പ്രതിഭ നേരിട്ടുള്ള കാഴ്ചയിൽ പക്ഷേ തികഞ്ഞ മോഡേണ്‍ പെണ്‍കുട്ടിയുടെ രൂപഭാവങ്ങളാണ് പകരുന്നത്. മോഡലിംഗിൽ നിന്നു വെള്ളിത്തിരയിൽ നായിക പദവിയിലേക്കുള്ള സഞ്ചാരത്തിൽ തികഞ്ഞ അർപ്പണ ബോധവും പ്രതിഭാസന്പന്നതയും ഈ കലാകാരിക്കു മുതൽക്കൂട്ടാകുന്നുണ്ട്. ഇന്നലെകളിലെ നടിമാരെ ഓർമിപ്പിക്കുന്ന അഭിനയവഴക്കവും മുഖശ്രീയുമേറിയ ഹന്നയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്...

സിനിമയിലേക്കെത്തണമെന്ന ആഗ്രഹം ചെറുപ്പം മുതൽ ഉണ്ടായിരുന്നതാണോ?

സിനിമ എന്‍റെ ജീവിതത്തിൽ യാദൃശ്ചികമായി സംഭവിച്ചതാണ്. ചെറുപ്പം മുതൽ മോഡലിംഗ്, റാംപ് ഷോസ് ഇതൊക്കെയായിരുന്നു സ്വപ്നം. അന്നു അച്ഛനും അമ്മയും വിചാരിച്ചു വളരുന്പോൾ ഇതൊക്കെ മാറുമെന്ന്. പക്ഷേ വളർന്നപ്പോഴും മോഡലിംഗായിരുന്നു മനസ് നിറയെ. പ്ലസ് ടു കഴിഞ്ഞപ്പോൾ പേരൻസിന്‍റെ ഇഷ്ടപ്രകാരമാണ് ബിഡിഎസ് എടുക്കുന്നത്. എന്‍റെ കോഴ്സ് കഴിഞ്ഞപ്പോൾ ഞാൻ മോഡലിംഗ് രംഗത്തേക്കു തന്നെയിറങ്ങി. പരസ്യങ്ങളും റാംപ് ഷോസും ചെയ്യുന്ന സമയത്താണ് ഡാർവിന്‍റെ പരിണാമം എന്ന സിനിമയിൽ അവസരം കിട്ടുന്നത്.

സിനിമയിലേക്കെത്തുന്നത് എങ്ങനെയായിരുന്നു?

സിനിമയിൽ ഡാർവിന്‍റെ ഓപ്പോസിറ്റായി വരുന്ന ആൻസി എന്ന കഥാപാത്രത്തിനായി ആളിനെ വേണമെന്നറിഞ്ഞാണ് ഞങ്ങളുടെ ഒരു ഏജൻസിയിൽ നിന്നും എന്‍റെ സാരിയുടുത്ത ഫോട്ടോസ് അയച്ചു കൊടുക്കുന്നത്. അതു കണ്ടിട്ടാണ് ജിജോ ആന്‍റണി സാറ് എന്നെ കാസ്റ്റ് ചെയ്യുന്നത്. ആ സിനിമ കണ്ടതിനു ശേഷമാണ് രക്ഷാധികാരി ബൈജുവിലേക്കു അതിന്‍റെ പ്രൊഡ്യൂസർ എന്നെപ്പറ്റി രഞ്ജൻ പ്രമോദ് സാറിനോട് പറയുന്നത്.

രണ്ടാമതൊരു സിനിമയിൽ കാണാൻ ചെറിയ ഇടവേള വേണ്ടി വന്നല്ലോ?

