താരനിരയിലേക്ക് ദീപക്കും
താരനിരയിലേക്ക് ദീപക്കും
Thursday, May 18, 2017 4:00 AM IST
വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സമ്മാനിച്ച യുവതാരനിര ഏറെയാണ്. അവരിൽ ശ്രദ്ധേയമായ മുഖമായിരുന്നു ദീപക്കിന്‍റേത്. തട്ടത്തിൻ മറയത്തിലെ ഉശിരൻ യുവ രാഷ്ട്രീയക്കാരനിൽ നിന്നും സൂപ്പർ താര ചിത്രങ്ങളിൽ വരെ സാന്നിധ്യമായി മാറാൻ ഈ ചെറിയ കാലയളവിൽ ദീപക്കിനു സാധിച്ചിരിക്കുന്നു. വിവിധ കഥാപാത്രങ്ങളിലൂടെ ജനപ്രിയനായ ദീപക്കിന്‍റെ ഈ അടുത്ത കാലത്തെ ശ്രദ്ധേയമായ വേഷമാണ് മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്ഫാദറിലേത്. ഒറ്റ സീനിൽ മാത്രമേ ഉള്ളുവെങ്കിലും മമ്മൂട്ടിയുടെ ഡേവിഡ് നൈനാൻ എന്ന കഥാപാത്രത്തിനു ഫേസ് ടു ഫേസ് നിന്ന പോലീസ് കഥാപാത്ര ത്തിനേയും പ്രേക്ഷകർ അംഗീകരിച്ചിരിക്കുന്നു. അതിനു പിന്നാലെയെത്തിയ ബിജു മേനോൻ ചിത്രം രക്ഷാധികാരി ബൈജുവിലെ മനോജും ഹിറ്റ് കഥാപാത്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ഇനി ജയസൂര്യ നായകനായ പുതിയ ചിത്രം ക്യാപ്റ്റനിൽ ഫുട്ബോൾ കളിക്കാരനായി എത്താനൊരുങ്ങുന്ന തയാറെടുപ്പിലാണ് ദിപക്. തന്‍റെ എഴു വർഷത്തെ സിനിമ വിശേഷങ്ങൾ ദിപക് പങ്കുവെച്ചപ്പോൽ...

സിനിമയ്ക്കു മുന്പ്

സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞാൻ ഒരു പരിപാടിക്കും പങ്കെടുക്കുകയോ സ്റ്റേജിൽ കയറുകയോ ചെയ്യില്ലായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ഒരു നാടകം ചെയ്യുന്നത്. ആൾക്കാർ മുഴുവൻ കൂവലും കൂടെയുള്ളവർ ഡയലോഗ് മറന്നുമൊക്കെ മൊത്തത്തിൽ അതു കുളമായി. പിന്നീട് കോളേജിൽ ഡിഗ്രി ചെയ്യുന്ന സമയത്താണ് സ്റ്റേജിൽ കയറി പരിപാടി അവതരിപ്പിക്കാനുള്ള അവസരവും ധൈര്യവുമുണ്ടായത്. ആ സമയത്താണ് സിനിമയിലഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. നിരവധി ചിത്രങ്ങളുടെ ഓഡിഷനു പോയിട്ടുമുണ്ട്. പക്ഷെ, ഒന്നും നടന്നില്ല. പിജി ചെയ്യുന്ന സമയത്താണ് മലർവാടി ആർട്സ് ക്ലബ്ബിന്‍റെ സിനിമയുടെ ഓഡിഷനു വേണ്ടി പോകുന്നത്. ചെന്നപ്പോൾ അറിയില്ലായിരുന്നു അതു വീനീത് ശ്രീനിവാസന്‍റെ ആദ്യ സിനിമയാണെന്ന്. ചിത്രത്തിലെ അഞ്ചു പേർക്കു വേണ്ടിയാണ് ഓഡിഷൻ നടത്തിയത്. തെരഞ്ഞടുത്തത് 20 പേരെയായിരുന്നു. ഫൈനൽ വേണ്ട അഞ്ചുപേരിലെത്താൻ കഴിഞ്ഞില്ല. എങ്കിലും സിനിമയിൽ ചെറിയ കഥാപാത്രങ്ങളായി ബാക്കിയെല്ലാവരും എത്തുന്നുമുണ്ട്. അവരിൽ പലരും ഇന്നും സിനിമയിൽ സജീവമാണ്.

