നാടകം, സിനിമ, ജീവിതം
നാടകം, സിനിമ, ജീവിതം
സന്തോഷ് കീഴാറ്റൂർ എന്ന പേരിനേക്കാൾ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരൻ മലയാളികളുടെ മനസിൽ ഇടംനേടിയത്. ചെറുതും വലുതുമായ പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുന്നതിൽ സന്തോഷ് വിജയിച്ചു. വിക്രമാദിത്യനിലെ കള്ളൻ കുഞ്ഞുണ്ണിയും പുലിമുരുകന്‍റെ ധീരനായ അച്ഛനുമായി തിളങ്ങിയ സന്തോഷ് കീഴാറ്റൂർ മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്ഫാദറിലും നിർണായക വേഷത്തിലെത്തിയിരുന്നു. നാടകത്തിന്‍റെ തട്ടകത്തിൽ നിന്നും സിനിമയിലെത്തിയ ഈ പ്രതിഭ ഇന്നും നാടകത്തിനെ മറന്നിട്ടില്ല. സിനിമയുടെ തിരക്കിൽ മാത്രം അഭിരമിക്കാതെ അപചയം സംഭവിച്ചു പോകുന്ന നാടക കലാരൂപത്തിനുവേണ്ടി പ്രയത്നിക്കാൻ സമയം കണ്ടെത്തുന്നു. സന്തോഷ് കീഴാറ്റൂർ സംസാരിക്കുകയാണ്, തന്‍റെ പ്രതീക്ഷകളും ആകുലതകളും ആത്മരോഷങ്ങളും...

നാടകത്തിലൂടെ

സിനിമയിലേക്കുള്ള ഷോർ ട്ട്കട്ടാണ് നാടകം എന്നു ഞാനൊരിക്കലും കരുതിയിട്ടില്ല. കാരണം നാടകാഭിനയത്തിലൂടെ എന്നെയാരും സിനിമയിലെടുത്തില്ലെന്നതാണ് എന്‍റെ അനുഭവങ്ങളങ്ങൾ. നാടകം ചെറുപ്പം മുതൽ തന്നെ എന്നിലേക്കാവാഹിച്ചതാണ്. സിനിമ അന്ന് വിദൂര സ്വപ്നത്തിൽ പോലുമില്ല. കുടുംബത്തിലും അങ്ങനെ കലാപാരന്പര്യമൊന്നുമില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ ശക്തമായ നാടാണ് എന്േ‍റത്. അവിടെ വായനശാലകളിലും തെരുവുനാടകങ്ങളിലുമായാണ് കളിച്ച് വളരുന്നത്.

സിനിമയിലേക്ക് ആദ്യ ചുവട്

സിഡിറ്റിനു വേണ്ടി കണ്ണൂർ ജില്ലാ പഞ്ചായത്തിൽ ചെയ്യുന്ന ന്ധകണ്ണൂർ കർഷക സമരവും ജനകീയാസൂത്രണവും’ എന്ന വിഷയത്തിൽ കാമറമാനും കമ്മട്ടിപ്പാടത്തിന്‍റെ സംവിധായകനുമായ രാജീവ് രവി ഛായാഗ്രഹണം ചെയ്യുന്ന ഒരു ഡോക്യുഫിക്ഷനിൽ അഭിനയിക്കുന്നതിലൂടെയാണ് സിനിമയെക്കുറിച്ചുള്ള എന്‍റെ ആറ്റിറ്റ്യൂഡ് മാറ്റുന്നത്. അതിൽ മരിച്ച് പോയ നടൻ മുരളിയൊക്കെ അഭിനയിച്ചിരുന്നു. രാജീവേട്ടനെ കാണാൻ വേണ്ടി പൊള്ളാച്ചിയിൽ പോയപ്പോഴാണ് ലോഹിതദാസ് സാറുമായി പരിചയമാകുന്നത്. അവിടെ ചക്രം സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. അന്നാണ് നാടകത്തിന്‍റെ ഒരു വില മനസിലാകുന്നത്. നാടകക്കാരനെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിനു വലിയ കാര്യമായി. നാടകം സംബന്ധിച്ച് ഞങ്ങൾ പല ചർച്ചകളൊക്കെ ചെയ്തു. ഞാൻ തിരിച്ചു വരുന്പോഴാണ് ഒരു വേഷത്തിലഭിനയിക്കാൻ ആ സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. സിനിമയിലേക്കുള്ള തുടക്കം അതായിരുന്നു. അതിനു ശേഷം ഞാൻ ഒന്നു രണ്ടു സംവിധായകരെ കണ്ടു. വളരെ മോശമായിട്ടുള്ള അനുഭവമാണ് അന്നെനിക്കുണ്ടായത്. നാടകത്തിലെ അനുഭവവുമായി ചെന്നപ്പോൾ അവര് പുച്ഛിച്ചു വിട്ടു. പിന്നെ ഞാനും സിനിമയെ കാര്യമായി കണ്ടിരുന്നില്ല.

