മമാസ് സംവിധാനം ചെയ്ത മാന്നാർ മത്തായ് സ്പീക്കിംഗ് 2 എന്ന ചിത്രത്തിനു ഛായാഗ്രഹണം നിർവഹിച്ചതും വിഷ്ണുവാണ്. ഈ ചിത്രത്തിനു വിഷ്ണുവിന്‍റെ കാമറ നൽകിയ ദൃശ്യമനോഹാരിത ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
തുടർന്നു മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കാനാണ് വിഷ്ണു നിയോഗിക്കപ്പെട്ടത്. ഏറെ പുതുമയുള്ള ഒരു കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. മലയാര ഗ്രാമത്തിലെ ഷാജി പാപ്പൻ എന്ന കഥാപാത്രത്തിനു ലഭിച്ച ഒരു ആടുമായുള്ള യാത്രയും ഈ യാത്രയ്ക്കിടയിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ജയസൂര്യയാണ് ഷാജിപാപ്പനെ അവതരിപ്പിച്ചത്. ഇടുക്കി ജില്ലയിലെ രാജക്കാട്, ശാന്തൻപാറ, പൂപ്പാറ, വെള്ളത്തൂവൽ, രാജകുമാരി എന്നിവിടങ്ങളിൽ ചിത്രീകരിച്ച വിഷ്വലുകൾക്കു ദൃശ്യപൂർണത നൽകാൻ വിഷ്ണുവിനു സാധിച്ചു.
മുഹ്സിൻ പരാരി സംവിധാനം ചെയ്ത കെ.എൽ. ടെൻ പത്ത് എന്ന പരീക്ഷണ ചിത്രത്തിനും വിഷ്ണുവിന്‍റെ കാമറ പൂർണമായ പിന്തുണ നൽകി. ഉണ്ണി മുകുന്ദനും ചാന്ദ്നിയുമാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്.
വിനയ് ഫോർട്ടും ചെന്പൻ വിനോദ് ജോസും മുഖ്യവേഷങ്ങളിലെത്തിയ ഉറുന്പുകൾ ഉറങ്ങാറില്ല രസകരമായി കണ്ടിരിക്കാവുന്ന ഒരു എന്‍റർടെയ്നറാക്കി മാറ്റിയതിനു പിന്നിൽ സംവിധായകനായ ജിജു അശോകനൊപ്പം വിഷ്ണുവുമുണ്ടായിരുന്നു. സിനിമയുടെ ഒഴുക്കിനൊത്തു നിൽക്കുന്ന ലളിതസുന്ദരമായ സിനിമാട്ടോഗ്രഫിയാണ് വിഷ്ണു ഈ ചിത്രത്തിനുവേണ്ടി സ്വീകരിച്ചത്.
തിരക്കുള്ള കാമറാമാനായി വിഷ്ണു ജൈത്ര യാത്ര തുടരുകയാണ്. സിനിമയോടുള്ള ഇദ്ദേഹത്തിന്‍റെ ആവേശവും പ്രതിബദ്ധതയുമാണ് ഈ യാത്രയ്ക്കു ശക്തി പകരുന്നത്.
തയാറാക്കിയത്:
സാലു ആന്‍റണി