തട്ടത്തിൻ മറയത്തിലേക്ക്

മലർവാടി കഴിഞ്ഞിട്ടും സിനിമയൊന്നും കിട്ടിയിരുന്നില്ല. മലർവാടിയിലെ എന്‍റെ പോർഷൻ മാത്രം കട്ട് ചെയ്തെടുത്തും പിന്നെ അല്ലാതെ ഷൂട്ടു ചെയ്ത വീഡിയോയും ഒക്കെയായി നിരവധി സംവിധായകരെ കൊച്ചിയിൽ വന്നു കണ്ടിട്ടുണ്ട്. പക്ഷേ, അതൊന്നും വലിയ ഗുണമുണ്ടാക്കിയില്ല. പിന്നെ ഞാൻ വിനീതേട്ടനെ തന്നെ വിളിച്ചു ചോദിച്ചു. ന്ധപുതിയ പ്രോജക്ട് ഉടനില്ലടാ, അത് ഒരു വർഷം കൂടി കഴിഞ്ഞിട്ടേ കാണൂ’ എന്നു വിനീതേട്ടനും. പിന്നെ ഞാനും അതു വിട്ടു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രാവിലെ എന്നെ വിനീതേട്ടൻ വിളിച്ചു. ഇതിനിടയിൽ പല ചിത്രങ്ങളുടേയും ഓഡിഷനു ഞാൻ പോകുന്നുണ്ട്. അവസാനം വരെ നമ്മൾ എത്തിയിട്ടും അവസാനം നഷ്ടപ്പെട്ട സന്ദർഭവും ഉണ്ട്. അതൊക്കെ വിനീതേട്ടനോട് പറഞ്ഞപ്പോൾ ന്ധസിനിമ അങ്ങനെയാടാ... നമ്മുടെ ഒരു പടമുണ്ട്, അതിൽ വേഷം ചെയ്യണം. പക്ഷേ, ഷൂട്ടു തുടങ്ങിക്കഴിഞ്ഞിട്ടു മാത്രം സുഹൃത്തുക്കളോടൊക്കെ പറഞ്ഞാൽ മതി’ എന്നു പറഞ്ഞു. അങ്ങനെയാണ് തട്ടത്തിൻ മറയത്തിലേക്കു എത്തുന്നത്. ഒരു തിരക്കഥ വായിച്ച് അഭിനയിക്കാൻ അവസരം നൽകിയിട്ടുള്ളത് വിനീതേട്ടനായിരുന്നു. ചെറിയ വേഷമാണെങ്കിൽ തിരക്കഥ വായിക്കാൻ സാധിക്കണം എന്നില്ല. ഇപ്പോൾ ചെയ്ത മമ്മൂക്കയുടെ ദി ഗ്രേറ്റ്ഫാദറിൽ ഒറ്റ സീനിലേ ഉള്ളു എങ്കിലും നിർണായകമായ വേഷമായിരുന്നു. അതൊക്കെ തിരക്കഥ വായിക്കണം എന്നില്ല. പക്ഷേ, വിനീതേട്ടന്‍റെ സിനിമകളിൽ തിരക്കഥ ചോദിച്ചു വായിക്കാനുള്ള ധൈര്യം ഉണ്ട്. അതു വിനീതേട്ടന്‍റെ സിനിമയിലൂടെ വന്നതുകൊണ്ടാകാം. തട്ടത്തിൻ മറയത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങുന്നതിനു രണ്ടു ദിവസം മുന്പ് വിനീതേട്ടന്‍റെ വീട്ടിൽ പോയി തിരക്കഥ വായിക്കാനും ഡയലോഗൊക്കെ പ്രസന്‍റ് ചെയ്തു കാണിക്കാനും സാധിച്ചിരുന്നു. അപ്പോൾ തന്നെ വിനീതേട്ടനും സജഷൻസ് തരും. അങ്ങനെയൊരു സാഹചര്യം കിട്ടിയിരുന്നു.

