പൃഥ്വിരാജ്, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന കാപ്പാ ചിങ്ങം ഒന്നിനാണ് അനൗണ്‍സ് ചെയ്തത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിനു ജി.ആര്. ഇന്ദുഗോപന് രചന നിര്‍വഹിക്കുന്നു. ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.
കൊട്ട മധു എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. മഞ്ജു വാര്യര്‍, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു തുടങ്ങിവരും ചിത്രത്തിലെത്തുന്നു. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്ര നിര്‍മാണ സംരംഭമാണ് കാപ്പ. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി, ഡോള്‍വിന്‍ കുര്യാക്കോസ് ജിനു വി. ഏബ്രഹാം, ദിലീഷ് നായര്‍ എന്നിവര്‍ പങ്കാളികളായ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്ര നിര്‍മാണ കമ്പനിയുമായി ചേര്‍ന്നാണു റൈറ്റേഴ്സ് യൂണിയന് ഈ സംരംഭത്തിനു തുടക്കമിടുന്നത്.
അണിയറയിലെ മറ്റ് തയാറെടുപ്പുകൾ ഉണ്ണി മുകുന്ദന് നിര്‍മിച്ച് നായകനാകുന്ന മേപ്പടിയാന് എന്ന ചിത്രത്തിലെ ഗാനവും ചിങ്ങപ്പിറവിയില്‍ സമൂഹ മാധ്യമങ്ങളിലെത്തി. നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഞ്ജു കുര്യന് നായികയാവുന്നു. ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി തുടങ്ങിയവരുമുണ്ട്. ഉണ്ണി മുകുന്ദന്റെ തന്നെ പ്രൊഡക്ഷനില്‍ ഒരുങ്ങുന്ന രണ്ടാം ചിത്രം ഷെഫീക്കിന്റെ സന്തോഷത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അന്നു തന്നെയെത്തി. അനൂപ് സംവിധാനം ചെയ്യുന്ന ചിത്രം പക്കാ റിയലിസ്റ്റിക് ഫണ്‍ മൂവിയെന്ന വിശേഷണത്തോടെയാണ് എത്തുന്നത്.
സംവിധായകന് അജി ജോണ്‍ നായകനാകുന്ന സിദ്ദി എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസായി. ഫുട്ബോള്‍ താരവും നടനുമായ ഐ.എം. വിജയനും സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂര്യ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹേശ്വരന് നന്ദഗോപാല്‍ നിര്‍മിക്കുന്ന ചിത്രം പയസ് രാജ് സംവിധാനം ചെയ്യുന്നു. വൂള്‍ഫ് എന്ന ചിത്രത്തിനു ശേഷം ഷാജി അസീസ് സംവിധാനം ചെയ്യുന്ന തര്‍ക്കം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും റിലീസായി. പിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന് സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം കൃഷ്ണ പ്രസാദ് സോമനാഥന് എഴുതുന്നു.
ക്രിയേഷന്‍സിന്റെ ബാനറില്‍ വി.എസ്. സുരേഷ് നിര്‍മിക്കുന്ന ജമാലിന്റെ പുഞ്ചിരിയുടെ ടീസറും റിലീസായി. വിക്കി തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്, സിദ്ധിഖ്, ജോയ് മാത്യു, അശോകന്, മിഥുന് രമേശ്, പ്രയാഗ മാര്ട്ടിന്, രേണുക, മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുകൂടാതെ ചെറുതും വലുതുമായി ഒരുപിടി ചിത്രങ്ങളാണ് ഈ ഓണക്കാലത്തിനു ശേഷം മലയാളത്തില്‍ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
തിയറ്ററുകളില്‍ റിലീസുകളും ആളും ആരവങ്ങളുമില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകള് വീട്ടകങ്ങളിലേക്കു സിനിമയുടെ റിലീസ് പൂക്കളങ്ങളിട്ടു തുടങ്ങിക്കഴിഞ്ഞു. ബിഗ് സ്ക്രീനില്‍നിന്നും മിനി സ്ക്രീനുകളിലേക്കു പ്രേക്ഷകര്‍ മാറുമ്പോള്‍ ഓണച്ചിത്രങ്ങളുടെ പൂവിളികള്ക്കായാണ് പ്രേക്ഷകര്‍ ഇപ്പോഴും കാത്തിരിക്കുന്നത്.
റാം ഗൗതം