ചങ്ക്സ്
ചങ്ക്സ്
Saturday, May 27, 2017 4:54 AM IST
ഒമർ ലുലു സംവിധാനംചെയ്യുന്ന ചങ്ക്സ് എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ഹാപ്പി വെഡ്ഡിംഗ് എന്ന ചെറിയ ചിത്രത്തിലൂടെ വൻ വിജയം നേടിയ ഒമർ ഒരുക്കുന്ന ചിത്രമെന്ന നിലയിലാണ് ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

എൻജിനീയറിംഗ് കോളജിന്‍റെ പശ്ചാത്തലത്തിലൂടെ അരങ്ങേറുന്ന ഒരു കാന്പസ് ചിത്രമാണ് ചങ്ക്സ്. കാന്പസിന്‍റെ നർമവും പ്രണയവും ത്രില്ലിംഗും ഒക്കെ കോർത്തിണക്കി എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിക്കുംവിധമാണ് ഇത് തയാറാക്കിയിരിക്കുന്നത്.

റൊമാരിയോ, യൂദാസ്, റിയാസ്, ആത്മാറാം എന്നിവരിൽ റൊമാരിയോ, യൂദാസ്, റിയാസ് എന്നിവർ മെക്കാനിക്കൽ എൻജിനീയറിംഗിനു പഠിക്കുന്നവരാണ്. ആത്മാറാം മറ്റൊരു കോഴ്സിനു പഠിക്കുന്നു. പെണ്‍കുട്ടികൾ അധികം കടന്നുവരാത്ത മേഖലയാണ് മെക്കാനിക്കൽ എൻജിനീയറിംഗ്. ഇവിടേക്ക് ബാംഗളൂരിൽനിന്നും ഒരു പെണ്‍കുട്ടി എത്തുന്നു. റിയ. റിയായുടെ വരവാണ് ഈ ചിത്രത്തിൽ വഴിത്തിരിവാകുന്നത്.


റിയയെ അവതരിപ്പിക്കുന്നത് ഹണി റോസാണ്. ഹണി റോസ് എന്ന നടിക്ക് ഏറെ തിളങ്ങാൻ കഴിയുന്ന ഒരു വേഷമാണ് ഈ ചിത്രത്തിൽ ലഭിച്ചിരിക്കുന്നത്. റൊമാരിയോയെ ബാലു വർഗീസും യൂദാസിനെ വിശാഖും റിയാസിനെ ഗണപതിയും ആത്മറാമിനെ ധർമ്മജൻ ബോൾഗാട്ടിയുമാണ് അവതരിപ്പിക്കുന്നത്.
ലാലും സിദ്ധിഖും റൊമാരിയോ, റിയ എന്നിവരുടെ പിതാക്ക·ാരെ അവതരിപ്പിക്കുന്നു. ഇവർ അടുത്ത സുഹൃത്തുക്കളുമാണ്. ഇവരുടെ കുടുംബത്തിലെത്തുന്പോൾ അത് കാന്പസിനേക്കാളും രസാവഹമാണ്.
ഹരീഷ് കണാരൻ, കൈലേഷ്, ഷമ്മി തിലകൻ, റീനാ ബഷീർ, ബിന്ദു അനീഷ്, അഞ്ജലി നായർ, ശരണ്യ, രമ്യാ പണിക്കർ എന്നിവരും പ്രധാന താരങ്ങളാണ്.

വൈശാഖാ സിനിമയുടെ ബാനറിൽ വൈശാഖാ രാജൻ ഈ ചിത്രം നിർമിക്കുന്നു. ആൽബി ഛായാഗ്രഹണവും ദിലീപ് ഡെന്നീസ് എഡിറ്റിംഗും നിര്വഹിക്കുന്നു. കലാസംവിധാനം- ജോസഫ് നെല്ലിക്കൽ, പ്രൊഡ. കണ്‍ട്രോളർ സഞ്ജു വൈക്കം.

വാഴൂർ ജോസ്