കൂടുതൽ സിനിമകളിലേക്ക്

സത്യത്തിൽ തട്ടത്തിൻ മറയത്തിനു ശേഷവും ഒരുപാട് ഓഫറുകളൊന്നും എനിക്കു കിട്ടിയിരുന്നില്ല. സിനിമ കണ്ടവരൊക്കെ നല്ല അഭിപ്രായം പറഞ്ഞു. ശക്തമായൊരു കഥാപാത്രമായിരുന്നു അത്. ആ കഥാപാത്രം കണ്ട് സീനിയേഴ്സായ സംവിധായകരൊക്കെ വിളിക്കുമെന്ന പ്രതീക്ഷ അധികമായി ഉണ്ടായിരുന്നില്ല. എങ്കിലും നമ്മളെ തേടി വരുന്ന കഥാപാത്രങ്ങളെ മികച്ചതാക്കാനാണ് ശ്രമിക്കുന്നത്. ഇത്രയും സിനിമകൾ ചെയ്തിട്ടും തിരക്കുള്ള നടനൊന്നുമല്ല ഞാൻ.

അതിനു ശേഷം എനിക്കു കിട്ടിയത് സംവിധായകൻ ദീപന്‍റെ ഡി കന്പനി എന്ന ചിത്രമായിരുന്നു. മൂന്നു സംവിധായകരുടെ ചിത്രമായിരുന്നു അത്. ഗ്യാങ്സ് ഓഫ് വടക്കുംനാഥനിലാണ് ഞാൻ അഭിനയിച്ചത്. പിന്നീട് ദീപൻ ചേട്ടന്‍റെ തന്നെ സിം എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. പുതിയ കാലത്തിലെ ഒരു കഥയാണ് ചിത്രം പറഞ്ഞതെങ്കിലും തിയറ്ററിൽ ഓടിയില്ല.

വില്ലനും കോമഡിയും

പിന്നെയും ഒരു ജീവശ്വാസം തരുന്നത് വിനീതേട്ടന്‍റെ തിരയിലെ വില്ലൻ കഥാപാത്രമായിരുന്നു. മുന്പ് ചെയ്യാത്തതരം കഥാപാത്രത്തിനെ പെർഫോം ചെയ്യാനുള്ള ഒരു അവസരമായിരുന്നു അത്. ഏറെ സ്ക്രീൻ പ്രസന്‍റ്സുള്ളതായിരുന്നു ആ കഥാപാത്രം. അതിനും ഒത്തിരി അപ്രിസിയേഷൻ കിട്ടിയിരുന്നു. കുഞ്ഞിരാമായണത്തിലെ ശശിയാണ് പിന്നീടു ചെയ്തതിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം. തികച്ചും കോമഡിയുടെ ട്രാക്കിലാണ് ആ ചിത്രം പോയത്. വിനീതേട്ടന്‍റെ സൗഹൃദ വലയത്തിൽ നിന്നുമാണ് ആ ചിത്രത്തിലേക്കും എത്തുന്നത്. തിരയിൽ അസിസ്റ്റന്‍റായിട്ട് വിനീതേട്ടന്‍റെ കൂടെയുള്ള സമയം മുതൽ കുഞ്ഞിരാമായണത്തിന്‍റെ സംവിധായകൻ ബേസിലുമായിട്ട് സൗഹൃദം ഉള്ളതാണ്. അവൻ കുഞ്ഞിരാമായണത്തിനെക്കുറിച്ച് ആ ലോചിച്ച് തുടങ്ങുന്പോൾ മുതൽതന്നെ എന്നോടു സംസാരിക്കാറുണ്ടായിരുന്നു. ചിത്രത്തിന്‍റെ തിരക്കഥയിൽ നിറയെ ഹ്യൂമറുണ്ടായിരുന്നു. വളരെ ഹ്യൂമർ സെൻസുള്ള വ്യക്തിയാണ് ബേസിലും. അവൻ തിരക്കഥയിൽ എഴുതിയതു പോലെ, പറഞ്ഞു തരുന്നതുപോലെ തന്നെ അഭിനയിക്കുകയാണ് ചെയ്തത്. അതുകൊണ്ടു തന്നെ നമുക്ക് ഒരുപാട് സ്ട്രെയിൻ ചെയ്യേണ്ടി വന്നില്ല. ആ കഥാപാത്രം മികച്ചതാണെന്നു മറ്റുള്ളവർ പറയുന്പോൾ അതിന്‍റെ ഫുൾ ക്രെഡിറ്റും ബേസിലിനുള്ളതാണ്.