പരീക്ഷണ പാതകൾ

അന്നു ഞാൻ കണ്ണൂർ സംഘചേതനയുടെ നാടകത്തിലഭിനയിക്കുന്ന സമയമാണ്. ശന്പളവും ജീവിത സാഹചര്യവുമൊക്കെ വളരെ മോശമാണെങ്കിലും നാടകം കളിക്കുന്പോൾ കിട്ടുന്ന എനർജിയും വലിയ ഓഡിയൻസിന്‍റെ മുന്നിൽ കളിക്കുന്പോഴുള്ള സംതൃപ്തിയുമാണ് മനസിൽ. പതിനേഴാമത്തെ വയസിൽ ഞാൻ പ്രഫഷണൽ നാടകം കളിക്കുന്പോൾ എനിക്കു കിട്ടുന്ന ശന്പളം 50 രൂപയാണ്. പിന്നീടുള്ള നാടകം കളി 2006-ൽ സംസ്ഥാന അവാർഡ് കിട്ടുന്നതു വരെ എത്തിയിരുന്നു. നിരവധി പുരസ്കാരങ്ങൾ കിട്ടിയ ചെഗുവേര എന്ന നാടകം വരെ സംഘചേതനയ്ക്കൊപ്പം ഞാൻ കളിച്ചിരുന്നു. എന്‍റെ സ്വപ്നങ്ങളൊക്കെ അന്നു സംഘചേതനയിലാണ്. ആ രീതിയിലായിരുന്നു ആ ട്രൂപ്പ് അന്ന്. നാടകം കളിച്ച് മാങ്ങാട്ട് പറന്പ് ഹൈവേയ്ക്കടുത്ത് ഒരു സ്ഥലവും ഞങ്ങൾ വാങ്ങിയിരുന്നു. മലബാറിൽ ഒരു നാടക സ്കൂൾ, നാടക റിഹേഴ്സൽ നടത്താനുള്ള ഹാൾ, ആർട്ടിസ്റ്റുകൾക്കു താമസിക്കാനുള്ള സൗകര്യം, ലൈബ്രറി എന്നിങ്ങനെ വലിയൊരു മാസ്റ്റർ പ്ലാൻ തന്നെയുണ്ടായിരുന്നു. എന്നാൽ ഇന്നും ആ സ്ഥലം കാടുപിടിച്ചു കിടക്കുകയാണ്.

ചെഗുവേര നാടകത്തോടെ സംഘചേതന പിരിച്ചുവിട്ടു. ഒരു നടുക്കടലിൽപെട്ടതുപോലെയായി ഞാൻ. വേറെ തൊഴിലൊന്നും പഠിച്ചിട്ടില്ല, നാടക ഭ്രാന്ത് കാരണം ഡിഗ്രി പൂർത്തിയാക്കിയിട്ടില്ല. അന്നും ഇന്നും വീട്ടിൽ ഒരേ സപ്പോർട്ടായിരുന്നു. നാടകത്തിൽ നിന്നും 50 രൂപ കിട്ടിയപ്പോഴും ഇന്നും സിനിമയിൽനിന്നു കുറച്ചു ലക്ഷങ്ങൾ കിട്ടുന്പോഴും വീട്ടുകാർ എന്നോട് ചോദിച്ചിട്ടില്ല എത്രകിട്ടുന്നുവെന്ന്. വീട്ടിൽ എന്നും നമ്മൾ ഒരുപോലയാണ്. അതിനു ശേഷം കാസർഗോഡും കോഴിക്കോടുമായി പല സംഘങ്ങൾ, കെപിഎസിയിൽ ഒരു വർഷം. പക്ഷെ അതൊന്നും എനിക്കു സംതൃപ്തി നൽകുന്നതായിരുന്നില്ല. കാരണം കേരളത്തിലെ നാടകങ്ങൾ ഇന്നും പുറകോട്ട് സഞ്ചരിക്കുകയാണ്. എങ്കിലും നാടകമല്ലാതെ നമുക്ക് വേറെ മാർഗമില്ല.

