പ്രൊഫസർ ഡിങ്കൻ
പ്രൊഫസർ ഡിങ്കൻ
Monday, May 1, 2017 4:04 AM IST
ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ത്രിഡി മലയാള ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജനപ്രിയ നായകൻ ദിലീപ് പ്രൊഫസർ ഡിങ്കനായി എത്തുന്ന ത്രിഡി ചിത്രം ഛായാഗ്രഹണം നിർവഹിച്ച് സംവിധാനം ചെയ്യുന്നത് രാമചന്ദ്രബാബുവാണ്. പ്രശസ്ത കാമറമാനായിരുന്ന രാമചന്ദ്രബാബു ആദ്യമായി സംവിധായകനാകുന്ന ഈ ചിത്രത്തിൽ നയികയാകുന്നത് നമിത പ്രമോദാണ്.

കൈലാഷ്, സുരാജ് വെഞ്ഞാറമ്മൂട്, കൊച്ചുപ്രേമൻ, റാഫി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെറുപ്പം മുതലെ ദീപാങ്കുരന് മാജിക്കിനോട് കടുത്ത ഇഷ്ടമായിരുന്നു. എവിടെ മാജിക് പ്രകടനമുണ്ടോ, അവിടെ ദീപാങ്കുരനുമുണ്ട്. അങ്ങനെയിരിക്കെയാണ് ഒരിക്കൽ മഹേന്ദ്രൻ എന്ന മജീഷ്യന്‍റെ പ്രകടനം കാണുന്നത്. മജീഷ്യന്‍റെ കൂടെ മകൾ സുഹാസിനിയെ കണ്ടപ്പോൾ ദീപാങ്കുരന് ഇഷ്ടമായി. പിന്നീട് മഹേന്ദ്രന്‍റെ മാജിക് എവിടെയുണ്ടോ, അവിടെ ദീപാങ്കുരൻ കാണും. സുഹാസിനിയെ കാണുക എന്നതാണ് ലക്ഷ്യം.

ദീപാങ്കുരന്‍റെ തുടർച്ചയായുള്ള വരവ് മഹേന്ദ്രൻ ശ്രദ്ധിക്കാൻ തുടങ്ങി. ഒരു പ്രത്യേക സാഹചര്യത്തിൽ ദീപാങ്കുരൻ മാജിക് പഠിക്കാൻ മഹേന്ദ്രന്‍റെ സംഘത്തിൽ ചേരുന്നു. അങ്ങനെ സുഹാസിനിയുമായി അടുപ്പത്തിലായി. ഒരിക്കൽ ഇവരുടെ പ്രണയം നേരിട്ടു കാണുന്ന മഹേന്ദ്രൻ ദീപാങ്കുരനെ അവിടെ നിന്നും പുറത്താക്കി.


പിന്നീട് ദീപാങ്കുരനെ ആരും കണ്ടില്ല. ഒരിക്കൽ പ്രൊഫസർ ഡിങ്കൻ എന്ന പേരിൽ ഗ്രൗണ്ടിൽ തികച്ചും പുതുമയാർന്ന മാജിക് പ്രകടനം ഒരാൾ കാഴ്ചവയ്ക്കുന്നു. അതു മറ്റാരുമായിരുന്നില്ല, ദീപാങ്കുരൻ തന്നെയായിരുന്നു. പിന്നീട് മഹേന്ദ്രനെ തോല്പിച്ച് സുഹാസിനിയെ സ്വന്തമാക്കാൻ ദീപാങ്കുരൻ നടത്തുന്ന ശ്രമങ്ങളും അതിനിടയിൽ സംഭവിക്കുന്ന രസകരമായ മുഹൂർത്തങ്ങളുമാണ് പ്രൊഫസർ ഡിങ്കൻ എന്ന ചിത്രം ദൃശ്യവത്കരിക്കുന്നത്.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലാദ്യമായി നിശ്ചല ഛായാഗ്രഹണവും ത്രിഡിയിൽ ചിത്രീകരിക്കുന്ന സിനിമകൂടിയാണ് പ്രൊഫസർ ഡിങ്കൻ. സ്റ്റിൽ ഫോട്ടോഗ്രാഫർ ആർ. ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിൽ പത്തോളം പേർ അതിനായി ഈ സിനിമയിലുണ്ട്. തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിന്‍റെ സ്വിച്ച് ഓണ്‍ കർമ്മം ലോക്നാഥ് ബഹ്റ ഡിജിപി നിർവഹിച്ചു.

ന്യു ടിവിയുടെ ബാനറിൽ സനൽതോട്ടം നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ സ്റ്റീരിയോഗ്രാഫർ കെ.പി നന്പ്യാതിരിയാണ്. മലയാളത്തിലാദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തന്‍റെയും കാമറയും മറ്റും കൈകാര്യം ചെയ്തത് കെ.പി നന്പ്യാതിരിയാണ്. റാഫിയാണ് ചിത്രത്തിനു തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ബി.കെ ഹരിനാരായണന്‍റെ വരികൾക്കു ഗോപി സുന്ദർ ഈണം പകരുന്നു.

എ.എസ്. ദിനേശ്