നായകനിരയിൽ

തിര കഴിഞ്ഞിട്ടു ചെയ്ത ചിത്രമായിരുന്നു ജോണ്‍ പോൾ വാതിൽ തുറക്കുന്നു എന്നത്. അതിൽ നായക വേഷമായിരുന്നു. പുനത്തിൽ കുഞ്ഞബ്ദുള്ള സാറിന്‍റെ കഥയായിരുന്നു ചിത്രത്തിന്േ‍റത്. പിന്നീട് നായകനായ സിനിമയായിരുന്നു നെല്ലിക്ക. ബോളിവുഡ് നടൻ അതുൽ കുൽക്ക ർണിക്കൊപ്പം ത്രൂ ഒൗട്ട് വേഷം ചെയ്യാൻ സാധിച്ചു.
>


സൂപ്പർസ്റ്റാറുകൾക്കൊപ്പം

അത് നമ്മുടെ ഒരു ആഗ്രഹമാണ്. ഇന്നു സിനിമയിലെത്തുന്ന ഓരോരുത്തരുടേയും ആഗ്രഹമാണ് മമ്മുക്ക, ലാലേട്ടനൊപ്പം സിനിമകളിൽ ചെറുതെങ്കിലും ഒരു വേഷത്തിലെത്തുകയെന്നത്. ലാലേട്ടനൊപ്പം അഭിനയിക്കണം എന്നൊരു മോഹം മനസിലുണ്ടായിരുന്നു. അങ്ങനെയാണ് രഞ്ജിത് സാറിന്‍റെ ലോഹത്തിൽ ഒരു ചെറിയ വേഷത്തിലഭിനിയിക്കുന്നത്. കൂടെ അഭിനയിക്കാൻ സാധിച്ചില്ലെങ്കിലും സിനിമയിൽ ഫോണിൽ സംസാരിക്കുന്നതായിട്ടാണ് എത്തുന്നത്. പിന്നെ മമ്മൂക്കയ്ക്കൊപ്പം പുതിയ ചിത്രം ഗ്രേറ്റ് ഫാദറിൽ ശ്രദ്ധേയമായൊരു സീനിൽ അഭിനയിക്കാൻ സാധിച്ചു. മമ്മൂട്ടിക്കൊപ്പം നിന്നും ഫേസ് ടു ഫേസ് ഡയലോഗ് പറയുന്ന ഒരു പോലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തിലെത്തുന്നത്. ഈ ചിത്രത്തിന്‍റെ കാമറമാൻ റോബി എന്‍റെ ഫ്രണ്ടാണ്. സംവിധായകൻ ഹനീഫ് ഇക്കയുമായി ബന്ധമുണ്ടാകുന്നത് റോബി വഴിയാണ്. ഈ കഥാപാത്രം വന്നപ്പോൾ എന്നെപ്പറ്റി റോബിയാണ് പറയുന്നത്. ഷൂട്ടിംഗിനുമുന്പ് പേടിയൊന്നുമില്ലായിരുന്നു. പക്ഷേ, മമ്മൂക്കയെ കണ്ടപ്പോൾ തൊട്ട് മനസിൽ ഒരു ചെറിയ പേടിയുണ്ടായിരുന്നു. പിന്നെ ഡയലോഗ് പറഞ്ഞപ്പോഴേക്ക് അതു മാറി. പിന്നെ ഒരു സീൻ മാത്രമല്ലേയുള്ളു, അപ്പോൾ അധികം ടെൻഷന്‍റെ ആവശ്യമില്ലായിരുന്നു. ഒരുപാട് സിനിമകളിൽ മുഴുനീള വേഷം ചെയ്യുന്നതിനേക്കാൾ റീച്ച് കിട്ടി ഈ ഒറ്റ സീനീൽ വരുന്ന കഥാപാത്രത്തിന്. ചിത്രത്തിനൊപ്പം വേഷവും ശ്രദ്ധിക്കപ്പെട്ടു.