ഡാർവിന്‍റെ പരിണാമത്തിനു ശേഷം എംബിഎ പഠിക്കുന്നതിനായി ജോയിൻ ചെയ്തു. ആ സമയത്തും ചില സിനിമയിലേക്കു അവസരങ്ങൾ വന്നിരുന്നു. പക്ഷെ, അവ തിരഞ്ഞെടുക്കാമായിരുന്നു എന്നു പിന്നീട് തോന്നിയിട്ടുണ്ട്. എംബിഎ നമുക്ക് പറ്റിയതല്ലെന്നു മനസിലാക്കി പാതിവഴിയിൽ പോന്നു. അപ്പോഴാണ് രക്ഷാധികാരിയിലേക്കു വിളിക്കുന്നത്. അതിലെ അജിത എന്ന കഥാപാത്രം ചലഞ്ചിംഗായി എനിക്കു തോന്നിയിരുന്നു. മെഡിക്കൽ ഫീൽഡിൽ നിന്നു സിനിമാ ഫീൽഡിലേക്ക് സജീവമാകുന്നത് അങ്ങനെയാണ്.

രക്ഷാധികാരിയിലെ അജിത എന്ന കഥാപാത്രമായപ്പോഴുള്ള അനുഭവങ്ങൾ?

ഞാൻ ചെയ്ത രണ്ടു ചിത്രങ്ങളിലും ട്രഡീഷണൽ റോൾസാണ് ചെയ്തിരിക്കുന്നത്. രക്ഷാധികാരി തന്നെ എനിക്കു ചലഞ്ചിംഗായി തോന്നാൻ കാരണം ഞാൻ ചെയ്തിട്ടില്ലാത്ത കാര്യങ്ങ ളാണ് അതിലുള്ളത്. വെള്ളം കോരുന്ന, ഭർത്താവിനോട് വഴക്കടിക്കുന്ന നാട്ടിൻപുറത്തെ ഒരു വീട്ടമ്മയുടെ കഥാപാത്രമാണത്. അതുകൊണ്ടു തന്നെ അങ്ങനെയുള്ള സിനിമകൾ റഫറൻസാക്കാൻ രഞ്ജൻ സാറ് പറഞ്ഞിരുന്നു. ശോഭന, ഉർവശി, രേവതി, സംയുക്ത വർമ്മ തുടങ്ങിയവരൊക്കെ അഭിനയിച്ച വീട്ടമ്മ കഥാപാത്രങ്ങളൊക്കെ കണ്ടിട്ട് ഹന്നയുടെതായ രീതിയിൽ അജിതയെ അവതരിപ്പിക്കാനാണ് രഞ്ജൻസാറ് പറഞ്ഞത്. സാരി ഉടുക്കുന്നതുപോലും ഒരു വീട്ടമ്മയുടെ അലസമായ രീതിയിലായിരിക്കണം. അത്തരമൊരു ഹോംവർക്കുണ്ടായിരുന്നു. ചിത്രത്തിലെ അജിത നന്നായിരുന്നു എന്നു പറയുന്പോൾ അതിനു പിന്നിൽ രഞ്ജൻ സാറിന്‍റെയും നിർമാതാക്കളുടെയും ബിജുച്ചേട്ടന്‍റെയും പൂർണ പിന്തുണയുണ്ടായിരുന്നു.

ഷൂട്ടിംഗ് സമയത്തെ അനുഭവങ്ങൾ എങ്ങനെ ഓർക്കുന്നു?

ചിത്രത്തിന്‍റെ ആദ്യദിവസം മുതൽ വളരെ കോമഡി മൂഡായിരുന്നു. ചമ്മന്തിയരക്കുന്ന ഒരു സീനുണ്ടായിരുന്നു ചിത്രത്തിൽ. ശരിക്കും തേങ്ങയും മുളകുമൊക്കെയിട്ട ചമ്മന്തിയാണ് അരക്കുന്നത്. ആദ്യം ട്രയലു കാണിച്ചപ്പോൾ ഞാൻ ചമ്മന്തിയരയ്ക്കുന്നത് കണ്ടിട്ട് കൊള്ളാമല്ലൊ എന്നുപറഞ്ഞു. എന്നാൽ ടേക്ക് പറഞ്ഞപ്പോഴേക്ക് ഞാൻ ആ കൈകൊണ്ട് കണ്ണുതുടച്ചു. അതുപോരെ...

