ആമി
ആമി
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. ആമി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ്.

കഥകളുടെ രാജകുമാരിയായ മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് കമൽ ഈ ചിത്രം അവതരിപ്പിക്കുന്നത്. റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസും റോബാ റോബനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. പുന്നയൂർക്കളത്തെ മാധവിക്കുട്ടി സ്മൃതിമണ്ഡപത്തിലാണ് ചിത്രത്തിനു തുടക്കംകുറിച്ചത്. സമൂഹത്തിന്‍റെ നാനാമേഖലയിൽപ്പെട്ടവർ, മാധവിക്കുട്ടിയുടെ കുടുംബാംഗങ്ങൾ, ചലച്ചിത്ര പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. തുടർന്ന് മാധവിക്കുട്ടിയെ നാം കണ്ട അതേ രൂപത്തിൽ മഞ്ജു വാര്യർ എത്തി. മഞ്ജുവിന്‍റെ ഏതാനും ഷോട്ടുകൾ ചിത്രീകരിക്കുകയുംചെയ്തു. തുടർന്നു ചിത്രീകരണം ഒറ്റപ്പാലത്തേക്കു ഷിഫ്റ്റ് ചെയ്തു. മനിശേരിയിലെ പോഴത്തുമനയാണ് മാധവിക്കുട്ടിയുടെ നാലപ്പാട് തറവാടായി ചിത്രീകരിക്കുന്നത്.

മാധവിക്കുട്ടിയുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള കഥാപാത്രങ്ങളിലൂടെയാണ് കഥാവികസനം. അവരിൽ കുടുംബക്കാർ, സാഹിത്യകാര·ാർ തുടങ്ങി സമൂഹത്തിലെ നിരവധിപേരുടെ സാന്നിധ്യമുണ്ട്.


കമൽതന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്തന്. വലിയ ഹോംവർക്കു നടത്തിയാണ് തിരക്കഥ തയാറാക്കിയത്. മാധവിക്കുട്ടിയുടെ പുസ്തകങ്ങൾ പിന്നെയും പിന്നെയും വായിച്ചു. പലതും നേരിൽ ശേഖരിച്ചു. അതിൽനിന്നും തള്ളേണ്ടവ തള്ളിയും കൊള്ളേണ്ടവ ഉൾപ്പെടുത്തിയുമാണു തിരക്കഥയ്ക്കു രൂപം നൽകിയത്.

മാധവിക്കുട്ടിയുടെ ബാല്യം മുതൽ മരണംവരെയുള്ള കഥയാണ് ചിത്രം പറയുന്നത്. ആഞ്ജലീന, നീലാഞ്ജന എന്നിവരാണ് ബാല്യവും കൗമാരവും അവതരിപ്പിക്കുന്നത്.

പൃഥ്വിരാജ്, മുരളി ഗോപി, അനൂപ് മേനോൻ, ജ്യോതികൃഷ്ണ, കെ.പി.എ.സി ലളിത, വത്സലാ മേനോൻ, ശ്രീദേവി ഉണ്ണി, അനിൽ നെടുമങ്ങാട്, സുശീൽകുമാർ, ശിവൻ എന്നിവരും പ്രധാന താരങ്ങളാണ്.
റഫീഖ് അഹമ്മദിന്‍റെയും ഹിന്ദി കവി ഗുൽസാറിന്‍റെയും വരികൾക്ക് എം. ജയചന്ദ്രനും പ്രശസ്ത തബലിസ്റ്റ് സക്കീർ ഹുസൈന്‍റെ സഹോദരൻ തൗഫീഖ് ഖുറൈഷിയും സംഗീതം നൽകുന്നു.
മധു നീലകണ്ഠനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- ശ്രീഗർ പ്രസാദ്, കലാസംവിധാനം- സുനിൽ ബാബു. അരോമ മോഹനാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ.

വാഴൂർ ജോസ്