ഫ്രണ്ട്സ് സർക്കിളിനു പുറത്തും

ഞാൻ അധികവും സിനിമയും ചെയ്തിരിക്കുന്നത് ഫ്രണ്ട്സിനൊപ്പമാണ്. ഇപ്പോൾ തിയറ്ററിലെത്തി മികച്ച അഭിപ്രായം നേടുന്ന രഞ്ജൻ പ്രമോദ് സാറിന്‍റെ ചിത്രം രക്ഷാധികാരി ബൈജു ഒപ്പിലാണ് ത്രൂ ഒൗട്ട് വേഷത്തിൽ ഫ്രണ്ട് സർക്കിളിനു പുറത്തുള്ള ഒരാളുടെ ചിത്രത്തിൽ അഭിനയിക്കുന്നത്. രഞ്ജൻ സാറും വളരെ ഫ്രണ്ട്ലി ആയിട്ടുള്ള വ്യക്തിയാണ്. അതുകൊണ്ടു തന്നെ ഫ്രണ്ട്സ് സർക്കിളിനു പുറത്തുള്ള ചിത്രം എന്നു തോന്നിയിട്ടില്ല. രാജേഷ് പിള്ളയുടെ വേട്ടയിലെ വേഷവും അങ്ങനെ പുറത്തുള്ള ഒരു സംവിധായകനൊപ്പമുള്ളതായിരുന്നു. നമുക്കത്ര പരിചയമല്ലാത്തവരുടെ സിനിമയിൽ വർക്കു ചെയ്തു തുടങ്ങുന്ന ആദ്യത്തെ ഒന്നു രണ്ടു ദിവസത്തിനു ശേഷമായിരിക്കും നല്ലൊരു കന്പനി ഉണ്ടാകുന്നത്. ഫ്രണ്ട്സിനൊപ്പമാകുന്പോൾ അതിന്‍റെ ബുദ്ധിമുട്ടുണ്ടാവില്ല. രക്ഷാധികാരി തന്നെയടുത്താൽ കൂടെ അഭിനയിക്കുന്നത് അജുവും ഹരീഷേട്ടനൊക്കെയായി നല്ല സൗഹൃദമുള്ളതാണ്. അപ്പോൾ പുതിയൊരു ആളിനൊപ്പമാണെന്ന തോന്നലുണ്ടായിരുന്നില്ല. രഞ്ജൻ സാറിന്‍റെ കാര്യമെടുത്താൽ സാറ് പറഞ്ഞത് ന്ധഞാൻ എഴുതിവെച്ചത് അതുപോലെതന്നെ സ്ക്രീനിൽ വരണമെന്നല്ല, അതിൽ നിങ്ങളുടെ ഒരു കോർഡിനേഷൻ കൂടയുണ്ടാകണം’ എന്നാണ്. അപ്പോൾ സംഭാഷണങ്ങളൊക്കെ പറയുന്പോൾ നമ്മുടേതായ ഒരു ശൈലി കൊണ്ടുവരാൻ സാധിച്ചു. നമ്മളെ ഫ്രീയാക്കി വിട്ടിരുന്നു എന്നതാണ് സത്യം.

