പ്രഭാസ് അഥവാ ബാഹുബലി
പ്രഭാസ് അഥവാ ബാഹുബലി
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്പോൾ അതു ലോക ജനതയ്ക്കു പരിചയപ്പെടുത്തിയ താരമാണ് പ്രഭാസ്. മഹേന്ദ്ര ബാഹുബലിയായി ഒന്നാം ഭാഗത്തിലും അമരേന്ദ്ര ബാഹുബലിയായി രണ്ടാം ഭാഗത്തിലും വിസ്മയ നടനം കാഴ്ചവെച്ച പ്രഭാസ് ബാഹുബലിയുടെ ദിഗ്വിജയത്തിന്‍റെ സന്തോഷത്തിലാണ്. കരിയറിന്‍റെ മികച്ച സമയത്ത് ഈ പ്രോജക്ടിനായി മാത്രം നാലുവർഷത്തിലധികമാണ് പ്രഭാസ് മാറ്റിവെച്ചത്. കഥാപാത്രത്തിന്‍റെ പൂർണതയ്ക്കായി കഠിനമായ വ്യായാമത്തിലും ആയോധന പരിശീലനത്തിനുമായി ചിത്രീകരണമില്ലാത്ത വേളകൾ മാറ്റിവെച്ചു. സംവിധായകൻ രാജമൗലി ദൃശ്യ വിസ്മയമായി ചിത്രത്തിനെ ഒരുക്കിയപ്പോൾ അതിനെ തന്‍റെ ആദ്യമധ്യാന്തം തോളിലേറ്റി കൊണ്ടുപോകുന്നത് പ്രഭാസായിരുന്നു. മലയാളത്തിന്‍റെ ബോക്സോഫിസിലും റിക്കാർഡുകൾ തീർക്കുന്പോൾ തന്‍റെ മലയാളി പ്രേക്ഷകരോട് പ്രഭാസ് ബാഹുബലിയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു.

രാജമൗലി

രാജമൗലി സാറുമായി പന്ത്രണ്ടു വർഷത്തിലധികമുള്ള പരിചയമാണ്. സിനിമയോടുള്ള അദ്ദേഹത്തിന്‍റെ പാഷൻ എനിക്ക് അറിയാം. 2005-ൽ ഛത്രപതി എന്ന ചിത്രത്തിലാണ് ഞങ്ങൾ ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്‍റെ സ്വപ്ന പദ്ധതിയെപ്പറ്റി എന്നോടു പറഞ്ഞിരുന്നു. ആറു തിരക്കഥകളോളം ശ്രമിച്ചിട്ടാണ് അവസാനം ഇപ്പോഴത്തെ ബാഹുബലിയിലേക്ക് എത്തുന്നത്. വലിയ ബഡ്ജറ്റിൽ യുദ്ധമൊക്കെയുള്ള ഒരു പീരിയോഡിക് കഥയായിരിക്കുമെന്ന് പറഞ്ഞിരുന്നു. പിന്നീട് ഈ ചിത്രത്തിന്‍റെ കഥ പറഞ്ഞപ്പോൾ എനിക്കതു മനസിലായി. സംവിധായകൻ എന്നോട് ആവശ്യപ്പെട്ടത് സമയം മാത്രമാണ്. അതുകൊണ്ടു തന്നെ എനിക്കു ജീവിതത്തിൽ മറക്കാൻ സാധിക്കാത്തൊരു സിനിമയാണ് അദ്ദേഹം തന്നത്. പല സംവിധായകർക്കൊപ്പം ഞാൻ വർക്കു ചെയ്തിട്ടുണ്ടെങ്കിലും സിനിമയോടു രാജമൗലി സാറിനുള്ള പാഷൻ മറ്റാരിലും കണ്ടിട്ടില്ല.