ചിത്രത്തിൽ സിങ്ക് സൗണ്ടാണ് ഉപയോഗിക്കുന്നത്. ഷൂട്ടിംഗ് സമയത്ത് അതിനെപ്പറ്റിയും നമ്മൾ കോണ്‍ഷ്യസായിരിക്കണം. വെള്ളം കോരുന്ന സീനിൽ നമ്മുടെ ഡയലോഗും വെള്ളത്തിന്‍റെ ശബ്ദവും തമ്മിൽ ഓവർലാപ്പ് ആകാനും പാടില്ല. റിയലിസ്റ്റിക് സ്വഭാവം നൽകാനാണ് ചിത്രത്തിൽ സിങ്ക് സൗണ്ട് ഉപയോഗിച്ചതെങ്കിലും അതായിരുന്നു ചിത്രത്തിന്‍റെ വലിയ വെല്ലുവിളിയും. ഷൂട്ടിംഗ് ദിവസങ്ങൾ നീണ്ടു പോയെങ്കിലും അതിന്‍റെ റിസൾട്ട് തിയറ്ററിൽ കിട്ടുന്നുണ്ടായിരുന്നു. അതിനായി നാട്ടുകാരുടെ സഹകരണം പോലും വളരെ വലുതായിരുന്നു. ഷൂട്ടിംഗ് വേളയിൽ കോമഡി രംഗങ്ങൾ കണ്ടാൽപോലും നാട്ടുകാർ ചിരിക്കാൻ പാടില്ല. കട്ട് പറഞ്ഞിട്ടാണ് അവർ ചിരിക്കുന്നതുപോലും.

ഭാവിയിലെ സിനിമാസ്വപ്നങ്ങൾ എന്തൊക്കെയാണ്?

സിനിമയിൽ പുതിയൊരാളാണ് ഞാൻ. ആദ്യസിനിമ ചെയ്യുന്പോൾ ഒരു പിടിയും ഇല്ലായിരുന്നു. ഈ സിനിമ മുതലാണ് അഭിനയിക്കണം, നല്ല വേഷങ്ങൾ ചെയ്യണം എന്ന ആഗ്രഹം ഉണ്ടാകുന്നത്. ഇപ്പോൽ ഈ പ്രൊഫഷണും സിനിമാമേഖലയും ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. തേടി വരുന്ന എല്ലാ കഥാപാത്രങ്ങളെയും ചെയ്യാതെ പ്രേക്ഷകർ ഓർത്തിരിക്കുന്ന, അവരുടെ മനസിൽ നിൽക്കുന്ന കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഫീമെയിൽ ഓറിയന്‍റഡ് മൂവി എന്നല്ല, പ്രേക്ഷകർക്കു എന്തെങ്കിലും രീതിയിൽ മെസ്സേജ് നൽകുന്ന കഥാപാത്രത്തിനു വേണ്ടിയാണ് ഞാൻ വെയ്റ്റ് ചെയ്യുന്നത്.

സിനിമയിൽ അഭിനയിക്കാൻ എത്തുന്നതിനോട് വീട്ടുകാരുടെ സപ്പോർട്ട് എത്രത്തോളമുണ്ടായിരുന്നു?

