മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ചിങ്ങപ്പുലരി
Monday, August 23, 2021 2:05 PM IST
മലയാള സിനിമയ്ക്കു പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും നാളെകളെ സമ്മാനിച്ചാണ് ഓണക്കാലത്തിന്റെ കടന്നു വരവ്. പോയ നാളുകളുടെ തളര്‍ച്ചയും കെടുതിയും കടന്ന് പുതിയ ഉണര്‍വോടെ പറന്നുയരാനുള്ള ശ്രമങ്ങളാണ് സിനിമാ മേഖലയില്‍ പ്രകടമാകുന്നത്. ചിങ്ങം ഒന്നിനു മാത്രം മലയാളത്തില്‍ 20ല്‍ അധികം ചിത്രങ്ങളുടെ വിളംബരം നടന്നു. വറുതി പിടിമുറുക്കിയ നാളുകളുടെ തളര്‍ച്ചകളെ മറികടന്നു പുതിയ പാതയില്‍ നവമുഖഭാവങ്ങളോടെയാണ് സിനിമ കടന്നുവരുന്നത്. പുതിയ സാധ്യതകളെ ഏറ്റവും ഫലപ്രദമാക്കി കേരളക്കരയിലേക്കു കൊണ്ടുവന്നതും മലയാള സിനിമയുടെ തിരിച്ചു വരവിനു വഴിയൊരുക്കുന്നു.
ബിഗ് എമ്മുകള്‍ മുമ്പില്‍
മലയാള സിനിമയുടെ രണ്ടു ബിഗ് എമ്മുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. കോവിഡിന്റെ ആഗമനത്തോടെ സിനിമാ മേഖല അനിശ്ചിതത്തിലായപ്പോള്‍ അതിനെ പിടിച്ചു നിര്‍ത്തിയതില്‍ ഇരുവരുടെയും പങ്ക് ചെറുതല്ല. വീണ്ടും ചലിച്ചു തുടങ്ങിയ ചലച്ചിത്ര ശാഖയ്ക്കു പുതുനാമ്പേന്തി ചിങ്ങം ഒന്നിനു രണ്ടു ചിത്രങ്ങളാണ് ഇരുവരും നായകന്മാരായി ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളിലും പരിധികളിലും ചട്ടക്കൂടിനകത്തും നില്‍ക്കേണ്ടിവന്നാലും പുതിയ സിനിമകള്‍ തുടങ്ങാന്‍ നിരവധി പേര്‍ക്കു ഊര്‍ജം പകരുന്നതാണ് ഇവരുടെ നീക്കം.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വം അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിങ്ങം ഒന്നിനു പുഴുവിന്റ പൂജയില്‍ പങ്കെടുത്തു. നവാഗതയായ റതീന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രമാണ്. മാസ് കഥാപാത്രങ്ങളില്‍നിന്നു മാറി വിധേയന്, പാലേരിമാണിക്യം പോലുള്ള സിനിമകളിലെ മമ്മൂട്ടിയുടെ അവതരണം പുഴുവില്‍ കാണാനാകുമെന്നാണ് റിപോര്‍ട്ട്. ഉണ്ടയ്ക്കു ശേഷം ഹര്‍ഷാദും വൈറസിനു ശേഷം ഷറഫ്-സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന ചിത്രത്തിനു തേനി ഈശ്വറാണ് ക്യാമറ. ദുല്‍ഖര്‍ സല്‍മാന്റ വേ ഫെറര്‍ സഹനിര്‍മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രവുമാണ് പുഴു. ദുല്‍ഖര്‍ തന്നെയാണ് വിതരണവും.
മോഹന്‍ലാല്‍ കോവിഡിന്റെ കടന്നുവരവിനു ശേഷവും സിനിമയില്‍ സജീവമായിരുന്നു. മലയാള സിനിമയുടെ തിരിച്ചുവരവിനു തന്നെ വഴിയൊരുക്കിയ ദൃശ്യം രണ്ടിനു ശേഷം ബ്രോ ഡാഡി എന്ന ചിത്രവും പൂര്‍ത്തിയാക്കി ചിങ്ങം ഒന്നിനു ജീത്തു ജോസഫിന്റെ ട്വല്‍ത്ത് മാനില്‍ ജോയിന്‍ ചെയ്തു. ലൂസീഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയും ദൃശ്യം രണ്ടിനു ശേഷം സംവിധായകന് ജീത്തു ജോസഫിനൊപ്പം ഒന്നിക്കുന്ന ട്വല്‍ത്ത് മാനും പുതിയ സാധ്യതയായ ഒടിടി പ്ലാറ്റ്ഫോമിലും മലയാളത്തിനു വലിയ വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ്. ആശിര്‍വാദ് ഫിലിംസാണ് ഇരു ചിത്രങ്ങളും നിര്‍മിക്കുന്നത്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും പ്രധാന കഥാപാത്രമാണ് ബ്രോ ഡാഡിയില്‍. കല്യാണി പ്രിയദര്ശന്, മീന, ഉണ്ണി മുകുന്ദന്, സൗബിന് ഷാഹിര്‍, കനിഹ തുടങ്ങിയ വലിയ താരനിര ചിത്രത്തിലെത്തുന്നുണ്ട്. ജീത്തു ജോസഫ് ഒരുക്കുന്ന ട്വല്‍ത്ത് മാനില്‍ മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന്, അനു മോഹന്‍, ചന്തു നായര്‍, ശിവദ, പ്രിയങ്കാ നായര്‍, അനുശ്രീ അനു സിതാര, സൈജു കുറുപ്പ്, രാഹുല്‍ മാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. രചന കൃഷ്ണകുമാറും ഛായാഗ്രഹണം സതീഷ് ക്കുറുപ്പും നിര്‍വഹിക്കുന്നു. ദൃശ്യത്തിനു ശേഷം ജീത്തു ഒരുക്കുന്ന മറ്റൊരു ത്രില്ലര്‍ ചിത്രമാണിത്.