അംഗീകാരങ്ങൾ തേടിയെത്തുന്നു

പിന്നീടാണ് ഞാൻ കുട്ടികളുടെ നാടകങ്ങളും കാന്പസ് നാടകങ്ങളും സംവിധാനം ചെയ്തും മലബാറിലെ പ്രധാന അമച്വർ നാടകങ്ങളിലെ ലൈറ്റ് ഡിസൈനറായും മുന്നോട്ട്പോകുന്നത്. അപ്പോഴേക്ക് പ്രഫഷണൽ നാടകങ്ങളൊക്കെ വിട്ടിരുന്നു. എങ്കിലും ജീവിതത്തിൽ സാന്പത്തികമായി വലിയ മെച്ചമൊന്നുമില്ല. കല്യാണം കഴിഞ്ഞ സമയത്ത് എന്‍റെ ഗുരുനാഥനായ കോഴിക്കോട് ഗോപിനാഥൻ സാറ് പറഞ്ഞിട്ടാണ് തിരുവനന്തപുരം അക്ഷരകല ട്രൂപ്പിലെത്തുന്നത്. കോട്ടയത്ത് തന്പുരാൻ എന്ന നാടകത്തിലെ ടൈറ്റിൽ വേഷമാണ് ഞാൻ ചെയ്തത്. അതു കളിച്ച ഇടങ്ങളിലൊക്കെ മികച്ച അഭിപ്രായവും 2006-ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നേടിത്തന്നു. അങ്ങനെയാണ് നാട്ടുകാരൊക്കെ തിരിച്ചറിഞ്ഞു തുടങ്ങുന്നത്. അവാർഡ് കിട്ടിയതുകൊണ്ട് സിനിമയിലേക്കു ആരെങ്കിലും വിളിക്കുമെന്നാണ് മനസിലപ്പോഴും.


സിനിമയുടെ വിസ്മയം

സിനിമയുടെ കാമറയ്ക്കു പിന്നിലെ കാര്യങ്ങളിൽ എനിക്കു കൗതുകം ഉണ്ടായിരുന്നു. ടി.വി ചന്ദ്രൻ സാറിനെ പരിചയപ്പെടുന്നതും ഭൂമി മലയാളം എന്ന സിനിമയിൽ ഞാൻ അസിസ്റ്റന്‍റ് ഡയറക്ടായി കൂടുന്നതുമങ്ങനെയാണ്. ഒരിക്കൽ പരാജയപ്പെട്ടിടത്തു നിന്നും വീണ്ടും സിനിമയിലേക്കെത്തുകയാണ്. പിന്നീട് ചന്ദ്രൻ സാറിനും സാറിന്‍റെ മകൻ യാഥവ് ചന്ദ്രനുമൊക്കയൊപ്പം വർക്കു ചെയ്തു. അവിടെ നിന്നും പിന്നീട് സിനിമയുടെ പുറകെയായി.