ആദ്യമൊക്കെ വീട്ടുകാർക്കു താൽപര്യമില്ലായിരുന്നു. ബിഡിഎസ് കഴിഞ്ഞ് എംഡിഎസ് ചെയ്ത് ഒരു ക്ലിനിക്ക് തുടങ്ങണമെന്നതായിരുന്നു പേരന്‍റ്സിന്‍റെ ആഗ്രഹം. ആദ്യസിനിമയ്ക്കു ശേഷം ഇപ്പോൾ അവരുടെ പിന്തുണയിലാണ് പോകുന്നത്. ഇപ്പോൾ ഞാൻ സിനിമ മാത്രമല്ല, റാംപ് ഷോസും ചെയ്യുന്നുണ്ട്. സിനിമയുടെ ബാക്ക് ഗ്രൗണ്ടിൽ ഇപ്പോൾ എന്നെ ഷോസ് ടോപ്പറായാണ് അവർ വിളിക്കുന്നത്. അതും കൂടുതൽ സന്തോഷം നൽകുന്നതാണ്. പിന്നെ ഒരു ക്ലിനിക് സ്റ്റാർട്ട് ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ട്. ഞാൻ പോകണമെന്നില്ല. മറ്റു ഡോക്ടർമാരെ അപ്പോയിന്‍റ് ചെയ്യാം. പേരന്‍റ്സിന്‍റെ ആഗ്രഹമാണത്. പിന്നെ എനിക്കും ഇൻഡിപെൻഡന്‍റായി നിൽക്കാൻ സാധിക്കുമല്ലൊ.


സിനിമ നൽകുന്ന പ്രശസ്തിയെ എങ്ങനെ ആസ്വദിക്കുന്നു?

കഴിഞ്ഞ ദിവസം ഞാൻ ഒരു മാളിൽ പോയപ്പോൾ കുറച്ചാൾക്കാർ എന്ന തിരിച്ചറിഞ്ഞ് അജിത എന്ന പേരിലാണ് വിളിച്ചത്. ഹന്ന എന്ന പേരിനെക്കാൾ രക്ഷാധികാരിയിലെ അജിതയായി കാണുന്നു പ്രേക്ഷകർ എന്നത് വളരെ സന്തോഷം നൽകുന്നു. കഥാപാത്രത്തിനെ പ്രേക്ഷകർ സ്വീകരിച്ചതിന്‍റെ തെളിവാണല്ലൊ അത്. പിന്നെ ക്രിട്ടിസിസവും ഞാൻ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കാരണം അതിനെയും പോസിറ്റീവായി കാണുന്പോഴാണ് നമുക്ക് ഇംപ്രൂവ് ചെയ്യാൻ സാധിക്കുക. പ്രശസ്തി എന്നത് നൈമിഷികം മാത്രമാണെന്ന് എനിക്കറിയാം. അതിനെപ്പറ്റി ഞാൻ ചിന്തിക്കുന്നില്ല. പിന്നെ സിനിമ ഇൻഡസ്ട്രിയിൽ ഒരു ഫീമെയിൽ ആർട്ടിസ്റ്റ് ഏറെ നാൾ പിടിച്ചുനിൽക്കുക എന്നത് വളരെ ശ്രമകരമാണ്. ഉള്ളിടത്തോളം കാലം നല്ല സിനിമകൾ ചെയ്യണം.

അവസരങ്ങൾ കൂടുതൽ കിട്ടുന്പോൾ ഗോസിപ്പുകൾ പിന്നാലെയെത്തുമെന്നതിൽ ഭയമുണ്ടോ?

അതിനെ ഞാൻ ഭയപ്പെടുന്നില്ല. അതു ഈ മേഖല മാത്രമല്ല, ഒരു വീട്ടമ്മയാണെങ്കിലും ചിലപ്പോൾ കേൾക്കേണ്ടി വരും. ഞാൻ എന്താണെന്ന് എനിക്കറിയാം, എന്‍റെ വീട്ടുകാർക്കറിയാം, എന്നെ പരിചയമുള്ളവർക്കറിയാം. എത്ര നല്ലകാര്യങ്ങൾ ചെയ്താലും അതിൽ തെറ്റുകൾ മാത്രം ചൂണ്ടിക്കാണിക്കുന്ന സമൂഹമാണ് നമ്മുടേത്. അപ്പോൾ മറ്റുള്ളവരെ ബോധിപ്പിച്ച് ജീവിക്കാൻ നമുക്കാവില്ല. ഞാൻ നല്ലതായി പ്രാർഥിക്കുന്ന ഒരു വ്യക്തിയാണ്. അപ്പോൾ ഓരോ കാര്യങ്ങളും ചിന്തിച്ചാണ് തീരുമാനിക്കുന്നത്. മറ്റുള്ളവർ എന്തു കരുതുന്നു എന്നത് എന്നെ ബാധിക്കുന്നില്ല.

