ഇടവേളയ്ക്കുശേഷം നമിത
ഇടവേളയ്ക്കുശേഷം നമിത
Wednesday, May 17, 2017 4:11 AM IST
രണ്ടുവർഷത്തോളമാകുന്നു നമിതയെ മലയാളസിനിമയിൽ കണ്ടിട്ട്. ട്രാഫിക്കിലൂടെ എത്തി ഒരുപിടി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഈ നടി പക്ഷേ കരിയറിൽ വാരിവലിച്ച് സിനിമകൾ ചെയ്ത് തിരക്കുള്ള നടിയെന്നു പേരു നേടാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ 2015-ൽ എത്തിയ അടി കപ്യാരേ കൂട്ടമണിക്കുശേഷം മലയാളത്തിൽ നമിതയുടെ സാന്നിധ്യം ഇല്ലായിരുന്നു. എന്നാൽ ഈ സമയത്ത് നമിത വെറുതെ ഇരിക്കുകയല്ലായിരുന്നു. രണ്ടു തെലുങ്ക് ചിത്രങ്ങളാണ് ഈ ഇടവേളയിൽ നമിത പൂർത്തിയാക്കിയത്. മാസങ്ങളോളം നീളുന്ന തെലുങ്ക് സിനിമകളുടെ ഷൂട്ടിംഗിനിടയിൽ മലയാളത്തിൽ അഭിനയിക്കാൻ വേണ്ടത്ര സമയം നമിതയ്ക്ക് ലഭിച്ചില്ല. മാത്രമല്ല മനസിനിണങ്ങിയ വേഷങ്ങൾ ലഭിച്ചതുമില്ല.

ദിലീപിന്‍റെ നായികയായാണ് മലയാളത്തിലേയ്ക്കുള്ള നമിതയുടെ തിരിച്ചുവരവ്. പ്രൊഫ. ഡിങ്കൻ എന്ന ടൈറ്റിൽ റോളിൽ ദിലീപെത്തുന്ന ഈ സിനിമയിൽ നമിതയ്ക്കും ഏറെ പ്രധാന്യമുള്ള കഥാപാത്രമാണുള്ളത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിലൂടെ നമിത വീണ്ടും മലയാളത്തിൽ മികച്ച സാന്നിധ്യമാവുമെന്നു കരുതുന്നു.

നമിതയുടെ കരിയർ പരിശോധിച്ചാൽ അധികം സിനിമകൾ ക്രെഡിറ്റിലില്ലെങ്കിലും മികച്ചതും ഹിറ്റുകളുമായ ഒരുപിടി സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. റഹ്മാന്‍റെ മകളായി ട്രാഫിക്കിൽ തിളങ്ങിയ നമിത പിന്നീട് സത്യൻ അന്തിക്കാടിന്‍റെ പുതിയ തീരങ്ങളിൽ നിവിൻപോളിയുടെ നായികയായി. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും നമിതയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ദിലീപിനൊപ്പം സൗണ്ട് തോമ, ചന്ദ്രേട്ടൻ എവിടെയാ, കുഞ്ചാക്കോ ബോബന്‍റെ നായികയായ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ദുൽക്കർ സൽമാനൊപ്ം വിക്രമാദിത്യൻ, വിനീത് ശ്രീനിവാസന്‍റെ നായികയായ ഓർമയുണ്ടോ ഈ മുഖം, സൂപ്പർഹിറ്റായ അമർ അക്ബർ അന്തോണി, ധ്യാൻ ശ്രീനിവാസനൊപ്പം അടി കപ്യാരേ കൂട്ടമണി തുടങ്ങിയ സിനിമകളിലൂടെ നമിത മലയാളത്തിൽ വ്യക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.


യുവ തലമുറയിലെ ഒട്ടുമിക്ക നായക·ാരൊടൊപ്പവും അഭിനയിച്ചു കഴിഞ്ഞ നമിതയ്ക്ക് ദിലീപും കുഞ്ചാക്കോ ബോബനുമടങ്ങുന്ന നായക നിരയുടേയും ഭാഗ്യജോഡിയാകാൻ കഴിഞ്ഞിട്ടുണ്ട്. അഭിനയസിദ്ധികൊണ്ടും നൃത്തത്തിലുള്ള പ്രാവീണ്യവും കൊണ്ട് മലയാളത്തിലെ ലക്ഷണമൊത്ത നായികയെന്നു തന്നെ നമിതയെ വിശേഷിപ്പിക്കാം.

മലയാളത്തിനൊപ്പം തെലുങ്കിലും ഈ നടി ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ചുട്ടലാഭായി, കാതലോ രാജകുമാരി എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയ നമിതയ്ക്ക് അവിടെ നിന്നും ഓഫറുകളുണ്ട്. അതിനിടയിലും ഈ വർഷം നമിതയുടെ സാന്നിധ്യം മലയാളത്തിലുണ്ടാകും. പ്രൊഫ. ഡിങ്കനൊപ്പം ഫഹദ് ഫാസിൽ നായകനാകുന്ന റോൾ മോഡൽസിലും നമിതയാണ് നായിക. മലയാളത്തിലെ നമിതയുടെ താരമൂല്യം ഉയർത്തുന്നതാവും ഈ രണ്ടുചിത്രങ്ങളുമെന്ന് കരുതപ്പെടുന്നു.