ദിലീപും പൃഥ്വിരാജും തിരക്കില്‍
ദിലീപ് നായകനായ കേശു ഈ വീടിന്റെ നാഥനിലെ ദിലീപ് പാടിയ നാരങ്ങമുട്ടായി... എന്ന ഗാനം ചിങ്ങം രണ്ടിനു വൈകുന്നേരം റിലീസായി. ലോക്ഡൗണില്‍ പല ഷെഡ്യൂളായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം റിലീസിനു തയാറെടുക്കുകയാണ്. ദിലീപും സംവിധായകന് നാദിര്‍ഷയും ഒന്നിക്കുന്ന ചിത്രത്തില്‍ അറുപതു കഴിഞ്ഞ കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ഉര്‍വശിയാണ് നായിക. സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രം നാഥ് ഗ്രൂപ്പ് നിര്‍മിക്കുന്നു. സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, അനുശ്രീ, സ്വാസിക തുടങ്ങിയവരും വേഷമിടുന്നു.
പൃഥ്വിരാജ്, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന കാപ്പാ ചിങ്ങം ഒന്നിനാണ് അനൗണ്‍സ് ചെയ്തത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിനു ജി.ആര്. ഇന്ദുഗോപന് രചന നിര്‍വഹിക്കുന്നു. ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.
കൊട്ട മധു എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. മഞ്ജു വാര്യര്‍, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു തുടങ്ങിവരും ചിത്രത്തിലെത്തുന്നു. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്ര നിര്‍മാണ സംരംഭമാണ് കാപ്പ. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി, ഡോള്‍വിന്‍ കുര്യാക്കോസ് ജിനു വി. ഏബ്രഹാം, ദിലീഷ് നായര്‍ എന്നിവര്‍ പങ്കാളികളായ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്ര നിര്‍മാണ കമ്പനിയുമായി ചേര്‍ന്നാണു റൈറ്റേഴ്സ് യൂണിയന് ഈ സംരംഭത്തിനു തുടക്കമിടുന്നത്.
അണിയറയിലെ മറ്റ് തയാറെടുപ്പുകൾ
ഉണ്ണി മുകുന്ദന് നിര്‍മിച്ച് നായകനാകുന്ന മേപ്പടിയാന് എന്ന ചിത്രത്തിലെ ഗാനവും ചിങ്ങപ്പിറവിയില്‍ സമൂഹ മാധ്യമങ്ങളിലെത്തി. നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഞ്ജു കുര്യന് നായികയാവുന്നു. ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി തുടങ്ങിയവരുമുണ്ട്. ഉണ്ണി മുകുന്ദന്റെ തന്നെ പ്രൊഡക്ഷനില്‍ ഒരുങ്ങുന്ന രണ്ടാം ചിത്രം ഷെഫീക്കിന്റെ സന്തോഷത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അന്നു തന്നെയെത്തി. അനൂപ് സംവിധാനം ചെയ്യുന്ന ചിത്രം പക്കാ റിയലിസ്റ്റിക് ഫണ്‍ മൂവിയെന്ന വിശേഷണത്തോടെയാണ് എത്തുന്നത്.
സംവിധായകന് അജി ജോണ്‍ നായകനാകുന്ന സിദ്ദി എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസായി. ഫുട്ബോള്‍ താരവും നടനുമായ ഐ.എം. വിജയനും സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂര്യ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹേശ്വരന് നന്ദഗോപാല്‍ നിര്‍മിക്കുന്ന ചിത്രം പയസ് രാജ് സംവിധാനം ചെയ്യുന്നു. വൂള്‍ഫ് എന്ന ചിത്രത്തിനു ശേഷം ഷാജി അസീസ് സംവിധാനം ചെയ്യുന്ന തര്‍ക്കം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും റിലീസായി. പിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന് സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം കൃഷ്ണ പ്രസാദ് സോമനാഥന് എഴുതുന്നു.
ക്രിയേഷന്‍സിന്റെ ബാനറില്‍ വി.എസ്. സുരേഷ് നിര്‍മിക്കുന്ന ജമാലിന്റെ പുഞ്ചിരിയുടെ ടീസറും റിലീസായി. വിക്കി തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്, സിദ്ധിഖ്, ജോയ് മാത്യു, അശോകന്, മിഥുന് രമേശ്, പ്രയാഗ മാര്ട്ടിന്, രേണുക, മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുകൂടാതെ ചെറുതും വലുതുമായി ഒരുപിടി ചിത്രങ്ങളാണ് ഈ ഓണക്കാലത്തിനു ശേഷം മലയാളത്തില്‍ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
തിയറ്ററുകളില്‍ റിലീസുകളും ആളും ആരവങ്ങളുമില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകള് വീട്ടകങ്ങളിലേക്കു സിനിമയുടെ റിലീസ് പൂക്കളങ്ങളിട്ടു തുടങ്ങിക്കഴിഞ്ഞു. ബിഗ് സ്ക്രീനില്‍നിന്നും മിനി സ്ക്രീനുകളിലേക്കു പ്രേക്ഷകര്‍ മാറുമ്പോള്‍ ഓണച്ചിത്രങ്ങളുടെ പൂവിളികള്ക്കായാണ് പ്രേക്ഷകര്‍ ഇപ്പോഴും കാത്തിരിക്കുന്നത്.
റാം ഗൗതം