ബാഹുബലി

ചിത്രത്തിനെപ്പറ്റി പറഞ്ഞപ്പോൾ ബാഹുബലി എന്ന ടൈറ്റിലുതന്നെ എന്നെ ആകർഷിച്ചിരുന്നു. വലിയൊരു കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണിത്. വലിയ കഥയിൽ തന്നെ ഉപകഥകളുണ്ട്. പീരിയോഡിക് കഥയാണ് പറയുന്നത്. അവിടെയും ഹൈലൈറ്റാകുന്നത് യുദ്ധമാണ്. അതിനു വേണ്ടി തയാറാക്കിയ സെറ്റുകളും വിഷ്വലുകളുമെല്ലാം ചിത്രത്തിലേക്ക് ആകർഷിക്കുന്നതായിരുന്നു. കഥാപാത്രത്തിനെപ്പറ്റി പറഞ്ഞതിനൊപ്പം കട്ടപ്പ ബാഹുബലിയെ കൊല്ലുന്നതെന്തിനാണെന്നു പാർട് 2-ലാണ് പറയുന്നതെന്ന് പറഞ്ഞിരുന്നു. അത്രത്തോളം വലിയ സൈസിലാണ് രാജമൗലി ചിത്രം പ്ലാൻ ചെയ്തത്. പിന്നെ നിരവധി ഭാഷകളിൽ റിലീസ് ചെയ്യുന്നുമുണ്ട്. ചിത്രത്തിലേക്ക് ആകർഷിച്ചതിനു പിന്നിൽ ഇങ്ങനെ നിരവധിയാണ് കാരണങ്ങൾ.

നാലു വർഷത്തെ യാത്ര

ബാഹുബലി ഒരു ഇന്‍റർ നാഷണൽ സിനിമയാണ്. ചിലപ്പോൾ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കാവുന്നത്. അപ്പോൾ അതിന്േ‍റതായ സമയമെടുക്കുമെന്നത് എനിക്കും അറിയാമായിരുന്നു. അതിന്‍റെ റിസൾട്ടാണ് ഇപ്പോൾ നമുക്കു കിട്ടുന്നത്. ആറേഴു വർഷം മുന്പ് എന്നോടു വണ്‍ലൈൻ പറയുന്നിടത്തു നിന്നും ബാഹുബലി രണ്ടുഭാഗമായി തിയറ്ററിലെത്താൻ ഇത്രയും സമയമെടുത്തു. ഇന്നു ലോകത്തിലെ പല ദേശങ്ങളിലുള്ള സിനിമ ആസ്വാദകരും പ്രഭാസ് എന്ന നടനെപ്പറ്റി അറിയുന്നത് ബാഹുബലിയിലൂടെയാണ്. എന്‍റെ മുഖം കണ്ടാൽ അവർക്കു തിരിച്ചറിയാൻ സാധിക്കുന്നു. അപ്പോൾ അതിനായുള്ള ഹോം വർക്കുകളും ഏറെ വേണ്ടി വന്നിരുന്നു.

കഥാപാത്രങ്ങൾ

ബലിഷ്ഠമായ കരങ്ങളും ശരീരവുമുള്ളവനാണ് ബാഹുബലി. അയാൾ ഒരു പോരാളിയാണ്. അപ്പോൾ അയാളെ കാണുന്പോൾ ആ ഫീൽ കിട്ടണം. രണ്ടു കഥാപാത്രങ്ങളിലേക്കു പോകുന്പോൾ മഹേന്ദ്ര ബാഹുബലിക്കു താൻ ആരാണെന്ന് അറിയിലല. അയാൾ തന്‍റെ വിധിയിലൂടെ സഞ്ചരിക്കുന്നു. ആ വിധിയാണ് അയാളെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നത്. പക്ഷേ അമരേന്ദ്ര ബാഹുബലി അവന്‍റെ അമ്മയായ ശിവകാമിയുടെ നിയന്ത്രണത്തിലാണ് വളരുന്നത്. രാജകുടുംബത്തിലെ സന്തതിയാണ്. അപ്പോൾ അതിന്േ‍റതായ സീരിയസ് ആ കഥാപാത്രത്തിനുണ്ട്. രണ്ടു കഥാപാത്രങ്ങളും ശാരീരികമായും മാനസികമായും കരുത്തരാണ്. ഇങ്ങനെ കഥാപാത്രങ്ങളെ വളരെ കറക്ടായി ഡിസൈൻ ചെയ്തിരിക്കുകയാണ് തിരക്കഥയിൽ. അമരേന്ദ്ര ബാഹുബലിയിൽ നിന്നും മഹേന്ദ്ര ബാഹുബലിയിലേക്കെത്തുന്പോൾ അതിൽ ഏറെ സ്വഭാവ പരിവർത്തനത്തിനെ സംവിധായകൻ വരച്ചിടുന്നുണ്ട്.