ഇടയ്ക്കിടക്ക് പ്രൊഫഷണൽ നാടകങ്ങളിലും അഭിനയിക്കുന്നുണ്ട്. അവതാരപുരുഷൻ എന്ന നാടകത്തിൽ ഓച്ചിറ വേലുക്കുട്ടിയായി ഞാൻ അഭിനയിച്ചു. ഒരു നടൻ എന്ന നിലയിൽ പല അംഗീകാരങ്ങളും അതു മേടിച്ചു തന്നു. ആ വർഷം സംസ്ഥാന അവാർഡിൽ എന്നെ നിഷഠൂരം അവഗണിച്ചു. കമൽ സാറിന്‍റെ നടൻ എന്ന സിനിമയുടെ തുടക്കത്തിൽ അതേ വേഷം തന്നെ ഞാൻ അവതരിപ്പിച്ചു. കമൽ സാറിന്‍റെ ആ പടത്തിൽ അസോസിയേറ്റ് ഡയറക്ടറുമായിരുന്നു. അതൊരു വലിയ ഭാഗ്യമായിരുന്നു. കമൽ സാറിന്‍റെ സിനിമ സ്കൂളിലെത്തിയാൽ പിന്നെ രക്ഷപ്പെട്ടു എന്നു പറയാറുണ്ട്. അവിടെ നിന്നുമാണ് ലാൽ ജോസ് സാറിന്‍റെ വിക്രമാദിത്യൻ എന്ന സിനിമയിലേക്കെത്തുന്നത്. കമ്മാ രസംഭവം സംവിധാനം ചെയ്യുന്ന രതീഷ് അന്പാട്ടാണ് എന്‍റെ ഫോട്ടോ ലാൽജോസ് സാറിനെ കാണിക്കുന്നത്. എന്‍റെ പേര് അറിയില്ലെങ്കിലും പല കഥാപാത്രങ്ങളിലൂടെ മലയാളികൾ എന്നെ തിരിച്ചറിയുന്നുണ്ട്. വിക്രമാദിത്യനിലെ കള്ളൻ കുഞ്ഞുണ്ണിയും പുലിമുരുകനിലെ മുരുകന്‍റെ അച്ഛൻ, പത്തേമാരിയിലെ ഗൾഫ്കാരൻ, വർഷത്തിലെ മന്ത്രി എന്നിവ ജനകീയമായ വേഷങ്ങളാണ്. സിനിമ ഹിറ്റാകുന്പോഴാണ് പ്രേക്ഷകരും നമ്മളെ തിരിച്ചറിയുന്നത്.

പുതിയ പ്രതീക്ഷകൾ

ഉടൻ തിയറ്ററിലെത്തുന്നത് നിവിൻ പോളിയുടെ സഖാവാണ്. എഴുപതിന്‍റെ കാലഘട്ടത്തിൽ പീരുമേട്ടിലുള്ള സഖാവ് സെന്തിൽ എന്ന കഥാപാത്രമായണ് ഞാൻ അഭിനയിക്കുന്നത്. പ്രേതമുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തിൽ പക്കാ നെഗറ്റീവ് വേഷമാണ് ചെയ്യുന്നത്. ഹരികുമാർ സാറിന്‍റെ ക്ലിന്‍റ്, നെഗറ്റീവ് ടൈറ്റിൽ റോളിലെത്തുന്ന കുന്പാരി എന്നീ ചിത്രങ്ങളാണ് ഇപ്പോൾ പൂർത്തിയാക്കിയത്. ഇപ്പോൾ ചെയ്ത് കഴിഞ്ഞത് വിശ്വാസ പൂർവം മൻസൂറാണ്. സഖാവ് ജയരാജ് എന്ന കഥാപാത്രമാണതിൽ. മനുഷ്യ പക്ഷത്തു ചേർന്നുകൊണ്ടുള്ള ഒരു ശ്കതമായ രാഷ്ട്രീയമാണ് ഈ സിനിമ സംസാരിക്കുന്നത്. ഞാൻ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും പോസിറ്റീവായിട്ടുള്ളൊരു കഥാപാത്രം.

കമ്മാര സംഭവം, കാമറാമാൻ ഉത്പൽ നായർ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് ഇനി ചെയ്യാൻ പോകുന്ന ചിത്രങ്ങൾ. ഞാൻ നായകനായ സമർപ്പണം എന്ന ചിത്രം കഴിഞ്ഞമാസം തിയറ്ററിലെത്തിരുന്നു. ഒരു ഓഫ് ബീറ്റ് സിനിമയാണത്. പിന്നെ ഓടുന്നോൻ എന്നൊരു സിനിമയും ഞാൻ നായക വേഷം ചെയ്ത ചിത്രമാണ്. ഇതൊക്കെ വളരെ പരീക്ഷണാത്മകമായി ചെയ്ത ചിത്രങ്ങളാണ്.