അന്യഭാഷാ സിനിമകളിലേക്കും ഉടൻ പ്രതീക്ഷിക്കാമോ?

തമിഴിൽ നിന്നും കുറച്ച് ഓഫറുകൾ വന്നിട്ടുണ്ട്. തമിഴ് അറിയില്ല എന്ന കാരണം കൊണ്ട് മാറ്റിനിർത്തിയിരിക്കുകയാണ്. പിന്നെ സ്ക്രിപ്ട് എനിക്കു ഇഷ്ടപ്പെട്ട് കഥാപാത്രവും കോസ്റ്റ്യൂമും കംഫർട്ടബിളാണെങ്കിൽ മാത്രമെ അതു സ്വീകരിക്കു.

ഗ്ലാമർ കഥാപാത്രങ്ങളോട് എങ്ങനെയാണ് താല്പര്യം?

ഞാൻ മോഡലിംഗ് ഇൻഡസ്ട്രിയിൽ നിന്നുമാണ് സിനിമയിലെത്തുന്നത്. അല്പ വസ്ത്രമാണെങ്കിലും ആൾക്കാർ കണ്ടാൽ അതിനെ അയ്യെ എന്നു പറയരുതെന്നുണ്ട്. റാംപ് ഷോസിൽ ഞാനൊരു ചെറിയ ഷോർട്സിടുന്നു, അല്ലെങ്കിൽ കോക്ടെയിൽസ് ഇടുന്നു. ആൾക്കാർ അതിനെ നെഗറ്റീവായി കാണുന്നില്ല. കാരണം ആ ഷോസ് അങ്ങനെയാണ്. പക്ഷെ സിനിമയിൽ അല്പ വസ്ത്രം ധരിക്കുന്പോൾ ആൾക്കാരുടെ മെന്‍റാലിറ്റി മാറും. അതൊരു പ്രേക്ഷക എന്ന നിലയിൽ ഞാൻ മനസിലാക്കിയതാണ്. സിനിമയിൽ വസ്ത്രധാരണത്തെപ്പറ്റി എന്േ‍റതായ ചോയിസുണ്ട്. അത് ഓരോ സിനിമയിലും സീനിലും നമുക്കു കിട്ടും. എനിക്കു കംഫർട്ടബിളല്ലാത്ത ഒരു പ്രോജക്ടോ സീനോ ഞാൻ ചെയ്യില്ല.

സിനിമയിൽ തുടക്കകാലത്തു തന്നെ അമ്മവേഷം ചെയ്യുന്നതിൽ ടെൻഷൻ ഉണ്ടായിരുന്നോ?

എനിക്ക് ആദ്യം അങ്ങനെയൊരു പേടിയുണ്ടായിരുന്നു. ടൈപ്പ് ചെയ്യപ്പെടുമോ എന്നു സംശയിച്ചു. കാരണം നമ്മുടെ ഇൻഡസ്ട്രി അങ്ങനെയാണല്ലോ. യൂത്ത് കഥാപാത്രത്തെ അപേക്ഷിച്ച് പ്രായമുള്ള കഥാപാത്രം ചെയ്യുന്പോൾ അതിനു ഞാൻ ഹോംവർക്കു ചെയ്യേണ്ടിവരുന്നു. ഞാൻ അല്ലാത്ത ഒരു കഥാപാത്രമായി മാറാനുള്ള ചലഞ്ചിംഗാണിത്. അപ്പോൾ വേണ്ടെന്നു വയ്ക്കണമെന്നു തോന്നിയില്ല. പിന്നെ ജിജോ സാറിന്‍റെ പുതിയ ചിത്രമായ പോക്കിരി സൈമണിൽ ഞാൻ ഒരു അതിഥി വേഷം ചെയ്തിട്ടുണ്ട്. അത് ഒരു യൂത്ത് കഥാപാത്രമാണ്.

പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ്?

കുറച്ചേറെ തിരക്കഥകൾ കേട്ടു. മലയാളത്തിൽ ഒരു സിനിമ കണ്‍ഫോം ആയിട്ടുണ്ട്. പിന്നെ സിനിമയുടെ കാര്യമല്ലെ. ഷൂട്ടിംഗ് തുടങ്ങിയിട്ട് പറയാമെന്നു കരുതുന്നു.

ഷൂട്ടിംഗ് സമയത്ത് ലൊക്കേഷനിൽ ഒറ്റയ്ക്കാണോ പോകുന്നത്?

ആദ്യത്തെ ചിത്രം ഡാർവിനിൽ അമ്മ ഒപ്പം വന്നിരുന്നു. രണ്ടാമത്തെ ചിത്രത്തിൽ പപ്പയുടെ ഒരു സ്റ്റാഫിന്‍റെ മമ്മിയാണ് കൂടെ വന്നത്. എവിടെയായാലും പേരന്‍റ്സിന്‍റെ കരുതൽ എപ്പോഴും കൂടെയുണ്ട്.

കുടുംബവിശേഷം പറഞ്ഞില്ലല്ലോ?

പപ്പ റെജി തോമസ്, ബിസിനസ് ചെയ്യുന്നു. മമ്മി ആലീസ്, എറണാകുളത്ത് കാക്കനാട് ചെന്പുമുക്കാണ് ഞാൻ താമസിക്കുന്നത്. പഠിച്ചത് അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂൾ. ബിഡിഎസ് കർണാടക ഷിമോഗയിലെ ശരാവതി ഡന്‍റൽ കോളജിൽ. പ്ലസ്ടു കഴിഞ്ഞപ്പോൾ വിഷ്വൽ മീഡിയായ്ക്കു ഞാൻ ജോയിൻ ചെയ്തിരുന്നു. അപ്പോഴാണ് ബിഡിഎസിനു സീറ്റ് കിട്ടുന്നത്. മോഡലിംഗിലേക്കെത്താൻ വേണ്ടിയാണ് അന്നു ജേർണലിസമൊക്കെ പഠിക്കാമെന്നു കരുതിയത് തന്നെ. ബിഡിഎസിനു പഠിക്കുന്ന സമയത്തും ഇന്‍റർ കോളജ് തലത്തിലൊക്കെ ഫാഷൻ ഷോസും മോഡലിംഗു മൊക്കെ ഞാൻ ചെയ്തിരുന്നു.

സിനിമയല്ലാതെ മറ്റെന്തൊക്കയാണ് ഇഷ്ടമേഖലകൾ?

പാട്ടുപാടാൻ എനിക്കു ഏറെ ഇഷ്ടമാണ്. ചിത്രം വരയ്ക്കാനും വായിക്കാനുമൊക്കെ ഏറെ താല്പര്യമാണ്. മോഡലിംഗിനെക്കാളും സിനിമയെക്കാളും വലുതായി എന്‍റെ വലിയൊരു ആഗ്രഹം ഒരു മോട്ടിവേഷൻ സ്പീക്കറാകണം എന്നതാണ്. അതിലും രാഷ്ട്രീയ ത്തിനോട് താല്പര്യമില്ല. ഒരു പബ്ലിക് മോട്ടിവേഷൻ സ്പീക്കറാകുന്നതിനോടാണ് എനിക്കു താല്പര്യം. സെൽഫ് ഹെൽപ്, ഇൻസ്പൈറിംഗ് സ്പീക്കിംഗാണ് ഞാൻ ചെയ്യുന്നത്. ഏതു മേഖല ആയാലും ജീവിതത്തിൽ ഞാൻ സക്സസ് ആയിക്കഴിഞ്ഞാൽ മാത്രമേ എന്‍റെ വാക്കുകൾ ആൾക്കാർ ശ്രദ്ധിക്കൂ.

ലിജിൻ കെ. ഈപ്പൻ