ആക്ഷൻ രംഗങ്ങളിൽ

ചിത്രത്തിന്‍റെ ഹൈലൈറ്റു തന്നെ യുദ്ധരംഗമാണ്. അത് എന്നെ സംബന്ധിച്ച് വളരെ എക്സൈറ്റ്മെന്‍റായിരുന്നു. കാരണം ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയുടെ ഭാഗമാവുകയാണ് ഞാൻ. എന്നാൽ ചിത്രത്തിനെപ്പറ്റി അറിഞ്ഞപ്പോൾ വീട്ടിൽ ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ ബാഹുബലി ഒന്നാം ഭാഗം കണ്ടു കഴിഞ്ഞ് എല്ലായിടത്തു നിന്നും മികച്ച അഭിപ്രായം കിട്ടിയപ്പോൾ അതു മാറി എന്നതാണ് സത്യം. രണ്ടു ചിത്രങ്ങൾക്കും മലയാളി പ്രേക്ഷകരുടെ പിന്തുണ ഏറെ സന്തോഷം നൽകുന്നതായിരുന്നു.

കേരളത്തിനക്കുറിച്ച്

നമ്മുടെ രാജ്യത്തിലെ ഏറ്റവും ഭംഗിയുള്ള സ്ഥലമാംണ് കേരളം. കേരളത്തിലേക്കു ഫ്ളൈറ്റിൽ വരുന്പോൾ നിറയെ പച്ചപ്പും മലനിരകളും കാണാൻ സാധിക്കുന്നത്. ആ ഹരിത ഭംഗിയാണ് കേരളത്തിനെ ഇത്ര സുന്ദരമാക്കുന്നത്. ബാഹുബലിയുടെ ഒന്നാം ഭാഗത്തിന്‍റെ ഷൂട്ടിംഗും കേരളത്തിലുണ്ടായിരുന്നു. ഒന്നാം ഭാഗത്തിലെ വെള്ളച്ചാട്ടമൊക്കെ ഇവിടെയാണു ചിത്രീകരിച്ചത്. പിന്നീട് രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിച്ചതും കേരളത്തിലെ വനത്തിനുള്ളിലാണ്.

മലയാള സിനിമ

ഞാനടക്കമുള്ള എല്ലാ തെലുങ്കു സിനിമ പ്രേക്ഷകർക്കും മോഹൻലാൽ സാറിനേയും മമ്മൂട്ടി സാറിനേയും ഇഷ്ടപ്പെടുകയും ബഹുമാനിക്കുന്നവരാണ്. പ്രേമം ആണു ഞാൻ അവസാനം കണ്ട മലയാള സിനിമ. മികച്ചൊരു ചിത്രമാണത്. ഞാൻ തന്നെ മൂന്നു തവണ ചിത്രം കണ്ടിരുന്നു. അവിടെ പ്രേമം മലയാളം തന്നെ സബ്ടൈറ്റിലിലൂടെ 50 ദിവസത്തിലധികം പ്രദർശന വിജയം നേടിയിരുന്നു.

മോഹൻലാലിന്‍റെ മഹാഭാരതം

മഹാഭാരതം അനവധി മികച്ച കഥാപാത്രങ്ങളുള്ള വലിയ കഥയാണ്. മോഹൻലാൽ സാറിന്‍റെ മഹാഭാരതത്തിൽ ഏതു വേഷത്തിൽ അഭിനയിക്കാനും എനിക്കു താല്പര്യമാണ്. എങ്കിലും ബാഹുബലി ഇപ്പോൾ കഴിഞ്ഞതല്ലെയുള്ളു. ഇനി രണ്ടു മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമേ അത്തരമൊരു പീരിയോഡിക് സിനിമ ചെയ്യുകയുള്ളു.

വിജയ ഘടകം

ബാഹുബലിയുടെ തിരക്കഥ തന്നെ വളരെ ശക്തമായിരുന്നു. അതിനൊപ്പമായിരുന്നു ചിത്രത്തിന്‍റെ മേക്കിംഗും. ഹോളിവുഡ് ചിത്രങ്ങളോടു മത്സരിക്കുന്ന മേക്കിംഗായിരുന്നു ചിത്രത്തിന്‍റെ പ്രധാന ആകർഷണം. ആ മികവാണ് ചിത്രത്തിന്‍റെ പോസ്റ്ററിനും ട്രെയിലറിനുപോലും ഇത്ര സ്വീകാര്യത കിട്ടാൻ കാരണമായത്. സിനിമ തിയറ്ററിലെത്തിയപ്പോൾ ആ പ്രതീക്ഷയ്ക്കും മുകളിലെത്തി എന്നതാണ് സത്യം. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ കഴിഞ്ഞതാണ് ചിത്രത്തിന്‍റെ വിജയം.

പുതിയ പ്രോജക്ട്

ഇനി തിയറ്ററിലെത്തുന്ന ചിത്രം സാഹോയാണ്. അതു പക്കാ കെമേഴ്സ്യൽ ചിത്രമാണ്.

സ്റ്റാഫ് പ്രതിനിധി