രാഷ്ട്രീയ പ്രവർത്തനം

ഇതിനൊപ്പം തന്നെ എന്‍റെ നാടകവുമായും മുന്നോട്ടു പോകുന്നു. കഴിഞ്ഞ മാസം തിരുവന്തപുരത്തും കണ്ണൂരുമായി ന്ധപെണ്‍നടൻ’ എന്ന നാടകം ഞാൻ ചെയ്തിരുന്നു. എന്‍റെ തന്നെ ഗ്രൂപ്പാണത്. അതിന്‍റെ രചനയും സംവിധാനവുമെല്ലാം ഞാൻ തന്നെയാണ് നിർവഹിക്കുന്നത്. സിനിമ തന്ന ഒരു സൗഭാഗ്യമെന്നത് ആ നാടകവുമായി പല വിദേശ രാജ്യങ്ങളിൽ സഞ്ചരിക്കാൻ സാധിക്കുന്നു എന്നതാണ്. സിനിമയ്ക്കിടക്കും നാടകത്തിനായി ഞാൻ സമയം കണ്ടെത്തുന്നു. നാടകം എന്നത് എന്‍റെ രാഷ്ട്രീയ പ്രവർത്തനമാണ്. സിനിമയിൽ നിന്നും വ്യത്യസ്തമായി എനിക്കു സമൂഹത്തിനോട് പറയാനുള്ളതാണ് ഞാൻ നാടകത്തിലൂടെ അവതരിപ്പിക്കുന്നത്.

പ്രതിഷേധ ഇരന്പൽ

കേരളത്തിനു പുറത്ത് നാടകം അവതരിപ്പിക്കുന്പോഴുള്ള സ്വീകാര്യത നമുക്ക് സംതൃപ്തി നൽകുന്പോൾ കേരളത്തിനകത്ത് ഉള്ള സ്വീകാര്യത സങ്കടമാണ് നൽകുന്നത്. ഇന്നു കേരളത്തിലെ നാടകങ്ങളുടെ അപചയത്തിനു കാരണം പ്രേക്ഷകരോ നാടക സമിതികളോ അല്ല. എല്ലാത്തിനും നയമുള്ള കേരള സർക്കാരിന് നാടകത്തിനോട് അവഗണനയാണുള്ളത്. മാറി മാറി ഭരിച്ച ഗവണ്‍മെന്‍റുകൾ വന്നിട്ടു പോലും നാടകത്തിനുള്ള ഒരു സ്പേസ് ഉണ്ടാക്കുന്നതിൽ വീഴ്ച പറ്റിയിരിക്കുന്നു. ഒരു കാലത്ത് നാടകം കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയത് രാഷ്ട്രീയ പ്രചരണ ആയുധമായിട്ടാണ്.

ഇന്നു കാലമിത്രയുമായിട്ടും നാടകം സൗജന്യമായി കളിക്കേണ്ട ഒരു കലാരൂപമാണ് എന്ന സ്ഥിതിയിലേക്കെത്തി. ജനങ്ങളുടെ മനസിലും അങ്ങനൊരു ചിന്ത വളർന്നു. മറ്റുള്ള സംസ്ഥാനങ്ങളിൽ നാടകത്തിനു വേണ്ടി മാത്രം തിയറ്ററുകളുണ്ട്. ടിക്കറ്റെടുത്ത് നാടകം കാണേണ്ട പ്രൈവറ്റ് തിയറ്ററുകളും ഗവണ്‍മെന്‍റ് തിയറ്ററുകളുമുണ്ട്. സിനിമയിൽ നോക്കിയാൽ വാണിജ്യമെന്നും സമാന്തരമെന്നുമുള്ള സിനിമകളുണ്ട്. എന്നാൽ അതുപോലെ നാടകത്തിന്‍റെ വളർച്ചയ്ക്കായി ആരും മുൻകൈ എടുത്തില്ല എന്നതാണ് വാസ്തവം. ഇതര ഭാഷാ സിനിമകളിലേക്കു നോക്കിയാൽ നാടകത്തിൻ നിന്നും സിനിമയിലെത്തിയവർ സിനിമയ്ക്കൊപ്പം തന്നെ നാടകവും ചെയ്യുന്നുണ്ട്. എന്നാൽ മലയാളത്തിൽ നാടകത്തിൽ നിന്നും സിനിമയിലെത്തി സന്പന്നരായിട്ടും പലരും നാടകത്തിലേക്കു തിരിഞ്ഞു നോക്കിയിട്ടില്ല എന്നതാണ് സത്യം. ആരെയും കുറ്റപ്പെടുത്തുന്നതല്ല, അതിനോടുള്ള ഒരു പ്രതികരണമെന്ന നിലയിലാണ് ഞാനിപ്പോഴും നാടകം കളിക്കുന്നത്. തളിപ്പറന്പിൽ കീഴാറ്റൂരാണ് എന്‍റെ സ്ഥലം. ഭാര്യ സിനി. മകൻ യഥു.

ലിജിൻ കെ. ഈപ്പൻ