രക്ഷാധികാരിയിലെ മനോജ്

ആ ചിത്രത്തിന്‍റെ തിരക്കഥ വായിച്ചപ്പോൾ തന്നെ നമുക്ക് ഏറെ പരിചയമുള്ള ചുറ്റുപാടും കഥയും സന്ദർഭങ്ങളുമാണ് അതിലുള്ളത്. നാട്ടിൻ പുറത്തു കളിച്ചു വളരുന്നതുകൊണ്ടു തന്നെ ഇത്തരം പല വ്യക്തികളെയും പരിസരത്തിനെയും റിലേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. അത്തരമൊരു രക്ഷാധികാരിയെപ്പോലെ കളിക്കാനും കളിപ്പിക്കാനുമെത്തുന്ന ആളും ആ ഗ്രൗണ്ടുമൊക്കെ എല്ലാ നാട്ടിലും കാണുന്നതായിരിക്കും. ഈ സിനിമയുടെ ട്രീറ്റ്മെന്‍റിൽ തന്നെ വളരെ വ്യത്യസ്തത ഉണ്ടായിരുന്നു. കഥയിലെ സത്യസന്ധത സിനിമയിലൂടെ പ്രേക്ഷകരിലേക്കു ഫീൽ ചെയ്യിപ്പിക്കുന്നതാണ് ചിത്രത്തിന്‍റെ വിജയം.

ബിജു മേനോനൊപ്പം

മുന്പ് ഞാൻ ബിജുച്ചേട്ടനൊപ്പം അഭിനയിച്ചിട്ടുള്ളത് കുഞ്ഞിരാമായണത്തിലാണ്. ബിജുവേട്ടൻ നമ്മൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. അന്നത്തെ പരിചയം ഈ സിനിമയിലും ഏറെ ഗുണകരമായിരുന്നു. ടെൻഷൻ ഇല്ലാതെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ സാധിച്ചു. നമ്മൾ പറയുന്ന ഒരു കാര്യം അതേ സെൻസിൽ ഉൾക്കൊള്ളാൻ കഴിയുന്നൊരാളാണ് ബിജുവേട്ടൻ.

മനോജിൽ നിന്നും മനോജിലേക്ക്

ഞാൻ സിനിമയിലേക്കെത്തിയിട്ട് ഏഴു വർഷത്തോളമായി. മലർവാടിയാണ് എന്‍റെ ആദ്യ സിനിമ. പ്രേക്ഷകർ തിരിച്ചറിഞ്ഞു തുടങ്ങുന്നത് തട്ടത്തിൻ മറയത്തിലെ മനോജ് എന്ന കഥാപാത്രം മുതലാണ്. വീണ്ടും മനോജ് എന്ന മറ്റൊരു കഥാപാത്രമായി എത്തിയ സിനിമയാണ് രക്ഷാധികാരി ബൈജുവിൽ. സത്യത്തിൽ ഞാൻ വലിയ സിനിമ ബാക്ക്ഗ്രൗണ്ട് ഉള്ള വ്യക്തിയ ല്ല. അവസരങ്ങൾ തേടി നടക്കുക എന്നതു മാത്രമാണ് എന്നെക്കൊണ്ടു ചെയ്യാൻ സാധിച്ചിരുന്നത്. ഒരുപാട് കോണ്ടാക്ട്സും കിട്ടിയിരുന്നില്ല. പിന്നെ നമ്മൾ ഏറെ ആഗ്രഹിച്ചിരുന്നൊരു മേഖലയിലേക്കാണ് എത്തിച്ചേർന്നത്. അവിടെ മികച്ചത് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ ഏതു കഥാപാത്രങ്ങളെ കിട്ടിയാലും നല്ലരീതിയിൽ അഭിനയിക്കാൻ സാധിക്കുമെന്നൊരു കോണ്‍ഫിഡൻസുണ്ട്. പിന്നെ മറ്റെങ്ങും പോയി സിനിമ പഠിച്ചിട്ട് അഭിനയിക്കാനെത്തുന്ന ഒരു സാഹചര്യമില്ലായിരുന്നു. ആദ്യ സിനിമയിൽ നിന്നും ഒരുപാട് അല്ലെങ്കിലും വ്യത്യസ്തങ്ങളായ കുറച്ച് കഥാപാത്രങ്ങളെ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. തിരിഞ്ഞു നോക്കുന്പോൾ ടൈപ്പ് ആകാതെ പലതരം കഥാപാത്രങ്ങളെ അഭിനയിക്കാൻ സാധിച്ചതു ഒരു ഭാഗ്യമാണ്.

