ഹരി നായർ (കാമറ സ്ലോട്ട്)
ഹരി നായർ (കാമറ സ്ലോട്ട്)
Thursday, April 20, 2017 3:32 AM IST
ഷാജി എൻ. കരുണിന്‍റെ പിറവി എന്ന ചിത്രത്തിൽ കാമറാ സഹായിയായി പ്രവർത്തിച്ച് സിനിമയിലെത്തിയ ഹരി നായർ, കരിയറിൽ ഉടനീളം സിനിമയുടെ എണ്ണത്തേക്കാൾ ഉപരി കലാമൂല്യമുള്ള ചിത്രങ്ങളിൽ പ്രവർത്തിക്കുന്നതിനാണ് താൽപര്യം കാട്ടിയത്. സ്വം എന്ന ഷാജി എൻ കരുണ്‍ ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ ഇദ്ദേഹം, ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരവും നേടി. കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി വേദികളിൽ പ്രദർശിപ്പിച്ച് അന്താരാഷ്ട്രവേദികളിൽ പ്രശസ്തിനേടിയ സ്വം, ഹരി നായർക്ക് ഛായാഗ്രാഹകനെന്ന നിലയിൽ ഇന്ത്യൻ സിനിമയിൽ കൃത്യമായ ഒരു സ്ഥാനം രേഖപ്പെടുത്തി നൽകിയ ചിത്രമാണ്.

പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോട്ടോഗ്രഫി ഡിപ്പാർട്ട്മെന്‍റിന്‍റെ തലവനായിരുന്ന കെ.പി.ആർ നായരുടെ മകനായ ഹരി നായർ കാമറയുടെ പിന്നിലെത്തിയത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. കുട്ടിയായിരിക്കുന്പോൾതന്നെ മൂവി കാമറയിൽ ആകൃഷ്ടനായിരുന്ന ഹരി പിൽക്കാലത്ത് ഫോട്ടോഗ്രഫി പഠനത്തിനായി പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയായിരുന്നു.

1998-ൽ എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത എന്നു സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിന് കാമറ നിയന്ത്രിക്കാനായത് ഭാഗ്യമായി കരുതുന്ന ഹരി ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് രണ്ടാം തവണയും സ്വന്തമാക്കി. ഈ കാലഘട്ടത്തിൽതന്നെ ബംഗാളി സംവിധായകൻ ഋതുപർണഘോഷിന്‍റെ ദഹാൻ എന്ന ചിത്രത്തിലും പ്രവർത്തിച്ചു. തുടർന്ന് ഹരി നായർ പ്രവർത്തിച്ചത് രാം ഗോപാൽ വർമയുടെ രചനയിൽ സൃഷ്ടിക്കപ്പെട്ട ഹിന്ദി ചിത്രം ഷൂളിനുവേണ്ടിയാണ്. ഈ ചിത്രം മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയപ്പോൾ ചിത്രത്തിന്‍റെ കാമറാമാനായ ഹരി നായർക്കും നേട്ടമായി.

ഹിന്ദി സിനിമകളിൽ പ്രവർത്തിച്ചുപോന്നിരുന്ന ഹരി നായർ കേരള കഫേയിലെ മൃത്യുഞ്ജയം എന്ന സെഗ്മെന്‍റിന് ഛായാഗ്രഹണം നിർവഹിച്ചുകൊണ്ടു മലയാളത്തിലേക്കു തിരിച്ചെത്തി. തുടർന്ന് ദുൽഖർ സൽമാൻ നായകനായ തീവ്രം എന്ന ചിത്രത്തിനുവേണ്ടിയും പ്രവർത്തിച്ചു. 2012-ൽ ജോയി മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണത്തിലൂടെ മലയാളത്തിൽ വീണ്ടും ശ്രദ്ധേയനായി. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനസമയത്തുതന്നെ ജോയി മാത്യുവുമായി പരിചയമുണ്ടായിരുന്ന ഹരി നായർ, വർഷങ്ങൾക്കുശേഷം ജോയിയുടെ ആദ്യ സംവിധാന സംരംഭമായ ഷട്ടറിൽ സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.


2014-ൽ പുറത്തിറങ്ങിയ അപ്പോത്തിക്കരി എന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ച ഹരി നായർ ഏറെ നിരൂപക പ്രശംസ നേടി. മാധവ് രാംദാസ് സംവിധാനം ചെയ്ത ഈ മെഡിക്കൽ ത്രില്ലറിൽ ജയസൂര്യ, ആസിഫ് അലി എന്നീ യുവതാരങ്ങളുടെ അഭിനയമികവുകൾ കാമറയിൽ പകർത്താൻ തികഞ്ഞ വൈദഗ്ധ്യമാണ് ഹരി കാട്ടിയത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ നോവൽ ബാല്യകാല സഖി പ്രമോദ് പയ്യന്നൂർ അതേ പേരിൽ സിനിമയാക്കിയപ്പോൾ ഛായാഗ്രഹണം നിർവഹിച്ചതും ഹരിയായിരുന്നു. മനോജ് പാലോടന്‍റെ ഇതു താൻടാ പോലീസ് ഹരിയുടെ മറ്റൊരു ചിത്രമാണ്.

ആഘോഷസിനിമകളുടെ ഭാഗമാകാൻ അവസരമേറെയുണ്ടായിട്ടും കലാമൂല്യമുള്ള സിനിമകൾ മാത്രം തെരഞ്ഞെടുക്കാൻ ഹരി നായർ കാട്ടുന്ന ആർജവം അഭിനന്ദനാർഹമാണ്. കലാമൂല്യം നിറഞ്ഞ ചെറു സിനിമകളിൽ പ്രവർത്തിക്കാനാണ് ഹരി നായർക്ക് എന്നും താൽപര്യം. മുംബൈയിൽ ഇത്തരം സിനിമകൾക്ക് എന്നും മാർക്കറ്റുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരേ കാലത്തു പഠിച്ചിറങ്ങിയവരും പിന്നീട് സംവിധായകരുമായ രാജ്കുമാർ ഹിറാനി, അനുരാഗ് കശ്യപ്, ശ്രീറാം രാഘവൻ തുടങ്ങിയ മികച്ച സംവിധായകരുടെ പിൻബലവും ഇത്തരം ചിത്രങ്ങളുടെ നിർമാണത്തിനുണ്ട്.

വ്യാസൻ കെ.പി. സംവിധാനം ചെയ്ത അയാൾ ജീവിച്ചിരിപ്പുണ്ട് ഹരിയുടെ ഛായാഗ്രഹണമികവ് വ്യക്തമാക്കിയ മറ്റൊരു ചിത്രമാണ്.

തയാറാക്കിയത്: സാലു ആന്‍റണി