സുഖമാണോ ദാവീദേ....
സുഖമാണോ ദാവീദേ....
Wednesday, May 31, 2017 4:32 AM IST
അച്ഛന്‍റെ മരണത്തോടെ കുടുംബത്തിന്‍റെ ചുമലതകളെല്ലാം ദാവീദ് എന്ന ചെറുപ്പക്കാരന്‍റെ ചുമലിലായി. അച്ഛൻ തയ്യൽക്കാരനായിരുന്നെങ്കിലും അത്രയ്ക്കു അംഗീകരിക്കപ്പെട്ടിരുന്നില്ല. അമ്മയും മൂന്നു സഹോദരങ്ങളുമടങ്ങിയ കുടുംബത്തിനെ രക്ഷപ്പെടുത്താൻ ദാവീദ് അച്ഛന്‍റെ തൊഴിൽ തന്നെ ഏറ്റെടുത്തു തുടങ്ങി. ഒരു വ്യത്യാസം മാത്രം, ദാവീദ് ലേഡീസ് തയ്യൽക്കാരനാണ്. ഇന്നു ചുരിദാർ തയ്ക്കാൻ ദാവീദു കഴിഞ്ഞട്ടേ മറ്റാരുമുള്ളു.

അനുജൻ ജോയൽ പത്താം ക്ലാസിൽ പഠിക്കുന്നു. ജോയലിനു നല്ല വിദ്യാഭ്യാസം നൽകി ഒരു കളക്ടറാക്കാനുള്ള പരിശ്രമത്തിലാണ് ദാവീദ്. ചേച്ചി കല്യാണം കഴിഞ്ഞെ ങ്കിലും ഭർത്താവ് ഫ്രാൻസിസുമായി പ്രശ്നത്തിലാണ്.

ജോയൽ പഠിക്കുന്ന സ്കൂളിലെ അധ്യാപികയാണ് ശലോമി. എല്ലാവർക്കും ഇഷ്ടമുള്ള മാതൃകാ അധ്യാപികയായ ശലോമി ദാവിദിന്‍റെ കഷ്ടപ്പാടുകൾ കണ്ട് ജോയലിന്‍റെ വിദ്യാഭ്യാസ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ കൊടുത്തിരുന്നു. മാത്രമല്ല ശലോമിക്കു ദാവീദിനോടുള്ള മാനസിക അടുപ്പവും പ്രകടമാകുന്നുണ്ട്. ദാവീദിനാണെങ്കിൽ ടെസയോടാണ് കൂടുതൽ പ്രിയം. ഡ്രൈവറായ വർക്കിയുടെ മകളായ ടെസയ്ക്കു ജീവിതത്തിൽ ചില ലക്ഷ്യങ്ങളുണ്ട്.

ഇതിനിടയിലാണ് ഒരു സംഭവം ദാവിദിന്‍റെ ജീവിതത്തെ താറുമാറാക്കുന്നത്. ജോയൽ പഠന കാര്യങ്ങളിൽ ശ്രദ്ധിക്കാതെ തെറ്റായ കൂട്ടുകൂടി സഞ്ചരിക്കുന്നതായി ദാവിദ് അറിയുന്നു. ഇനി എന്തു ചെയ്യുമെന്നറിയാതെനിൽക്കുന്പോൾ കടന്നു വരുന്ന ചില യാഥാർത്ഥ്യങ്ങളുടെ സംഭവ ബഹുലമായ മുഹൂർത്തങ്ങളാണ് സുഖമാണോ ദാവിദേ എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. div class="row">


നവാഗതരായ അനൂപ് ചന്ദ്രൻ, രാജ മോഹൻ എന്നിവർ ചേർന്നു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദാവീദായി ഭഗത് മാനുവൽ, ജോയലായി മാസ്റ്റർ ചേതൻ ലാൽ, ശലോമിയായി പ്രിയങ്ക നായർ, ടെസയായി ശ്രുതി ബാല തുടങ്ങിയവരാണ് അഭിനയിക്കുന്നത്. സുധീർ കരമന, ബിജുക്കുട്ടൻ, നന്ദു ലാൽ, നോബി, നിർമ്മൽ പാലാഴി, വിജിലേഷ്, അരുണ്‍ പോൾ, യോഗി റാം, താര കല്യാണ്‍, ആര്യ, മഞ്ജു സതീഷ്, സീതാ ലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ.

പാപ്പി ക്രിയേഷൻസിന്‍റെ ബാനറിൽ കെ.വി ടോമി കരിയാന്തൻ കഥയെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണ കൃഷ്ണ പൂജപ്പുര എഴുതുന്നു. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം കൈതപ്രം, മോഹൻ സിത്താര ടീമാണ് ഈ ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. സജിത് മേനോനാണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ കണ്‍ട്രോളർ -രാജൻ പൂജപ്പുര, കല-അർക്കൻ എസ് കർമ്മ, മേക്കപ്പ്- ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം- അരവിന്ദ്, സ്റ്റിൽസ്- വിദ്യാധരൻ, എഡിറ്റർ- ജിസ്സണ്‍ പോൾ.
എ.എസ്. ദിനേശ്