ക്യാപറ്റനിലേക്ക്

ഇപ്പോൾ ചെയ്യാൻ പോകുന്ന ജയസൂര്യ നായകനാകുന്ന ചിത്രമാണ് ക്യാപ്റ്റൻ. വി.പി സത്യനെന്ന ഫുട്ബോൾ താരത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രത്തിനെ സിനിമയിൽ ആദ്യമായി അവതരിപ്പിക്കുകയാണ് ഞാൻ. സത്യന്‍റെ സുഹൃത്തായിരുന്ന ഷെറഫലി എന്ന കഥാപാത്രത്തിനെയാണ് ഞാൻ സിനിമയിലെത്തുന്നത്. ഇപ്പോൾ അദ്ദേഹം ഡിവൈഎസ്പിയാണ്. ഫുട്ബോൾ പ്ലെയറായിട്ടാണ് എന്‍റെയും കഥാപത്രം. മുന്പ് കോളേജിൽ പഠിക്കുന്ന സമയത്താണ് ചെറുതായിട്ടെങ്കിലും ഫു ട്ബോൾ കളിച്ചിട്ടുള്ളത്. ഇപ്പോൾ സിനിമയുടെ കഥാപാത്രത്തത്തിനോട് നീതി പുലർത്തണമല്ലോ. അതിനായുള്ള ചെറിയ പ്രാകടീസ് നടത്തുന്നുണ്ട്. സിനിമയിൽ ചെറുതും വലുതുമായ ഏതു കഥാപാത്രത്തെയും മികച്ചതാക്കണം, പ്രേക്ഷകർ ഓർത്തിരിക്കുന്നതാക്കണം എന്ന ആഗ്രഹം ഉണ്ട്. അതിനുള്ള തയാറെടുപ്പുകൾ മാത്രം ചെയ്യുന്നുണ്ട്.

പുതിയ പ്രോജക്ടുകൾ

വിശ്വവിഖ്യാത·ാരായ പയ്യ·ാർ എന്നൊരു ചിത്രം ഇതിനിടയിൽ ചെയ്തിരുന്നു. ഞാൻ, അജു വർഗീസ്, ഭഗത്, ഹരീഷേട്ടൻ എന്നിവരാണ് അഭിനയിക്കുന്നത്. രാജേഷ് കണ്ണങ്കരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കുടുംബം

കണ്ണൂർ അഴീക്കോടാണ് എന്‍റെ സ്വദേശം. എനിക്കൊരു അനിയനാണുള്ളത്. അച്ഛൻ, അമ്മ, അച്ഛന്‍റെ അമ്മ എന്നിവർ അടങ്ങുന്നതാണ് എന്‍റെ കുടുംബം.

സ്റ്റാഫ് പ്രതിനിധി