മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ അധികം ലഭിച്ചില്ലല്ലോ?
സുരേഷ് ഉണ്ണിത്താൻ സാർ സംവിധാനം ചെയ്ത അയാളിൽ നല്ല വേഷമായിരുന്നു. പടം സാന്പത്തികമായി നേട്ടമുണ്ടാക്കിയില്ലെങ്കിലും ഫെസ്റ്റിവലുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. മുണ്ടും ബ്ലൗസുമൊക്കെ ധരിച്ച പഴയ രീതിയിലുള്ള കഥാപാത്രമായിരുന്നു. അതിനുവേണ്ടി കുറച്ചു വണ്ണം വയ്ക്കേണ്ടി വന്നു. പിന്നീട് തമിഴിൽ അഭിനയിക്കാൻ ചെന്നപ്പോൾ മെലിയേണ്ടി വന്നു. എന്നെ സംബന്ധിച്ച് ബോഡി ഫ്ളെക്സിബിളാണ്. കഥാപാത്രത്തിനനുസരിച്ച് മെലിയാനും വണ്ണം വയ്ക്കാനും സാധിക്കും. പുതിയ ചിത്രമായ പുത്തൻ പണത്തിൽ ഫ്ളാഷ് ബാക്കിൽ അൽപം മെലിഞ്ഞും പിന്നീട് കാണുന്നത് കുറച്ചു കൂടി വണ്ണം വച്ചുമാണ്. കഥാപാത്രത്തിനു വേണ്ടി ഞാൻ അങ്ങനെ ചെയ്തതാണ്.
|
|
എങ്ങനെയുള്ള കഥാപാത്രങ്ങളോടാണിഷ്ടം?
ഏതു തരം കഥാപാത്രങ്ങളും ചെയ്യും. അങ്ങനെ ഒരു പ്രത്യേകതകളുമില്ല. നാടൻ കഥാപാത്രങ്ങളാണ് കൂടുതലും ലഭിക്കുന്നതെങ്കിലും മോഡേണ് വേഷങ്ങളും എനിക്കിഷ്ടമാണ്. മോഡേണ് വേഷം ധരിക്കാനോ ഗ്ലാമർ ചെയ്യാനോ എനിക്കു മടിയില്ല. പക്ഷേ തമിഴിലൊന്നും ഇതുവരെ ഗ്ലാമർ വേഷങ്ങൾ ചെയ്തിട്ടില്ല. അവസാനം ഞാൻ ചെയ്തത് ഭരത് നായകനാകുന്ന പൊട്ടു എന്ന ചിത്രമാണ്. ഹൊറർ ഫിലിമാണ്. റിലീസിനു തയാറെടുക്കുകയാണ് ചിത്രം. തമിഴിൽ നിന്ന് ഒട്ടേറെ ഓഫറുകൾ വരുന്നുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിന് എത്തിയതു തന്നെ ഒരു തമിഴ് ചിത്രം നീട്ടിവച്ചിട്ടാണ്. അതിന്റെ ഷൂട്ടിനായി കൊടൈക്കനാലിലേക്കു പോകാൻ തുടങ്ങുന്നതിന്റെ തലേദിവസമാണ് ഇതിലേക്കു വിളിക്കുന്നത്. ഞാനവരോടു പത്തു ദിവസത്തെ സമയം ചോദിച്ചാണ് ഇതിലെത്തിയത്. മലയാളത്തിൽ എനിക്കു കിട്ടുന്നത് കുറച്ച് സീരിയസായ വേഷങ്ങളാണ്. സ്വർണക്കടുവയിലും പുത്തൻ പണത്തിലും ഇപ്പോൾ ആകാശ മിഠായിലുമെല്ലാം അത്തരം കഥാപാത്രങ്ങളാണ്.
കരിയർ സംബന്ധിച്ച് തീരുമാനമെടുക്കുന്നതും സിനിമകൾ സെലക്ടു ചെയ്യുന്നതുമെല്ലാം ആരാണ്?
അമ്മയാണ് അതെല്ലാം തീരുമാനിക്കുന്നത്. ലൊക്കേഷനുകളിൽ അച്ഛൻ കൂടെ വരും. എന്റെ സുഹൃത്തും വഴികാട്ടിയുമെല്ലാം അമ്മയാണ്. എനിക്കൊരു ചേച്ചിയുണ്ട്. സീരിയൽ ആക്ടറാണ്. അനിയൻ എം.ബി.എ ക്കു പഠിക്കുന്നു.
സിനിമയല്ലാതെ താൽപര്യമുള്ള മേഖല?
സിനിമയല്ലാതെ എനിക്കിഷ്ടമുള്ള മേഖല ബാഡ്മിന്റണാണ്. സെലിബ്രറ്റി ബാഡ്മിന്റണ് ടീമിൽ തമിഴിനുവേണ്ടി കളിച്ചു. ഡ്രൈവിംഗാണ് മറ്റൊരിഷ്ടം. ഒട്ടേറെ യാത്രകൾ ചെയ്യും.
പുതിയ പ്രോജക്ടുകൾ?
മലയാളത്തിൽ പല പ്രോജക്ടുകളും ചർച്ച നടക്കുന്നു. ഒന്നും തീരുമാനമായിട്ടില്ല. തമിഴിൽ ഒരു വലിയ പ്രോജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞേക്കും. പക്ഷേ അതും പുറത്തു പറയാറായിട്ടില്ല.
സ്റ്റാഫ് പ്രതിനിധി